എയ്ഡ്സിനെ കുറിച്ചുള്ള അബദ്ധ ധാരണകളാണ് നമുക്ക് ചുറ്റും. എയ്ഡ്സ് രോഗികളുടെ കൂടെ കിടന്നാലോ അവര്‍ ഉപയോഗിച്ച ഗ്ലാസില്‍ വെള്ളം കുടിച്ചാലോ മതി എയ്ഡ്സ് വരാന്‍ എന്നാണ് പലരും കരുതുന്നത്. ഫലമെന്താ, എയ്ഡ്സ് രോഗികള്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുന്നു. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കഥകളാണ് എയ്ഡ്സിനെ കുറിച്ച് പരക്കുന്നത്. എച്ച് ഐ വി അഥവാ ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് എയ്ഡ്സ്.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിലൂടെയും രോഗബാധിതനായ വ്യക്തിയുടെ രക്തം സ്വീകരിക്കുന്നതിലൂടെയും ഗര്‍ഭിണിയില്‍ നിന്നും കുഞ്ഞിലേക്കുമാണ് രോഗം പകരുന്നത്. ഗര്‍ഭ കാലത്തോ പ്രസവ സമയത്തോ പാലൂട്ടുന്ന സമയത്തോ ആയിരിക്കും രോഗ ബാധിതയായ അമ്മയില്‍ നിന്നും വൈറസ് കുഞ്ഞിലേക്ക് പ്രവേശിക്കുന്നത്. അണു വിമുക്തമാക്കാത്ത സിറിഞ്ച് ഉപയോഗിച്ചുള്ള കുത്തിവയ്പ്പ് മൂലവും രോഗം പകരാം.
ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ക്രമേണ വ്യക്തിയുടെ രോഗ പ്രതിരോധ ശേഷി നശിക്കാന്‍ തുടങ്ങും. രോഗ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ രോഗി പലതരം മാരക രോഗങ്ങള്‍ക്ക് അടിമയായി മാറുന്നു. ഇതിനെയാണ് എയ്ഡ്സ് എന്ന് പറയുന്നത്.
ഇന്ത്യയില്‍ മിക്കവാറും എയ്ഡ്സ് രോഗബാധിതര്‍ തകര്‍ന്നു പോകുന്നത് ക്ഷയ രോഗം മൂലമാണ്. ചില കേസുകളില്‍ ഫംഗസ് അണുബാധയും കാണാറുണ്ട്. രോഗ ബാധിതനായ വ്യക്തിയില്‍ വിട്ടു മാറാത്ത പനി, വയറിളക്കം, വിശപ്പില്ലായ്മ, ശരീര ഭാരം കുറയുക എന്നീ ലക്ഷണങ്ങളാണ് കണ്ടു വരുന്നത്. ചിലര്‍ക്ക് രോഗം വഷളാകുന്നത് വരെ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണാറില്ല. ചില രോഗികളില്‍ ശ്വാസകോശ അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. ഉദര സംബന്ധമായ രോഗങ്ങളും മസ്തിഷ്ക സംബന്ധിയായ പ്രശ്നങ്ങളും ചിലപ്പോള്‍ കണ്ടു വരാറുണ്ട്.
എലിസ ടെസ്റ്റിലൂടെ രോഗം നേരത്തെ തിരിച്ചറിയാന്‍ സാധിക്കും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇത് സൗജന്യമായി ചെയ്യാന്‍ സാധിക്കും. പരിശോധനയ്ക്ക് ശേഷം രോഗം എത്ര മാത്രം തീവ്രമായെന്ന് കണ്ടെത്താവുന്നതാണ്.
എലിസ ടെസ്റ്റിന്റെ പ്രധാന പ്രശ്നം വിന്‍ഡോ പിരീഡില്‍ രോഗം നിര്‍ണയിക്കുക അസാധ്യമാണ് എന്നതാണ്. വിന്‍ഡോ പിരീഡ് എന്നത് എയ്ഡ്സ് രോഗത്തിന്റെ ആദ്യ ഘട്ടമാണ്. ഈ ഘട്ടത്തില്‍ രോഗാണുക്കളെ തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് കാര്യം. ഹ്യൂമന്‍ ഇമ്യൂണോ വൈറസ് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഇവയെ പ്രതിരോധിക്കാനായി ശരീരത്തില്‍ ആന്റി ബോഡികള്‍ രൂപം കൊള്ളും. ഇത്തരത്തില്‍ ആന്‍ റിബോഡികള് രൂപപ്പെടാനായി 45 മുതല്‍ 90 ദിവസങ്ങള്‍ വരെ വേണ്ടി വരും. ഈ സമയത്ത് എലിസ ടെസ്റ്റ് ചെയ്താല്‍ ഫലം നെഗറ്റീവ് ആകും.
പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും രോഗം മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത വിന്‍ഡോ പിരീഡിലുണ്ട്. എന്നാല്‍ എന്‍.എ.ടി എന്ന പുതിയ രക്ത പരിശോധനാ സംവിധാനത്തിലൂടെ വിന്‍ഡോ പിരീഡിലും രോഗ നിര്‍ണയം നടത്താവുന്നതാണ്.
എച്ച്ഐവി ബാധ ഉള്ള വ്യക്തികള്‍ ജീവിത കാലം മുഴുവന്‍ കൃത്യമായി മരുന്ന് കഴിക്കണം. രോഗത്തെ പിടിച്ചു നിര്‍ത്താന്‍ മരുന്ന് കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇങ്ങനെ ചെയ്താല്‍ എയ്ഡ്സ് രോഗികള്‍ക്ക് സാധാരണ മനുഷ്യരെ പോലെയുള്ള ജീവിതം സാധ്യമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗത്തെ പറ്റിയുള്ള തെറ്റായ വിശ്വാസങ്ങളാണ് പലരും വെച്ച്
പുലര്‍ത്തുന്നത്. രോഗത്തെ സംബന്ധിച്ച് കൃത്യമായ ധാരണകള്‍ ഉണ്ടാകേണ്ടത് എയ്ഡ്സ് രോഗിയുടെ മാനസിക-സാമൂഹിക ആരോഗ്യത്തിന് അത്യാവശ്യമാണ്.
എയ്ഡ്സ് ഇങ്ങനെ പകരില്ല
കണ്ണുനീര്, വിയര്‍പ്പ്, സ്പര്‍ശം എന്നിവയിലൂടെ എയ്ഡ്സ് പകരും എന്നത് തീര്‍ത്തും തെറ്റാണ്. രോഗിയെ കടിച്ച കൊതുക് കടിക്കുന്നതിലൂടെയോ രോഗി കുളിച്ച പൂളില്‍ കുളിക്കുന്നതിലൂടെയോ ഇത് പകരാറില്ല. പങ്കാളികളില്‍ രണ്ട് പേര്‍ക്കും രോഗം ഉണ്ടെങ്കില്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടതില്ല എന്ന ധാരണയും തെറ്റാണ്. കൃത്യമായ സുരക്ഷ ഇല്ലാതെയുള്ള ലൈംഗിക ബന്ധം പങ്കാളികളില്‍ പരസ്പരം രോഗം കൈമാറ്റം ചെയ്യപ്പെടാന്‍ കാരണമാകുന്നു. ഇത് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. രോഗിയുടെ ഒപ്പം താമസിക്കുന്നതോ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതോ അസുഖം പകരാന്‍ കാരണമാകുന്നില്ല.
എന്നാല്‍ രോഗി ഉപയോഗിച്ച ഷേവിംഗ് ബ്ലേഡ്, ബ്രഷ് എന്നിവ മറ്റാരും ഉപയോഗിക്കാന്‍ പാടില്ല. ഗര്‍ഭിണിയായ സ്ത്രീ മരുന്ന് കൃത്യമായി കഴിച്ചാല്‍ കുഞ്ഞിലേക്ക് വൈറസ് പകരാനുള്ള സാധ്യത കുറയും. എച്ച് ഐ വി ബാധിതനായത് കൊണ്ട് രോഗിയെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് രോഗിയെയും കുടുംബത്തിനെയും മാനസികമായി ബാധിക്കും. അതു കൊണ്ട് തന്നെ ഇതിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ മനുഷ്യരെ പോലെയുള്ള ജിവിതം ഈ രോഗികളും അര്‍ഹിക്കുന്നുണ്ടെന്ന് മറക്കണ്ട.