spot_img

വാര്‍ദ്ധക്യ കാല രോഗങ്ങള്‍

ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ അനുസരിച്ച് ലോക ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കൂടി വരികയാണ്‌. 2050ഓടെ ഇത് രണ്ട് ബില്ല്യണ്‍ കടക്കുമെന്നാണ് പഠനം. ആര്‍ക്കും ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണ് പ്രായം. അനിവാര്യമായ ജൈവ പ്രക്രിയ കൂടിയാണ് പ്രായമാകല്‍. എങ്കിലും  പ്രായമാകുന്നതിനെ ബാധിക്കുന്ന ചില ഘടകങ്ങളുണ്ട്. ജീനുകള്‍, ഭക്ഷണക്രമം, ജീവിതശൈലി, പരിസ്ഥിതി എന്നിങ്ങനെയുള്ള ഈ ഘടകങ്ങളാണ് ജൈവിക പ്രായത്തെ നിര്‍ണയിക്കുന്നത്. പുതിയ ജീവിത ശൈലിയും ചുറ്റുപാടും പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നു. ഓരോ ദിവസവും പ്രായം നമ്മെ ബാധിക്കും. വാര്‍ദ്ധക്യ കാല രോഗങ്ങളെ തിരിച്ചറിഞ്ഞാല്‍ ഇവ വരാതിരിക്കാന്‍ ശ്രദ്ധിക്കാം. ജീവിത ശൈലിയിലും ഭക്ഷണ ക്രമത്തിലും വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും പല രോഗങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കും. ശരീരത്തില്‍ ഉണ്ടാകുന്ന തേയ്മാനവും ക്ഷതവുമാണ് പ്രായത്തെ നിശ്ചയിക്കുന്നത്.

ചുറ്റുപാടുകള്‍ മനുഷ്യന്‍റെ പ്രായത്തെ കൃത്യമായി ബാധിക്കും. അമ്പതു വയസായ ചിലര്‍ക്ക് അമ്പത്തിയഞ്ച് വയസായ ചിലരേക്കാള്‍ പ്രായക്കൂടുതല്‍ തോന്നിയേക്കാം. അമ്പതു വയസായ ആളുടെ ജൈവികപ്രായം അമ്പത്തിയഞ്ച് വയസായ ആളുടെ ജൈവിക പ്രായത്തെക്കാള്‍ കുറവായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിലര്‍ക്ക് പ്രായമാകുന്നില്ലല്ലോ എന്ന് തോന്നുന്നത് ഇങ്ങനെയാണ്. ജീവിതത്തിന്‍റെ ആദ്യ കാലങ്ങളില്‍ ശരീരത്തിലെ കോശങ്ങള്‍ വിഭജിക്കുകയും പുതിയ കോശങ്ങള്‍ ഉണ്ടാവുകയും  ചെയ്യും.

ഓക്സീകരണ പ്രക്രിയയുടെ ഭാഗമായി കുറെ കോശങ്ങള്‍ നശിച്ചു പോകും. എന്നാല്‍ നശിക്കുന്ന കോശങ്ങളെക്കാള്‍ കൂടുതലായിരിക്കും പുതിയതായി ഉണ്ടാകുന്ന കോശങ്ങള്‍. അതു കൊണ്ട് തന്നെ ശരീരത്തിന്‍റെ വളര്‍ച്ചയെ ഇത് ബാധിക്കുന്നില്ലെന്ന് മാത്രമല്ല, ശരീരം പെട്ടെന്ന് വലുതാവുകയും ചെയ്യും. എന്നാല്‍ പതിനെട്ട് വയസ് കഴിഞ്ഞാല്‍ കോശവിഭജനം കുറയുകയും പുതിയ കോശങ്ങള്‍ ഉണ്ടാകുന്നത് കുറയുകയും ചെയ്യും. നശിക്കുന്ന കോശങ്ങളുടെ എണ്ണത്തേക്കാള്‍ കുറവായിരിക്കും പുതിയതായി ഉണ്ടാകുന്ന കോശങ്ങള്‍. അതുകൊണ്ട് തന്നെ പെട്ടെന്ന് പ്രായമാകും.

പ്രായമാകുമ്പോള്‍ ഒരേ സമയം രണ്ട് കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് കുറയുന്നു. അടിസ്ഥാന ശ്രദ്ധ അതേപടി നിലനില്‍ക്കുകയും വിഭജിത ശ്രദ്ധ അഥവാ ഒരേ സമയത്ത് രണ്ട്  കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് കുറയുകയും ചെയ്യും. പ്രായമാകും തോറും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവ് കുറഞ്ഞു വരുന്നു. ഓര്‍മയിലും ബുദ്ധിയിലും പ്രായമാകുമ്പോള്‍ കാര്യമായ കുറവൊന്നും വരില്ല. അല്‍പം സമയമെടുത്താല്‍ കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാനും പഠിക്കാനും ഇവര്‍ക്ക് സാധിക്കും. പ്രായം കൂടും തോറും അപഗ്രഥന വേഗത കുറയുന്നതു കൊണ്ടാണ് ഈ സമയക്കൂടുതല്‍.

