മനുഷ്യനും ഉപ്പും തമ്മിലുള്ള ബന്ധം എത്ര ആഴമേറിയതാണ്! ചരിത്രം പരിശോധിച്ചാല്‍ ഉപ്പിനു വേണ്ടി യുദ്ധംപോലും ഉണ്ടായിട്ടുണ്ടെന്ന് കാണാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാനപ്പെട്ട ഒരേടായ ഉപ്പു സത്യാഗ്രഹം പോലും ഉപ്പുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. ഇതിനൊക്കെ കാരണം ഉപ്പിന് മനുഷ്യനുമായുള്ള ബന്ധം തന്നെ.
ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യം വേണ്ട ഘടകങ്ങളിലൊന്നാണ് സോഡിയം. ശരീരത്തിലെ ഇലക്ട്രോ ലൈറ്റുകളില്‍ ഒന്നായിട്ടാണ് സോഡിയം അറിയപ്പെടുന്നത്. കോശങ്ങളുടെ അകത്തും പുറത്തുമുള്ള ജലാംശത്തെ കോശ കോശാന്തര വൈദ്യുത പ്രവാഹമാക്കുന്നത് ഇലക്ട്രോ ലൈറ്റുകളുടെ സാന്നിധ്യമാണ്. ശരീരത്തിന് ഏറ്റവും ആവശ്യമുള്ളഒന്നാണ് സോഡിയം. ഹൈപ്പോതലാമ്, അഡ്രീനല്‍ ഗ്രന്ഥി, വൃക്കകള്‍ എന്നീ ശരീരഭാഗങ്ങളാണ് ശരീരത്തിലെ സോഡിയത്തിന്റെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്നത്.
ശരീരത്തില്‍ എത്തുന്ന ഭക്ഷണങ്ങളും പാനീയങ്ങളും വഴിയെത്തുന്ന ഉപ്പില്‍ നല്ലൊരു ശതമാനവും വിയര്‍പ്പ്, മൂത്രം എന്നിവ വഴി പുറത്തു പോകുന്നുണ്ട്. ഇങ്ങനെ മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും അമിതമായ തോതില്‍ സോഡിയം പുറത്ത് പോകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നത് വൃക്കകളാണ്. പ്രായമായവരില്‍ ഈ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാറുണ്ട്. വൃക്ക രോഗങ്ങള്‍ ഉള്ളവരിലും ഈ താളം തെറ്റല്‍ പ്രകടമാണ്.
ശരീരത്തിലെ ഉപ്പിന്റെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന ഗ്രന്ഥികളുടെ താളം തെറ്റല്‍ സോഡിയത്തിന്റെ അളവില്‍ മാറ്റം വരുത്തുന്നു. ഇതൊരു രോഗാവസ്ഥയാണ്. ഹൈപ്പോനാട്രീമിയ എന്നാണ് സോഡിയം കുറഞ്ഞു പോകുന്ന അവസ്ഥയുടെ അറിയപ്പെടുന്നത്. സോഡിയം വളരെ പെട്ടെന്ന് കുറയുന്നതാണ് പ്രശ്നത്തെ രൂക്ഷമാക്കുന്നത്. ഗുരുതരമായ പ്രശ്നങ്ങളാണ് ഹൈപ്പോനാട്രീമിയ മൂലമുണ്ടാകുന്നത്. തുടക്കത്തില്‍ തലവേദന, ക്ഷീണം എന്നിവയില്‍ തുടങ്ങി അപസ്മാരം വരെ നീളുന്നതാണ് ഇതിന്റെ പ്രത്യാഘാതം.
സോഡിയം കുറയുന്നത് മസ്തിഷ്ക കോശങ്ങളെയാണ് ബാധിക്കുന്നത്. അതു കൊണ്ടാണ് സ്ഥിരമായി ചെയ്തിരുന്ന കാര്യങ്ങള്‍ മറന്നുപോകുക, ആരേയും തിരിച്ചറിയാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളും ഇതിന്റെ ഭാഗമാണ്. സോഡിയം വളരെ പെട്ടെന്ന് കുറയുമ്പോഴാണ് ഇതൊക്കെ ഗുരുതരമായ പ്രശ്നമായി മാറുന്നത്. പ്രായമായവരിലും കുട്ടികളിലും ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.
ഉപ്പ് കൂടിയാലും പ്രശ്നമാണ്. ഹൈപ്പര്‍നാട്രീമിയ എന്നാണ് ഈ അവസ്ഥയുടെ പേര്. പ്രായമായവരിലും കുട്ടികളും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ശരീരത്തില്‍ ജലാംശം കുറയുമ്പോഴാണ് സോഡിയം കൂടുന്നത്. കുറയുന്നത് പോലെ തന്നെ അപകടമാണ് കൂടുന്നതും.