ഒരു മനുഷ്യന്‍റെ സ്വഭാവത്തെയും പെരുമാറ്റത്തെയും ബാധിക്കുന്ന മനോരോഗമാണ് സ്കിസോഫ്രീനിയ. വിചാര വികാരങ്ങളെ ആകെ മാറ്റിമറിക്കും ഈ രോഗാവസ്ഥ. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകലെയായിരിക്കും സ്കിസോഫ്രീനിയ രോഗിയുടെ ജീവിതം. യുക്തിരഹമായി ചിന്തിക്കാനും ശരിയായി പെരുമാറുവാനും ഇവര്‍ക്ക് കഴിയാറില്ല. ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായും ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും തോന്നുന്നത് സ്കിസോഫ്രീനിയയുടെ ലക്ഷണമാണ്. എന്തിനും ഏതിനും ആക്രോശവും പ്രശ്നവുമായിരിക്കും ഇവര്‍ക്ക്. ചിലപ്പോള്‍ ഒന്നും അറിയാത്തത് പോലെ മിണ്ടാതിരിക്കുകയും ചെയ്യും. ഇങ്ങനെ പലതരം സ്വഭാവങ്ങളുള്ള ഉന്മാദ അവസ്ഥയാണ് സ്കിസോഫ്രീനിയ. സ്ത്രീകളെയും പുരുഷന്മാരെയും ഇത് ബാധിക്കാം. സാധാരണയായി നൂറില്‍ ഒരാള്‍ക്ക് സ്കിസോഫ്രീനിയ കണ്ടു വരുന്നു.
തലച്ചോറിലെ രാസ ഘടകങ്ങളുടെ ഏറ്റക്കുറച്ചിലാണ് സ്കിസോഫ്രീനിയ ഉണ്ടാകുന്നതിന് പിന്നില്‍ എന്നാണ് കണ്ടെത്തല്‍. ഡോപമൈന്‍, ഗ്ലൂട്ടമേറ്റ് എന്നീ തലച്ചോറിലെ രാസ പദാര്‍ത്ഥങ്ങളുടെ അസന്തുലിതാവസ്ഥയാണ് സ്കിസോഫ്രീനിയയുടെ പ്രധാന കാരണമായി പറയപ്പെടുന്നത്. ജനിതകമായ ഘടകങ്ങളും രോഗം വരുന്നതിന് പിന്നിലുണ്ട്. സ്കിസോഫ്രീനിയ ഉള്ള അച്ഛനമ്മമാരുടെ കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ ഗര്‍ഭ കാലത്ത് അമ്മയ്ക്ക് ശരിയായ രീതിയില്‍ പോഷകാഹാരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ കുട്ടിക്ക് സ്കിസോഫ്രീനിയ ഉണ്ടാകാം. ഇതോടൊപ്പം ഗര്‍ഭാവസ്ഥയില്‍ ബാധിച്ച വൈറസ് രോഗങ്ങള്‍, ചെറുപ്പത്തിലുണ്ടായ മോശം അനുഭവങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍, കുടുംബത്തിലെ പ്രശ്നങ്ങള്‍ എന്നിവ മൂലവും അസുഖം വരാം.
ആദ്യ ഘട്ടങ്ങളില്‍ സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങള്‍ മറ്റ് മനോരോഗങ്ങളോട് സാമ്യമുള്ളവ തന്നെയാകും. വിഷാദ രോഗം, ഉത്കണ്ഠ എന്നീ ലക്ഷണങ്ങള്‍ ആണ് ആദ്യം കണ്ടു വരുന്നത്. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒഴിഞ്ഞു മാറുകയും അകന്നു നില്‍ക്കാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യും. അത്പോലെ തന്നെ മുന്‍പ് സന്തോഷത്തോടെ ചെയ്തിരുന്ന കാര്യങ്ങളോടും ഇവര്‍ക്ക് താല്‍പ്പര്യം ഇല്ലാതായേക്കാം. വൃത്തിയായി നടക്കാനുള്ള താല്‍പ്പര്യമൊക്കെ മിക്കവാറും ഇവര്‍ക്ക് നഷ്ടപ്പെടും. രോഗ ബാധിതനായ വ്യക്തി എപ്പോഴും ഇതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചെന്ന് വരില്ല. എന്നാല്‍ എപ്പോഴാണ് ഇവ പുറത്തു വരിക എന്ന് പറയാനും പറ്റില്ല.
