ജോലിയിലെ സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും ഇന്ന് ഒരു ജീവിതരീതി തന്നെയായി മാറിക്കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ചിന്തകളെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാത്തതാണ് ഇതിനു പ്രധാന കാരണം. ജോലിസ്ഥലത്തെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മൈഗ്രേന്, ഉറക്കമില്ലായ്മ, ദഹനമില്ലായ്മ, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ് പല പ്രൊഫഷണലുകളും. ദിവസേനയുള്ള മീറ്റിങ്ങുകളും, ഡെഡ്ലൈനുകളും, ജോലി സ്ഥിരതയെക്കുറിച്ചുള്ള പേടിയും, ഉറക്കക്കുറവും, അസുഖകരമായ ബന്ധങ്ങളും ഭാവിയില്‍ നിങ്ങളുടെ ജീവിതത്തിന്റെ നിലവാരം മോശമാക്കിയേക്കും. ജോലിയില്‍ ഉല്ക്കണ്ഠയ്ക്കോ മറ്റു മാനസിക പ്രയാസങ്ങള്‍ക്കോ ഇരയായിത്തീരാതെ തുടക്കത്തില്‍ത്തന്നെ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
ജോലി സ്ഥലത്തെ ഉല്‍ക്കണ്ഠയെ അതിജീവിക്കാനുള്ള ആറു മാര്‍ഗങ്ങള്‍.
- മെഡിറ്റേഷന്‍ ദിനചര്യയാക്കുക
മെഡിറ്റേഷനും യോഗയും ദിനചര്യയാക്കുന്നവര്ക്ക് സമ്മര്‍ദ്ദമോ മറ്റു ആകുലതകളോ കുറവായിരിക്കുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. ആവശ്യമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാനും ആവശ്യമില്ലാത്തതിനെ ഒഴിവാക്കാനും മെഡിറ്റേഷന്‍ നിങ്ങളെ സഹായിക്കും. ജോലിയിലോ ജീവിതത്തിലോ എത്ര വലിയ പ്രശ്നങ്ങളുണ്ടായാലും മാനേജ് ചെയ്യാന്‍ കഴിയുന്നു.
- നിങ്ങളുടെ പരിധി തിരിച്ചറിയുക
പാലിക്കാന്‍ കഴിയാത്തവ ഏറ്റെടുക്കരുത്. അതിന് ആദ്യം വേണ്ടത് നിങ്ങളുടെ പരിധിയെക്കുറിച്ചുള്ള തിരിച്ചറിവാണ്. ഏറ്റെടുത്ത ജോലി പറഞ്ഞ സമയത്തുതന്നെ ചെയ്തു കൊടുക്കുക. ഡെഡ്ലൈന് പാലിക്കാതെ വരുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളെക്കുറിച്ച് മോശം അഭിപ്രായം രൂപപ്പെടും. അതിനാല്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള സമയപരിധി മാത്രമേ ഉറപ്പുകൊടുക്കാവൂ.
- ഇടവേളകള്‍ റിലാക്സ് ചെയ്യാന്‍ ഉപയോഗിക്കുക
ജോലിക്കിടയിലെ ഇടവേളകള്‍ നന്നായി ഉപയോഗിക്കുക. പുകവലിക്കാനോ കോഫി കുടിക്കാനോ മാത്രമായി ഇടവേളകളെ പരിമിതപ്പെടുത്തരുത്. ശുദ്ധവായു ശ്വസിക്കാനും, നന്നായി ശ്വാസമെടുക്കാനും, ശരീരം സ്ട്രച്ച് ചെയ്യാനും സഹപ്രവര്‍ത്തകരോട് തമാശകള്‍ പങ്കുവെക്കാനും ചിരിക്കാനുമൊക്കെയായി ഈ സമയം വിനിയോഗിക്കുക.
