spot_img

ഗ്യാസ് ട്രബിള്‍ എന്ന ട്രബിള്‍ മാറാന്‍

നെഞ്ചില്‍ ഒരു ഉരുണ്ടു കയറ്റം എന്ന് പറഞ്ഞു നടക്കുന്നത് കാണാം ചിലര്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഗ്യാസ് ട്രബിള്‍ കൊണ്ട് പ്രശ്നമുണ്ടാകാത്ത ആളുകള്‍ ഇല്ലായിരിക്കും. എല്ലാവരും എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചിട്ടുണ്ടാകും ഇത്. ഇത് പലരിലും പല വിധത്തിലാണ് ഉണ്ടാകുന്നത്. മാറിയ ജീവിത രീതികളും ഭക്ഷണ ക്രമവും ഇത് വരാനുള്ള സാധ്യത കൂട്ടുന്നു. വയര്‍ വീര്‍ത്ത പ്രതീതിയാണ് ഗ്യാസ് ട്രബിളിന്‍റെ പ്രധാന ലക്ഷണം. ഇതിനോടൊപ്പം  പുളിച്ചു തികട്ടല്‍, കൂടെക്കൂടെ ഏമ്പക്കം വിടല്‍, പുകച്ചില്‍, നെഞ്ചെരിച്ചില്‍, വയറു വേദന, നെഞ്ചില്‍ ഭാരം എന്നിങ്ങനെ പോകുന്നു ഇതിന്‍റെ മറ്റ് ലക്ഷണങ്ങള്‍. ചിലര്‍ക്ക് ഭക്ഷണം കഴിച്ച ശേഷമായിരിക്കും ഗ്യാസ് നിറഞ്ഞിരിക്കുന്നതായി തോന്നുക. മറ്റ് ചിലര്‍ക്ക് വിശപ്പാകുമ്പോള്‍ ആയിരിക്കും ഇങ്ങനെ തോന്നുക.

ഗ്യാസിന് പിന്നിലെ പ്രധാന കാരണം ദഹനക്കുറവാണ്. ഭക്ഷണം നന്നായി ദഹിക്കാതെ വരുമ്പോള്‍ ഗ്യാസ്  ഉണ്ടാകുന്നു. നമ്മള്‍ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ ചെറിയ അളവില്‍ വായു ഉള്ളിലേക്ക് എത്തുന്നുണ്ട്. ഉമിനീര്‍ ഇറക്കുമ്പോഴും ഇങ്ങനെ സംഭവിക്കാം. ഇത് കൂടാതെ  തെറ്റായ രീതിയിലുള്ള ഭക്ഷണ ക്രമങ്ങളിലൂടെയും വായു അകത്തു കടക്കും. ചെറു കുടലില്‍ വച്ച് ശരിയായ രീതിയില്‍ ദഹിക്കാത്ത ഭക്ഷണം വന്‍ കുടലില്‍ ഗ്യാസ് ഉണ്ടാകുന്നതിന് കാരണമാകുന്നു. ചിലപ്പോള്‍ വയറ്റിലെ അള്‍സര്‍, ക്യാന്‍സര്‍, ചെറു കുടലിലെയും വന്‍ കുടലിലെയും മുഴകള്‍, ആമാശയ വീക്കം,  കരള്‍ രോഗം, വൃക്ക രോഗം, മാനസിക പ്രശ്നങ്ങള്‍ എന്നിവ മൂലവും വായു പ്രശ്നം ഉണ്ടാകാം. അതുകൊണ്ട് തന്നെ നെഞ്ചെരിച്ചിലും മറ്റ് ലക്ഷണങ്ങളും പതിവാണെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധിക്കാന്‍ മറക്കണ്ട.

