ആരോഗ്യ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച് പൊതു ജനങ്ങളുടെ ആശാ കേന്ദ്രമായി മാറുകയാണ് കാസര്‍ഗോഡ് മൊഗ്രാലില്‍ സ്ഥിതി ചെയ്യുന്ന യൂനാനി ഡിസ്‌പെന്‍സറി. ജീവിത ശൈലീ രോഗങ്ങളുള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുള്ള ഈ യൂനാനി ചികിത്സാലയം കേരള സര്‍ക്കാറിന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏക കേന്ദ്രം കൂടിയാണ്. യൂനാനി ചികിത്സയുടെ ഫലപ്രാപ്തി കേട്ടറിഞ്ഞ് അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നു പോലും ചികിത്സായി രോഗികള്‍ ഇവിടെ എത്തുന്നു. ഭൗതിക സൗകര്യങ്ങളുടെ പരിമിതികള്‍ക്കിടയിലും ദിവസേന 80 മുതല്‍ നൂറോളം രോഗികള്‍ക്ക് ചികിത്സ നല്‍കുന്നുണ്ടെന്ന് യൂനാനി ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ ഷക്കീറലി പറഞ്ഞു.
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള ഈ യൂനാനി കേന്ദ്രം കുമ്പള ഗ്രാമപ്പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രദേശ വാസികളുടെ നിരന്തര മുറവിളികളെ തുടര്‍ന്നാണ് 1991-ല്‍ അന്നത്തെ സര്‍ക്കാര്‍ സംസ്ഥാനത്ത് ആദ്യമായി ഈ യൂനാനി ഡിസ്‌പെന്‍സറി ആരംഭിച്ചത്. സപ്ത ഭാഷാ സംഗമ ഭൂമിയിലെ ഉറുദുവിനോടുള്ള ആഭിമുഖ്യമാണ് ഈ പ്രദേശങ്ങളില്‍ യൂനാനി വൈദ്യത്തിന് പ്രചാരം നല്‍കിയത്. പ്രാചീന ഗ്രീക്ക് ചികിത്സാ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്താവുന്ന യൂനാനി വൈദ്യം അറബി വ്യാപാരികളാണ് ഏഷ്യയില്‍ വ്യാപിപ്പിച്ചത്. പിന്നീട് മുഗള്‍ രാജവംശമായിരുന്നു ഇന്ത്യയില്‍ യൂനാനി-ആയുര്‍വേദ ചികിത്സകള്‍ക്ക് പ്രചാരം നല്‍കിയത്. യൂനാനി വൈദ്യത്തിന്റെ പ്രമുഖ ഗ്രന്ഥങ്ങളെല്ലാം ഉറുദുവിലായിരുന്നതിനാല്‍ ഈ ചികിത്സാ രീതി കേരളത്തിലെത്താന്‍ താമസിച്ചുവെന്ന് ഡോ. ഷക്കീറലി പറയുന്നു. .
കേരളത്തില്‍ അംഗീകൃത യൂനാനി ഫാര്‍മസികള്‍ കുറവായതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് മരുന്നുകള്‍ എത്തിക്കുന്നത്. ചികില്‍സയ്‌ക്കെത്തുന്നവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ ലഭ്യമാക്കേണ്ടതിനാല്‍ മരുന്നുകള്‍ക്ക് മാത്രമായി വലിയൊരു തുകയാണ് ചിലവഴിക്കുന്നത്. ഇതിനു വേണ്ടി കുമ്പള ഗ്രാമ പഞ്ചായത്ത് വര്‍ഷം തോറും ലക്ഷങ്ങളാണ് നീക്കി വെക്കുന്നത്. ആദ്യ വര്‍ഷങ്ങളില്‍ രണ്ടു ലക്ഷമായിരുന്നുവെങ്കില്‍ ഇപ്പോള്‍ 12 ലക്ഷം വരെ നീക്കിവെക്കുന്നുണ്ട്. കാരണം, വര്‍ഷം തോറും യൂനാനി കേന്ദ്രത്തിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇതിനാനുപാതികമായി ഡിസ്‌പെന്‍സറിയില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കപ്പിങ്ങ് തെറാപ്പിക്കായി മാത്രം ദിനംപ്രതി പത്തോളം പേര്‍ വരുന്നുണ്ട്. ഇത്തരം ചികിത്സകള്‍ക്ക് അംഗീകൃത കേന്ദ്രങ്ങള്‍ കുറവായതിനാല്‍ ജനങ്ങള്‍ വ്യാജ ചികിത്സകരുടെ കെണിയില്‍ അകപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ഓഫീസറെ കൂടാതെ ഒരു ഫാര്‍മസി അറ്റന്‍ഡറും ഒരു പാര്‍ട്ട് ടൈം സ്വീപ്പറുമാണ് നിസ്വാര്‍ത്ഥ സേവനവുമായി ഈ യൂനാനി കേന്ദ്രത്തെ മേഖലയിലെ പ്രധാന ആരോഗ്യ സേവന കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കിടത്തി ചികത്സയ്ക്കുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിച്ച പുതിയ കെട്ടിടത്തിന്റെ രൂപരേഖയില്‍ ശിശുരോഗ ചികിത്സാ വിഭാഗം, പുരുഷ വാര്‍ഡ്, ഫാര്‍മസി സ്റ്റോര്‍, വിശ്രമ മുറി തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കുന്ന മുറക്ക് നിര്‍മ്മാണത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമെന്ന് ഡോ.ഷക്കീറലി പറഞ്ഞു.
ലാബ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികള്‍ കേന്ദ്രത്തിലെത്തിയ സാഹചര്യത്തില്‍, ഉടന്‍ തന്നെ ടെക്‌നീഷ്യന്റെ നിയമനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം നാഷണല്‍ അക്രഡിഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റലിന്റെ (എന്‍.എ.ബി.എച്ച്.) അംഗീകാരം ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രാഥമിക കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ഡിസംബറില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ യൂനാനി കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. കൂടാതെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നാഷണല്‍ ആയുഷ് മിഷന്‍ 23.25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചിനകം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ വകുപ്പുകളിലായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതോടെ അത്യുത്തര മലബാറിന്റെ ആരോഗ്യ മേഖലയില്‍ സജീവമായ ഇടപെടലുകള്‍ നടത്താന്‍ കേരള സര്‍ക്കാരിന്റെ ഈ ഏക യൂനാനി കേന്ദ്രത്തിന് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.