- നന്നായി പ്ലാന്‍ ചെയ്ത് മുന്‍ഗണന നിശ്ചയിക്കുക
നന്നായി സമയ ക്രമീകരണം ചെയ്യുന്നവരാണ് ജീവിതത്തില്‍ വിജയിച്ചവരൊക്കെയും. വ്യക്തി ജീവിതവും തൊഴില്‍ ജീവിതവും നല്ലരീതിയില്‍ മുന്‍പോട്ടു കൊണ്ടുപോകാന്‍ രണ്ടിനെയും വേര്‍തിരിച്ചു നിര്‍ത്തുകയും കൃത്യമായി ആസൂത്രണം ചെയ്യുകയും വേണം. മുന്‍ഗണനയനുസരിച്ച് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുകയും നിങ്ങളുടെ ഇഷ്ടങ്ങള്‍ നടത്താനുള്ള സമയം കണ്ടെത്തുകയും വേണം. എങ്കില്‍ മാത്രമേ നിങ്ങള്‍ റിലാക്സായിരിക്കുകയും ജീവിതത്തില്‍ എല്ലാ കാര്യത്തിനും സമയം ലഭിക്കുകയും ചെയ്യുകയുള്ളൂ.
- അപകടകരമായ ഭക്ഷണത്തില്‍ നിന്നും ആളുകളില്‍ നിന്നും അകന്നുനില്ക്കുക
മോശം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഉദാഹരണത്തിന് അഡ്രിനാലിനും കോര്‍ട്ടിസോളും അടങ്ങിയ ഭക്ഷണവസ്തുക്കള്‍ അകറ്റിനിര്‍ത്തുന്നത് നല്ലതാണ്. കഫീന്‍ അടങ്ങിയ പാനീയങ്ങളും സംസ്ക്കരിച്ച ഭക്ഷണ വസ്തുക്കളും ഉപേക്ഷിക്കുക. ഇവയ്ക്ക് സമ്മര്‍ദ്ദത്തെ അധികരിക്കാനുള്ള ശേഷിയുണ്ട്. പകരം ധാന്യങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കാം
അതുപോലെ തന്നെ പ്രധാനമാണ് അപകടകരമായ ആളുകളില്‍ നിന്ന് അകന്നുനില്ക്കുന്നതും. നിങ്ങളെ അസ്വസ്ഥമാക്കുന്ന രീതിയില്‍ സംസാരിക്കുന്നവര്‍, ഗോസിപ്പുകളുമായി വരുന്നവര്‍ അങ്ങനെ നമ്മുടെ മൂഡിനെ മോശമായി ബാധിക്കുന്ന മനുഷ്യരോട് അകലം പാലിക്കുക.
- നിങ്ങളോടും മറ്റുള്ളവരോടും അനുകമ്പയോടെ പെരുമാറുക
വിമര്‍ശനങ്ങളെ യുക്തിപൂര്‍വം നേരിടുക. വിമര്‍ശനങ്ങളെ നിങ്ങളുടെ ജോലിയുടെ നിലവാരത്തെ ഉയര്‍ത്താന്‍ സഹായിക്കുന്ന കാരണങ്ങളായി കാണുക. വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കുകയോ അതിന്റെ പേരില്‍ വിഡ്ഢിത്തങ്ങള്‍ ചെയ്യുകയോ അരുത്.
നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയ ആളുടെ ഭാഗത്തുനിന്നു കൂടി ചിന്തിക്കാന്‍ ശ്രമിക്കുക. ഇത് വളരെ പ്രയോജനപ്പെടുന്ന ഒരു ടെക്നിക്കാണ്.
ഉല്‍ക്കണ്ഠ പലപ്പോഴും ഒരു സ്വയം നിര്‍മ്മിത പ്രശ്നമാണ്. നിങ്ങളിലും നിങ്ങളുടെ കഴിവിലും വിശ്വാസമുണ്ടായിരിക്കുക എന്നതാണ് അതിനെ പ്രതിരോധിക്കാനുള്ള പ്രധാന വഴി. ഉല്‍ക്കണ്ഠയെ കീഴടക്കാന്‍ നിങ്ങളുടെ മനസ്സാന്നിധ്യത്തിന് കഴിഞ്ഞാല്‍ അത് നിങ്ങളുടെ തൊഴില്‍ ജീവിതം മാത്രമല്ല വ്യക്തി ജീവിതവും മനോഹരമാക്കും.