വാര്‍ദ്ധക്യ കാലത്ത് ഏറ്റവും അത്യാവശ്യം വേണ്ടുന്ന കാര്യമാണ് ചുറ്റുമുള്ളവരുടെ പിന്തുണ. കൃത്യമായ വൈകാരിക പിന്തുണ ലഭിക്കാതെ വരുമ്പോള്‍ പ്രായമായവര്‍ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നു. ഇത് വിഷാദ രോഗത്തിലേക്ക് കൊണ്ടെത്തിക്കും. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് വിഷാദരോഗം വരാനുള്ള  സാധ്യത കൂടുതല്‍. പ്രായമായവരെ ഒറ്റപ്പെടുത്താതെ കൂടെ നിര്‍ത്തുക. ഇത് കൂടാതെ മറ്റ് മാനസിക രോഗങ്ങള്‍ വരാനുള്ള സാധ്യതയും പ്രായമുള്ളവര്‍ക്ക് കൂടുതലാണ്. ഉറക്കക്കുറവും മാനസിക പിരിമുറുക്കവും മാനസിക രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടും.

സന്ധി വേദനയാണ്‌ വാര്‍ദ്ധക്യ കാലത്ത് നേരിടേണ്ടി വരുന്ന മറ്റൊരു പ്രധാന പ്രശ്നം. വാര്‍ധക്യ കാലത്ത് സന്ധികളില്‍ സംഭവിക്കുന്ന തേയ്മാനം മൂലമാണ് സന്ധി വേദന അനുഭവപ്പെടുന്നത്. വിരലുകള്‍, കാല്‍മുട്ട്, ഇടുപ്പ്, കൈക്കുഴ, നട്ടെല്ല് എന്നിവിടങ്ങളിലാണ്‌ സന്ധി വാതം ബാധിക്കുന്നത്. അസ്ഥിക്ഷയം എന്ന അവസ്ഥയും ഈ സമയത്ത് ഉണ്ടാകാറുണ്ട്. എല്ലുകള്‍ പെട്ടെന്ന് പൊട്ടിപ്പോകുന്ന അവസ്ഥയാണിത്. എല്ലുകളുടെ ബലം കുറയുന്നത് പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടും. സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന് ശേഷം അസ്ഥിക്ഷയം
ഉണ്ടാകാറുണ്ട്. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ തേയ്മാനം കുറക്കാനും ചുറുചുറുക്കോടെ ഇരിക്കാനും സാധിക്കും.


കണ്ണിനെ ബാധിക്കുന്ന ചില രോഗങ്ങള്‍ വാര്‍ദ്ധക്യ കാലത്ത് പിടിപെടാറുണ്ട്. പ്രായമാകുമ്പോള്‍ കണ്ണിലെ ക്രിസ്റ്റലിന്‍ ലെന്‍സ്‌ വികസിക്കുകയും വെളിച്ചം കടന്നു പോകുന്നതിന് വിഷമം ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ഇത് കൃത്യമായി ചികിത്സിക്കാന്‍ സാധിക്കും. കാഴ്ചക്കുറവും കേള്‍വിക്കുറവും പ്രായമായവരില്‍ കണ്ടു വരുന്നു. ഗ്ലോക്കോമയാണ് മറ്റൊരു പ്രധാന ആരോഗ്യ പ്രശ്നം. ഇത് കൂടാതെ അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യതയും പ്രായമായവരില്‍ കൂടുതലാണ്. ഹൃദയ സംബന്ധിയായ രോഗങ്ങളും ഈ സമയത്ത് ഉണ്ടായേക്കാം. രക്തസമ്മര്‍ദ്ദം, റുമാറ്റിക് ഹൃദ്രോഗം, ഹൃദയാഘാതം, കൊറോണറി ഹൃദ്രോഗം എന്നിങ്ങനെയുള്ള  രോഗങ്ങള്‍ ഇവര്‍ക്ക് പിടിപെട്ടേക്കാം. ഇത് കൂടാതെ പ്രമേഹ സാധ്യതയും ഇവര്‍ക്കുണ്ട്. ശരീരത്തില്‍ ഇന്‍സുലിന്‍ കൃത്യമായി ഉത്പാദിപ്പിക്കാതിരുന്നാല്‍ അത് പ്രമേഹത്തിന് കാരണമാകുന്നു.

വാര്‍ധക്യം ഒന്നിന്‍റെയും അവസാനമല്ല. ചിട്ടയോടെയുള്ള ഭക്ഷണ ക്രമവും കൃത്യമായ വ്യായാമവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വാര്‍ദ്ധക്യത്തിലും ചുറുചുറുക്കോടെ ജീവിക്കാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.