കഴിഞ്ഞ വര്‍ഷം കേരളത്തെ പിടിച്ച് കുലുക്കിയ നിപ്പ രോഗത്തിന് പ്രതിരോധ മരുന്ന് കണ്ടു പിടിച്ചതായി ശാസ്ത്ര ലോകം. ഇത്തരത്തിലുള്ള അവകാശ വാദവുമായി രംഗത്ത് വന്നിരിക്കുന്നത് ഫിലാഡാല്ഫിയയിലുള്ള ജെഫേഴ്സണ്‍ വാക്സിന് സെന്ററിലെ ശാസ്ത്രജ്ഞരാണ്. ഇവര്‍ സമാന സ്വഭാവമുള്ള വൈറസുകളില്‍ നിന്നും വികസിപ്പിച്ച ഈ മരുന്ന് നിപ്പയെ പ്രതിരോധിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഈ മരുന്ന് ഉപയോഗിച്ച് ജീവനുള്ളതും ഇല്ലാത്തതുമായ നിപ്പ വൈറസുകളില്‍ പരീക്ഷണം നടത്തിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു.
അതേ സമയം ഓസ്ട്രേലിയന്‍ മരുന്നായ റിബാ വൈറിന് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കൊണ്ടു വരുന്നതിന് സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ റിബാ വൈറിന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് പദ്ധതി വിഫലമായി. ഏറെ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും പുതിയ മരുന്നും മനുഷ്യരില്‍ ഉപയോഗിക്കാനായി സാധിക്കുമോയെന്ന് അറിയാന്‍ കഴിയുക.
മനുഷ്യരിലും ജന്തുക്കളിലും രോഗമുണ്ടാക്കുന്നതുമായ ഒരു ജന്തുജന്യ രോഗമാണ് നിപ്പ പനി. രോഗം മൃഗങ്ങളെ ബാധിക്കുമെങ്കിലും വളര്‍ത്തു മൃഗങ്ങളില്‍ ഈ രോഗം വന്നതായി ഇന്ത്യയില്‍ നാളിതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാടന്‍ ഫലങ്ങള്‍ കഴിക്കുന്ന വവ്വാലുകളാണ് രോഗ വാഹകര്‍. രോഗ വാഹകരായ വവ്വാലുകളുടെ വിസര്‍ജ്ജ്യം ശരീര സ്രവങ്ങള്‍ എന്നിവയുമായുളള നേരിട്ടുളള സമ്പര്‍ക്കം മൂലമാണ് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും രോഗം പടരുന്നത്. മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണം. വളര്‍ത്തു മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ കര്‍ശനമായ വ്യക്തി ശുചിത്വം പാലിക്കണം.
നേരത്തെ ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ സിലിഗുരിയിലും ഈ വൈറസ് ബാധ കണ്ടെത്തിയിരുന്നു. കേരളത്തില്‍ ആദ്യമായാണ് നിപ്പ വൈറസ് ബാധയുണ്ടാകുന്നത്. സാധാരണയായി പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ട വാവ്വാലുകളാണ് ഈ വൈറസ് പരത്തുന്നത്. വവ്വാലുകളില്‍ നിന്ന് ചിലപ്പോള്‍ പന്നികള്‍, മുയലുകള്‍ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളിലേക്ക് വൈറസ് കടന്നു ചെല്ലുന്നു. ഇത്തരം ജീവികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുമ്പോഴും ഇവ ഭക്ഷിച്ച് അവശേഷിച്ച ഫലങ്ങളും മറ്റും ഭക്ഷിക്കുന്ന മനുഷ്യരിലേക്കും നിപ്പ വൈറസ് പകരുന്നു എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇതിന്റെ ലക്ഷണങ്ങള്‍ നോക്കിയാണ് നിപ്പയാണെന്ന് സംശയിക്കുന്നത്. ബലക്ഷയം, ബോധക്ഷയം, പരസ്പര ബന്ധമില്ലാതെ സംസാരിക്കല്‍, അപസ്മാര ലക്ഷണങ്ങള്‍, ഛര്‍ദി തുടങ്ങിയ ലക്ഷണമാണ് കാണുന്നത്. എന്നാല്‍ ഇതേ രോഗ ലക്ഷണങ്ങള്‍ മറ്റ് പല രോഗങ്ങളിലും കാണാറുണ്ട്. അതിനാല്‍ മേല്‍പ്പറഞ്ഞ രോഗ ലക്ഷണങ്ങളുള്ള രോഗികളില്‍ നിന്നുള്ള സാമ്പിളുകള്‍ വൈറോളജി ലാബില്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. രോഗിയുമായി സമ്പര്‍ക്കമുള്ളപ്പോള്‍ മാത്രമേ ഇത് പകരുകയുള്ളൂ.