ജോലിയില്‍ മാത്രം ശ്രദ്ധിച്ച് ആരോഗ്യവും സന്തോഷവും മാറ്റിവെക്കുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. പണം സമ്പാദിക്കുന്നതിന്റെ തിരക്കില്‍ പലപ്പോഴും അവര്‍ തങ്ങളുടെ ആരോഗ്യത്തെ ശ്രദ്ധിക്കാറില്ല. എന്നാല്‍, ഇത്തരം അവസ്ഥകള്‍ വലിയ മാനസിക-ശാരീരിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഡെഡ് ലൈന്‍ അനുസരിച്ച് ജോലി ചെയ്യുന്നവര്‍ക്ക് കൃത്യമായി ഉറങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. ഇത്തരക്കാരില്‍ ആകാംഷ അധികമായിരിക്കും. അതുപോലെ തന്നെ മാനസിക പിരിമുറുക്കം പോലെയുള്ള അവസ്ഥകളും കണ്ടു വരുന്നു. ജോലിയോടൊപ്പം തന്നെ നിങ്ങളുടെ ശരീരത്തിന്റെയും മനസിന്റേയും ആരോഗ്യം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇവ മാറ്റിവെക്കുന്നതിലൂടെ ഹെപ്പര്‍ടെന്‍ഷന്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ പിടികൂടാന്‍ ഏറെ സാധ്യതയുണ്ട്.
കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ അധ്വാനം ചെയ്ത് തീര്‍ക്കുന്ന ജോലികളും, ഉറക്കം നഷ്ടപ്പെടുത്തി ചെയ്യുന്ന പ്രസന്റേഷനുകളുമെല്ലാം നിങ്ങളുടെ കരിയറിലോ സ്കൂളിലോ നിങ്ങള്‍ക്ക് മികച്ച നേട്ടം തന്നേക്കാം. എന്നാല്‍, ജീവിതത്തില്‍ പ്രത്യേകിച്ച് ആരോഗ്യ കാര്യത്തില്‍ നിങ്ങള്‍ കാണിക്കുന്ന അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടതായി വരും. ആരോഗ്യവും സന്തോഷവും മാറ്റിവെക്കുന്നതിലൂടെ നിരവധി പ്രശ്നങ്ങളാണ് ഇക്കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ആരോഗ്യത്തെ കുറിച്ചുള്ള ചിന്ത മാറ്റിവെച്ചാലുള്ള പ്രശ്നങ്ങള്‍
പ്രധാനമായും ജോലിയെ കുറിച്ചല്ലാതെ മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാത്തവരില് കണ്ടു വരുന്ന പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങളാണ്- മാനസിക പിരിമുറുക്കവും സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും. ഇവ രണ്ടും ഒരാളുടെ ആരോഗ്യത്തെയും മാനസിക ഉല്ലാസത്തേയും കാര്യമായി ബാധിക്കും. പിന്നീട് വിഷാദം പോലുള്ള സങ്കീര്‍ണമായ പ്രശ്നങ്ങളില്‍ കൊണ്ടെത്തിക്കുന്നു.
