ഹൃദ്യം പദ്ധതി പ്രകാരം കുട്ടികളിലെ (ജനനം മുതല്‍ 18 വയസ്സുവരെ) ഹൃദ്രോഗത്തിനു പൂര്‍ണ്ണമായും സൗജന്യ ചികിത്സ ലഭ്യമാണ്. ഹൃദ്യം വഴി ഹൃദ്രോഗമുള്ള കുട്ടികളെ hridyam.in സോഫ്റ്റ്വെയര്‍ മുഖാന്തരം രജിസ്റ്റര്‍ ചെയ്യുകയും അവരുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ നിരീക്ഷിക്കുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്നു.
ഹൃദ്രോഗനിര്‍ണ്ണയത്തിനു ശേഷം, കുട്ടികളുടെ വിവരങ്ങള്‍ ഏതൊരാള്‍ക്കും www.hridyam.in എന്ന വെബ്‌സൈറ്റു വഴി സോഫ്റ്റ്വെയറില്‍ ചേര്‍ക്കാവുന്നതാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ കുട്ടികളുടെ അസുഖം സംബന്ധിക്കുന്ന വിവരങ്ങളും എക്കോ ഉള്‍പ്പെടെയുള്ള പരിശോധന റിപ്പോര്‍ട്ടുകളും പ്രസ്തുത കേസ് നമ്പറിനോടൊപ്പം ചേര്‍ത്ത് അതാത് ഡി ഇ ഐ സി മാനേജര്‍മാര്‍ വെരിഫൈ ചെയ്യുന്നു. അതിനു ശേഷം കേസുകള്‍ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റിനു കാണാന്‍ സാധിക്കും.
ഇവര്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കേസുകളെ ഒന്ന് മുതല്‍ മൂന്നു വരെ കാറ്റഗറൈസ് ചെയ്യുന്നു. അതിനുശേഷം എല്ലാ കേസുകളും സര്‍ജിക്കല്‍ ഒപ്പിനിയനായി ശ്രീ ചിത്രാ ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയാക്ക് സര്‍ജ്ജനും, കോട്ടയം മെഡിക്കല്‍കോളേജിലെ കാര്‍ഡിയാക്ക് സര്‍ജ്ജനുംകേസുകള്‍ കാണുവാനും തീരുമാനം എടുക്കുവാനും സാധിക്കും. അതിനു ശേഷം കേസുകള്‍ക്ക് സര്‍ജറി ചെയ്യേണ്ട തീയതിയും മറ്റു വിവരങ്ങളും ശ്രീ ചിത്രയില്‍ നിന്നോ കോട്ടയം മെഡിക്കല്‍കോളേജില്‍ നിന്നോ സോഫ്റ്റ്വെയറിലേക്ക് ചേര്‍ക്കുന്നതാണ്.
ഇത്തരത്തില്‍ ചേര്‍ത്ത വിവരങ്ങള്‍ രക്ഷിതാക്കളെ ഡി ഇ ഐ സി മുഖാന്തരം അറിയിക്കുന്നു. ഇത്തരം തുടര്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ അതാത് ഡി ഇ ഐ സി കളുടെ കൃത്യമായ നിരീക്ഷണത്തിലായിരിക്കും.