സ്കിസോഫ്രീനിയയുടെ പ്രധാന ലക്ഷണമാണ് മതിഭ്രമം. ഇല്ലാത്ത ആളുകളെയും വസ്തുക്കളെയും കാണുകയോ ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. സമീപത്തില്ലാത്ത ഗന്ധങ്ങള്‍ അനുഭവപ്പെടുന്നത് പോലെയും ഇവര്‍ക്ക് തോന്നാം. മിക്കവാറും രോഗികള്‍ തങ്ങളോട് സംസാരിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്ന ചില ശബ്ദങ്ങള്‍ ചുറ്റുമുണ്ടെന്ന് പറയാറുണ്ട്. മിഥ്യാ ബോധവും ഇതിന്‍റെ മറ്റൊരു ലക്ഷണമാണ്. ഒരു കാര്യം യുക്തിരഹമാണെന്ന് തെളിഞ്ഞാലും ഇവര്‍ അതില്‍ അടിയുറച്ച് വിശ്വസിക്കുന്നു. തങ്ങളെ കൊല്ലാന്‍ ആരോ പദ്ധതിയിടുന്നു എന്ന് ഇവര്‍ക്ക് തോന്നിയേക്കാം. എല്ലാവരും തന്നെ കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത് എന്നാകും ഇവരുടെ ഉറച്ച ധാരണ. അതുകൊണ്ട് തന്ന്നെ രോഗി എപ്പോഴും തികഞ്ഞ സംശയാലു ആയിരിക്കും. താന്‍ ലോക പ്രസിദ്ധനായ ഒരു വ്യക്തി ആണെന്ന് പോലും ഇവര്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്.
കൃത്യമായി ചിന്തിക്കാന്‍ കഴിയാതെ വരുന്നു എന്നതാണ് സ്കിസോഫ്രീനിയയുടെ മറ്റൊരു ലക്ഷണം. യുക്തിരഹിതമായി പരസ്പര ബന്ധമില്ലാത്ത രീതിയില്‍ ഇവര്‍ സംസാരിച്ചേക്കും. വിചിത്രമെന്ന് തോന്നുന്ന ആശയങ്ങളാകും ഇവരുടേത്. ദിവസങ്ങളോളം വീട് വിട്ട് പോവുകയോ വീട്ടില്‍ നിന്ന് ഇറങ്ങാതിരിക്കുകയോ ചെയ്യും ഇവര്‍. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ചിരിക്കുകയോ ഗോഷ്ടി കാണിക്കുകയോ ഒക്കെ ചെയ്യാനും സാധ്യതയുണ്ട്. വ്യക്തി ബന്ധങ്ങള്‍ നില നിര്‍ത്താന്‍ ഇവര്‍ക്ക് കഴിയില്ല. ഇതോടൊപ്പം ജോലിയില്‍ ഉത്തരവാദിത്തം കാണിക്കാതെ ഇരിക്കുകയും ജോലി ഉപേക്ഷിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ആത്മഹത്യാ പ്രവണതയും ഇവരില്‍ ഉണ്ടാകാറുണ്ട്. രോഗം വഷളാകുമ്പോള്‍ മിഥ്യാ ബോധവും മതിഭ്രമവും കൂടി വരുന്നു. ചിലപ്പോള്‍ ഇവര്‍ അക്രമാസക്തരാകാനും സ്വന്തം ജീവന് തന്നെ ഭീഷണിയാകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തിരമായി ഒരു മനോരോഗ വിദഗ്ദ്ധന്‍റെ സഹായം തേടേണ്ടതുണ്ട്.
കൃത്യമായ മനോരോഗ ചികിത്സയിലൂടെ സ്കിസോഫ്രീനിയ ഭേദമാക്കാന്‍ കഴിയും. മരുന്നുകളും തെറാപ്പിയും ഉപയോഗിച്ചാണ് പ്രധാനമായും ചികിത്സ നല്‍കുന്നത്. ആന്‍റിസൈക്കോട്ടിക് എന്നറിയപ്പെടുന്ന മരുന്നുകളാണ് ഈ ചികിത്സയ്ക്കായി നല്‍കുന്നത്. ഗുളികകളുടെയും സിറപ്പുകളുടെയും രൂപത്തിലാണ് ഇവ കൊടുത്ത് വരുന്നത്. ഇന്‍ജക്ഷന്‍ രൂപത്തിലും ഇവ നല്‍കി വരാറുണ്ട്. ഇതിനോടൊപ്പം ഇലക്ട്രോ കണ്‍വല്‍സീവ് തെറാപ്പി അഥവാ ഷോക്ക് തെറാപ്പിയും ചെയ്യാറുണ്ട്. ഏകദേശം 40 സെക്കന്‍ഡ് നേരം വൈദ്യുതി കടത്തിവിട്ട് തലച്ചോറിലെ തകരാറുകള്‍ പരിഹരിക്കുന്ന രീതിയാണ് ഇത്. ഇത് തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. മരുന്നുകള്‍ ഫലിക്കാത്തതും കഴിക്കാന്‍ വിഷമമുള്ളതുമായ രോഗികളില്‍ ഇത് ഉപയോഗിച്ചു വരുന്നു. ഇതിനോടൊപ്പം സൈക്കോ തെറാപ്പിയും കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും ഉപയോഗിക്കുന്നു. രോഗികളെ പോലെ തന്നെ രോഗികളെ പരിചരിക്കുന്നവരും ഇതിനെപ്പറ്റി അറിയേണ്ടതുണ്ട്. മരുന്നുകള്‍ കൃത്യമായി കഴിച്ച് തെറാപ്പിയും തുടര്‍ന്നാല്‍ ഇതിനെ പിടിച്ചു നിര്‍ത്താവുന്നതാണ്.