മാനസിക പിരിമുറുക്കം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍
ആരോഗ്യ ചിന്തകള്‍ മാറ്റിവെക്കുന്നതും മാനസിക പിരിമുറുക്കവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഡെഡ്ലൈന് വെച്ച് ജോലികള്‍ തീര്‍ക്കുന്നതും, മറ്റു ജോലികള്‍ക്കായി ആരോഗ്യം നോക്കാതെ കൂടുതല്‍ സമയം ചെലവഴിക്കുന്നതുമെല്ലാം മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കുന്നു, ഇത്തരക്കാരില്‍ ആകാംഷ വളരെ കൂടുതലായിരിക്കും. നിരവധി രോഗങ്ങള്‍ക്കും മാനസിക പിരിമുറുക്കം കാരണമായേക്കാം. രക്ത സമ്മര്‍ദം ഉയരുക, തലവേദന, നടുവിന് വേദന, പനി, തൊണ്ട വേദന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ അനന്തര ഫലങ്ങളാണ്. അവനവനെ കുറിച്ച് ഒരു മതിപ്പുണ്ടാകാതിരിക്കുന്നത്, ആത്മ ബോധം നഷ്ടപ്പെടുന്നതും മറ്റൊരു പ്രശ്നമാണ്. ഇത്തരക്കാരില്‍ മദ്യപാനം, പുകവലി എന്നിവയുടെ ഉപഭോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
മാനസിക പിരിമുറുക്കം മറ്റു രീതികളിലും ശരീരത്തെ ബാധിക്കും
ഉറക്കം
ആരോഗ്യ ചിന്തകള്‍ മാറ്റിവെക്കുന്നവരില് ഉറക്കം വളരെ കുറവുള്ളതായാണ് കാണുന്നത്. പലര്‍ക്കും കിടക്കയില്‍ കിടന്ന മാത്രയില്‍ ഉറക്കം വരില്ല. ഏറെ നേരം കഴിഞ്ഞ് ഉറങ്ങിയാലും ആ ഉറക്കത്തിന് വലിയ ആയുസ് ഉണ്ടാകില്ല. പെട്ടെന്ന് ചാടിയെഴുന്നേറ്റേക്കാം. അല്ലെങ്കില്‍, രാവിലെ എഴുന്നേല്ക്കുമ്പോള് ക്ഷീണം അനുഭവപ്പെടാം. ചിലര്‍ രാത്രികാലങ്ങളില്‍ ഉറക്ക ഗുളികകളുടെ സഹായത്തോടെയാണ് കിടന്നുറങ്ങുന്നത്. മാനസിക പിരിമുറുക്കം ഉറക്കത്തെ കാര്യമായി ബാധിക്കാറുണ്ട്.
ഹൃദയസംബന്ധരോഗങ്ങളും ഹൈപ്പര്‍ടെന്‍ഷനും
ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കാത്തവര്‍ക്ക് ഹൈപ്പര്ടെന്ഷന് ഹൃദ്രോഗം എന്നിവ വരാന്‍ സാധ്യത ഏറെ കൂടുതലാണ്. കാരണം ജോലിയെ കുറിച്ചുള്ള ടെന്‍ഷനും മാനസിക പിരിമുറുക്കവും ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും മറ്റു മാനസിക പ്രശ്നങ്ങളും ഇത്തരക്കാരെ ബാധിക്കുന്നു. ഓരോ ദിവസവും കഴിയുന്തോറും അന്തര്മുഖന്മാര് ആവുകയും തങ്ങളോട് തന്നെ ആദരവില്ലാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.
പ്രതിരോധ ശക്തിയും ആരോഗ്യവും
ജോലികളില്‍ മാത്രം ശരീരവും മനസും കേന്ദ്രീകരിച്ചിരിക്കുന്നവര്ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. ഇത്തരക്കാരുടെ ജീവിതശൈലിയില്‍ വരെ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. കൃത്യമായി ഭക്ഷണം കഴിയ്ക്കാനോ, വ്യായാമം ചെയ്യാനോ, കൃത്യസമയത്ത് ഉറങ്ങാനോ ഇത്തരക്കാര്‍ക്ക് സാധിക്കില്ല. ഇതു ഇവരുടെ ആരോഗ്യത്തെയും പ്രതിരോധ ശേഷിയേയും കാര്യമായി ബാധിക്കുന്നു. രോഗം വന്നാല്‍ പോലും ഇവര്‍ ആശുപത്രികളില്‍ പോകാനോ ചെക്കപ്പുകള്‍ നടത്താനോ മരുന്ന് വാങ്ങാനോ ശ്രമിക്കാറില്ല.
