റമദാൻ മാസത്തിൽ നോമ്പെടുക്കുന്നവർ നോമ്പ് തുറക്കുന്ന സമയത്ത് പച്ചക്കറികളും പഴവർഗങ്ങളും കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുക. മത്സ്യവും മാംസവും കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കി അതുകൊണ്ട് നോമ്പ് തുറക്കുന്നവരുണ്ട്. എന്നാൽ അത് ആരോഗ്യകരമായ ശീലമല്ല. നോമ്പ് തുറക്കുന്ന സമയത്ത് അമിതമാര ആഹാരം കഴിയ്ക്കുന്നത് ദഹനപ്രക്രീയയെ ബാധിക്കുന്നു. വറുത്തതും പൊരിച്ചതും ദഹിക്കാൻ ഏറെ സമയം ആവശ്യമുള്ളതുമായ ഭക്ഷണങ്ങൾ നോമ്പ് തുറക്കുന്ന സമയത്ത് ഒഴിവാക്കുക. പച്ചക്കറികൾ പഴങ്ങൾ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ എന്നിവ തുടക്കത്തിൽ കഴിയ്ക്കുക. പിന്നീട് രണ്ടോ മൂന്നോ മണിക്കൂർ ഇടവിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം മിതമായ കണക്കിന് കഴിയ്ക്കാവുന്നതാണ്.
പഴവും പച്ചക്കറികളും ഉപയോഗിച്ച് നോമ്പ് തുറക്കുന്നവർ ഇന്ന് ധാരാളമുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളെയാണ് കേരളം കൂടുതലായും ആശ്രയിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനവും കീടനാശിനി തളിച്ചെത്തുന്ന പച്ചക്കറികളും പഴവർഗങ്ങളുമാണ്. കഴിവതും ജൈവപച്ചക്കറികൾ ഉപയോഗിക്കുന്നതാണ് ശരീരത്തിന് ഉത്തമം. അല്ലാത്തപക്ഷം നിങ്ങൽ കഴിയ്ക്കുന്ന പച്ചക്കറികൾ കല്ലുപ്പിട്ട വെള്ളത്തിൽ 20-30 മിനിറ്റ് ഇട്ട് വെച്ചതിന് ശേഷം ഭക്ഷിക്കാവുന്നതാണ്. കല്ലുപ്പ് കിട്ടാൻ ബുദ്ധിമുട്ടുള്ളവർക്ക് മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ പച്ചക്കറി 20 മിനിറ്റോളം ഇട്ട് വെക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ പച്ചക്കറികളിലെയും പഴങ്ങളിലേയും വിഷാംശം 90 ശതമാനവും കളയാൻ സാധിക്കുന്നു. ശുദ്ധമായ ആരോഗ്യകരമായ ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ നോമ്പ് തുറക്കാവുന്നതാണ്.
നിരവധി വ്യാജ വാർത്തകൾ ഇന്ന് സൈബർ ലോകത്ത് പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ഉപവാസം കഴിഞ്ഞ് ചെറുനാരങ്ങാ നീര് കഴിയ്ക്കുന്നത് ദോഷകരമാണോയെന്ന ചർച്ചകൾ. നോമ്പ് തുറക്കുന്ന സമയത്ത് ആദ്യം ശുദ്ധജലം കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ശേഷം നാരങ്ങാവെള്ളം കുടിയ്ക്കാവുന്നതാണ്. നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ അത് ശരീരത്തിന് ഹാനികരമാണോയെന്നാണ് പലരുടെയും സംശയം. എന്നാൽ ഇത് വീര്യം കുറഞ്ഞ ആസിഡാണ്. അതുപോലെ തന്നെ നാരങ്ങയിൽ ധാരാളം വിറ്റമിനുകളും അടങ്ങിയിരിക്കുന്നു. അതിനാൽ നാരങ്ങാവെള്ളം കുടിയ്ക്കുന്നത് കൊണ്ട് മറ്റു ദോഷങ്ങളൊന്നും ഉണ്ടാകുന്നില്ല. നോമ്പ് തുറക്കുന്ന സമയങ്ങളിൽ മാത്രമല്ല അല്ലാത്തപ്പോഴും നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് ഗുണകരമാണ്. രാവിലെ വെറും വയറ്റിൽ അൽപം വെള്ളം കുടിച്ചശേഷം ചെറുചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് കഴിയ്ക്കുന്നത് ദഹനപ്രക്രീയയ്ക്ക് ഗുണകരമാണ്.ഉപ്പും പഞ്ചസാരയും നാരങ്ങാവെള്ളത്തിൽ ചേർത്ത് കുടിയ്ക്കുന്നവരുണ്ട്. എന്നാൽ അതിന്റെ ആവശ്യമില്ല. അല്ലാതെ നാരങ്ങാനീര് വെള്ളത്തിൽ ചേർത്ത് കുടിയ്ക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദ്ഗധർ പറയുന്നു.