ഏതെങ്കിലുമൊക്കെ സമയത്ത് ഭക്ഷണം കഴിക്കുന്നവരാണ്‌ കൂടുതലും. രാവിലെ എന്തെങ്കിലും കഴിച്ചെന്നു വരുത്തി ഓഫീസില്‍ പോകും. ഉച്ചക്ക് പുറത്ത്  നിന്നുള്ള ഭക്ഷണവും രാത്രി വൈകി ടിവി കണ്ടിരുന്നുള്ള കഴിപ്പും എല്ലാം ഒന്നിച്ചാല്‍ എങ്ങനെ ഗ്യാസ് ട്രബിള്‍ വരാതിരിക്കും. കണ്ണില്‍ കണ്ട ജങ്ക് ഫുഡ് ഒക്കെ വാങ്ങി കഴിച്ചു വയര്‍ കേടാക്കുകയാണ് പലരും ഇന്ന്. ഇടക്കിടെ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും സ്നാക്സുകളും കഴിക്കുന്നത് കൊണ്ട് ദോഷം മാത്രമേ  ഉണ്ടാകൂ. അമിതാഹാരവും നേരത്തിനു ആഹാരം കഴിക്കാത്തതും ഗ്യാസും അനുബന്ധ രോഗങ്ങള്‍ക്കും കാരണമാകും. വ്യായാമം ഇല്ലാതെയുള്ള ജീവിത രീതിയും കൂടിയാകുമ്പോള്‍  രോഗങ്ങള്‍ മാത്രമാണ് ഫലം.

ഗ്യാസ് ഉണ്ടാകുന്നതിന് കാരണമായ ചില ഭക്ഷണങ്ങളുണ്ട്. എല്ലാ ഭക്ഷണങ്ങളും എല്ലാവരിലും ഗ്യാസ് ഉണ്ടാക്കുന്നില്ല. കാബേജ്, കോളിഫ്ലവര്‍, കിഴങ്ങുകള്‍, പയറു വര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, യീസ്റ്റ് ചേര്‍ത്ത ബേക്കറി വിഭവങ്ങള്‍ എന്നിവയാണ് സാധാരണയായി പലരിലും ഗ്യാസിന് കാരണമാകുന്നത്. പാലുത്പന്നങ്ങളോട് അലര്‍ജിയുള്ളവരില്‍ പാലിലെ ദഹിക്കപ്പെടാത്ത ബാക്ടീരിയകള്‍ ഗ്യാസിന് കാരണമാകുന്നു. ഭക്ഷണ രീതികളിലും ജീവിത ശൈലിയിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത് നിയന്ത്രിച്ച്‌ നിര്‍ത്താം.

ഭക്ഷണം കുറച്ചെടുത്ത് പല തവണകളായി കഴിക്കുക. നന്നായി ചവച്ചരച്ച് മാത്രം കഴിക്കുക. സമയത്ത് ഭക്ഷണം കഴിക്കാന്‍ മറക്കണ്ട. പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക. പുകവലി ദഹന വ്യവസ്ഥയെ പ്രശ്നത്തിലാക്കും. വ്യായാമം ചെയ്യുന്നത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഗ്യാസ് കെട്ടിക്കിടക്കുന്നത് തടയാന്‍ വ്യായാമത്തിന് സാധിക്കും. മസാല കൂടിയ ഭക്ഷണങ്ങള്‍ ആസിഡ് ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാര്‍ബണേറ്റഡ് പാനീയങ്ങളിലടങ്ങിയ വായു കുമിളകള്‍ ഗ്യാസ് ഉണ്ടാക്കും.

കാപ്പി കുടി കുറക്കുകയും വേണം. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കണം. അയമോദകം ദഹന പ്രക്രിയയെ നന്നായി സഹായിക്കും. അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് ഗ്യാസ് കുറയാന്‍ നല്ലതാണ്. ജീരകവും ദഹനത്തെ എളുപ്പമാക്കുകയും ഗ്യാസ് കൂടാതിക്കാനും സഹായിക്കുന്നു. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ചായ ഇട്ടു കുടിക്കുന്നതും  ഗ്യാസ് മാറാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത്‌ രണ്ട് മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുക. ഗ്യാസ് ട്രബിള്‍ മാറിക്കിട്ടും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.