ഏറെ ഉത്തരവാദിത്തമുളള ജോലികള്‍ ചെയ്യുന്നവരിലും മാനസിക പിരിമുറുക്കം കണ്ടുവരാറുണ്ട്. കുട്ടികള്‍ ടെസ്റ്റ് പേപ്പര്‍ പ്രോജക്ട് എന്നിവ അവസാന നിമിഷങ്ങളില്‍ ഇരുന്ന് ചെയ്യുമ്പോള്‍ അവരുടെ ശരീരത്തില്‍ കോര്ടിസോള് ഹോര്‍മോണിന്റെ ഉത്പാദനം വര്‍ധിക്കുന്നു. പിരിമുറുക്കം കൂടുന്നതോടെ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കൂടുന്നു. കോളേജ് കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് മുന്നോടിയായി പ്രോജക്ടുകള്‍ വെക്കുന്ന സമയത്തും, പരീക്ഷകള്‍ അടുക്കുമ്പോഴും ഇത്തരത്തില്‍ മാനസിക പിരിമുറുക്കവും ആരോഗ്യ പ്രശ്നങ്ങളും കണ്ടു വരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
മാനസികമായി അവനവനെ കുറിച്ച് മതിപ്പില്ലാത്തക്കാനും, ആകാംഷ വര്‍ധിക്കുന്നതിനും വിഷാദമോ, വിഷാദ രോഗങ്ങളിലേക്കോ ആളുകളെ കൊണ്ടെത്തിക്കുന്നതിലും ഇത്തരം മാനസിക വിഷമങ്ങള്‍ കാരണമായേക്കാം.
നമുക്ക് നല്‍കേണ്ട മുന്‍ഗണന എന്തിനാണ് മാറ്റിവെക്കുന്നത്?
അവസാന നിമിഷങ്ങളിലേക്ക് ജോലികള്‍ മാറ്റിവെക്കുന്നത്, തോല്‍ക്കുമോ എന്ന ഭയം, ജയിച്ചേ തീരൂ എന്ന വാശി, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെയാവുന്ന അവസ്ഥ എന്നീ അവസരങ്ങളിലാണ് തന്നെ തന്നെ മറന്ന് ആളുകള്‍ ജോലിയില്‍ മുഴുകുന്നത്, ഇത് ശാരീരിക മാനസിക പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നു. പലപ്പോഴും കൃത്യമായി ജോലിചെയ്യാന്‍ കാണിക്കുന്ന മടിയാണ് ഇത്തരം പ്രശ്നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണം.
എന്താണ് ചെയ്യാന്‍ സാധിക്കുക
സമയബന്ധിതമായി ചെയ്ത് തീര്‍ക്കേണ്ട ജോലികള്‍ അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ കൃത്യമായി ചെയ്യുക. സമയം ഇനിയുമുണ്ടല്ലോ എന്ന ചിന്തയാണ് പലപ്പോഴും ജോലികള്‍ക്ക് തടസമാകുന്നത്. ഈ മനോഭാവം മാറ്റിവെച്ച് കഴിയുന്ന വേഗത്തില്‍ ജോലികള്‍ തീര്‍ക്കാന്‍ ശ്രമിക്കുക. ഡെഡ്ലൈന് ഒരു മാസം കൂടിയുണ്ടെങ്കില്‍ ഒരാഴ്ച എന്ന് കണക്കാക്കി ജോലികള്‍ ചെയ്ത് തീര്‍ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ജോലി സംബന്ധമായ പ്രശ്നങ്ങളൊന്നും നിങ്ങളെ അലട്ടില്ല. ആയാസകരമായി ജോലി ചെയ്യുന്നതായും തോന്നില്ല. നിങ്ങളുടെ ജോലിയുടെ ഒരു ഭാഗം സുഹൃത്തിനെ ഏല്‍പ്പിക്കാവുന്നതുമാണ്. ഇതും നിങ്ങളുടെ ജോലിയുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
നിങ്ങളെ തോല്‍പ്പിച്ചുകൊണ്ട്, സ്വന്തം ആരോഗ്യം നശിപ്പിച്ചുകൊണ്ട് നിങ്ങള്‍ എന്ത് ചെയ്താലും അതൊരിക്കലും നിങ്ങളുടെ വിജയമായിരിക്കില്ല എന്ന ഓര്‍മ്മ എപ്പോഴും ഉണ്ടായിരിക്കണം. അതിനാല്‍ മറ്റെല്ലാം മറന്നുള്ള ജോലി നിങ്ങളെ തന്നെ മറക്കാന്‍ കാരണമായേക്കാം.