ശരീരത്തെയും ആരോഗ്യത്തെയും സംബന്ധിച്ച സംശങ്ങൾക്കുള്ള ഉത്തരങ്ങൾ സോഷ്യൽ മീഡിയകളിലൂടെ കണ്ടെത്താനാവില്ല. വിദഗ്ധ ഡോക്ടർമാരുടെ നിർദേശങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്.
ഉപ്പ്
നാവിന് രുചി പകരുന്ന രണ്ട് ചേരുവകളാണ് ഉപ്പും പഞ്ചസാരയും. ഇവയുടെ ഉപയോഗം അമിതമായാൽ ശരീരത്തിന് ഏറെ ദോഷം ചെയ്യും. നാം കഴിയ്ക്കുന്ന എല്ലാ ഭക്ഷണങ്ങളിലും ഉപ്പ് അടങ്ങിയിരിക്കുന്നു. പാകം ചെയ്യുമ്പോൾ ചേർക്കുന്നതിന് പുറമേയാണിത്. ഒരു ദിവസം ശരാശരി ഒരു മനുഷ്യൻ കഴിയ്ക്കേണ്ടുന്ന ഉപ്പിന്റെ അംശം 3.5 മുതൽ 5 ഗ്രാം വരെയാണ്. ഇനി ഒന്ന് ചിന്തിച്ചുനോക്കൂ.. ഓരോ തവണയും നാം എത്രമാത്രം ഉപ്പാണ് വിഭവങ്ങൾക്കുമേൽ തൂവുന്നത്.. അച്ചാർ,ചമന്തി, ഉപ്പിലിട്ട ഭക്ഷണങ്ങൾ, ഉണക്കമീൻ, പപ്പടം എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താതിരിക്കുക. അൽപം കഴിയ്ക്കാമെന്ന് ചിന്തിക്കുന്നവർക്ക് വീണ്ടും കഴിയ്ക്കാനുള്ള പ്രേരണ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരം ആഹാരങ്ങൾ ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ പ്രഷർ, ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം. ബ്ലഡ് പ്രഷർ ഉളള കുടുംബങ്ങളിലെ കുട്ടികൾക്ക് ബിപി വരാതിരിക്കാനും ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാവുന്നതാണ്. അച്ചാറിനോട് പ്രണയമുള്ളവരാണ് പലരും. എന്നാൽ അതിലടങ്ങിയിരിക്കുന്ന ഉപ്പിന്റെ അംശം വളരെ കൂടുതലാണ്.
പ്രഷർ മാത്രമല്ല, വ്യക്കകളെ ബാധിക്കുന്ന പല രോഗങ്ങൾക്കും കാരണം ശരീരത്തിലെ അമിതമായ ഉപ്പിന്റെ സാന്നിധ്യമാണ്. ഇന്ന് നാം കാണുന്ന ഭക്ഷണങ്ങളിൽ പ്രത്യേകിച്ചും ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ഇൻസ്റ്റന്റുകൾ എന്നിവയിലെല്ലാം വേണ്ടതിലധികം ഉപ്പ് അടങ്ങിയിരിക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ നിന്ന് പാടെ ഒഴിവാക്കുക. ഉപ്പ് കഴിയ്ക്കാതിരിക്കുന്നതുകൊണ്ട് അപൂർവ്വമായി മാത്രമേ രോഗങ്ങൾ ഉണ്ടാകൂ. എന്നാൽ ഉപ്പിന്റെ അളവ് കൂടിയാൽ രോഗങ്ങൾ ഒപ്പം കൂടുമെന്ന കാര്യത്തിൽ സംശയം വേണ്ട.