spot_img

ആര്‍ത്തവ പ്രശ്‌നങ്ങള്‍ ആട്ടിയകറ്റാം!; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തികച്ചും ജൈവികമായ ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. സ്ത്രീകളിലെ ആരോഗ്യ പ്രശ്‌നങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ആര്‍ത്തവ സംബന്ധിയായ പ്രശ്‌നങ്ങള്‍. ശാരീരികവും മാനസികവുമായ പല തരം വിഷമതകള്‍ സ്ത്രീകള്‍ ഈ സമയത്ത് അനുഭവിച്ചു വരുന്നു. ആര്‍ത്തവം എല്ലാ സ്ത്രീകള്‍ക്കും ഒരേ ക്രമത്തില്‍ ഉണ്ടാകണം എന്നില്ല. സങ്കീര്‍ണമായ പല പ്രവര്‍ത്തനങ്ങളും ഒന്നിച്ച് ചേര്‍ന്നാണ് ആര്‍ത്തവം ഉണ്ടാകുന്നത്. തലച്ചോറിലെ ഹൈപ്പോ തലാമസ്, പിറ്റിയൂട്ടറി എന്നീ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് ആര്‍ത്തവത്തെ നിയന്ത്രിക്കുന്നത്. ആര്‍ത്തവം തുടങ്ങി രണ്ട് മുതല്‍ നാല് വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് ഈ ഹോര്‍മോണുകള്‍ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാകുന്നത്.

ഇതു കൊണ്ടാണ് മിക്കവാറും പെണ്‍കുട്ടികളിലും ആദ്യ കാലങ്ങളില്‍ ആര്‍ത്തവ ചക്രത്തിന്റെ ക്രമം തെറ്റുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി അണ്ഡ വിസര്‍ജന സമയമാകുമ്പോള്‍ എല്ലാ മാസവും വളര്‍ച്ച പൂര്‍ത്തിയായ ഓരോ അണ്ഡം പുറത്തെത്തും. ഇതോടൊപ്പം ഭ്രൂണത്തിന് വളരാനുള്ള സാഹചര്യം ഗര്‍ഭാശയം ഒരുക്കുകയും ചെയ്യുന്നു. എന്നാല്‍ അണ്ഡം ബീജവുമായി ചേര്‍ന്ന് ഗര്‍ഭധാരണ പ്രക്രിയ നടക്കാതെ വരുമ്പോള്‍ ഗര്‍ഭാശയ സ്തരം അഥവാ എന്‍ഡോമെട്രിയം അടര്‍ന്ന് രക്തത്തിന്റെ കൂടെ പുറന്തള്ളപ്പെടുന്നതിനെയാണ് ആര്‍ത്തവം എന്നു പറയുന്നത്. ശാരീരിക വിഷമതകള്‍ക്ക് പുറമേ വിഷാദം, ഉത്കണ്ഠ, നിരാശ, മടുപ്പ്, ദേഷ്യം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും ശക്തമാകുന്ന സമയം കൂടിയാണിത്.

വൈകിയ ആര്‍ത്തവം, അമിത രക്തസ്രാവം, ക്രമം തെറ്റിയ ആര്‍ത്തവം, ആര്‍ത്തവം ഉണ്ടാകാതിരിക്കല്‍, ശരീര വേദന എന്നിവയാണ് സാധാരണയായി ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ അനുഭവിച്ചു വരുന്ന പ്രശ്‌നങ്ങള്‍. ഓരോ ആര്‍ത്തവത്തിലും 35 മുതല്‍ 90 മി.ലി. രക്തം വരെ പുറത്ത് പോകാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്. രക്തം കട്ടയായി പോവുക, രക്തം പാഡ് നിറഞ്ഞൊഴുകുക, വച്ച് വളരെ പെട്ടെന്ന് തന്നെ പാഡ് മാറ്റേണ്ടി വരിക, അതിയായ ക്ഷീണം, ഏഴു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ത്തവം നിലക്കാതിരിക്കുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം വിളര്‍ച്ചയും ക്ഷീണവും ഉണ്ടാക്കുന്നു. ഗര്‍ഭാശയത്തിലെ മുഴകള്‍, ഗര്‍ഭാശയത്തിന്റെ ആവരണത്തിലുള്ള തടിപ്പുകള്‍ എന്നീ കാരണങ്ങള്‍ കൊണ്ട് അമിത രക്തസ്രാവം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കൂടാതെ ആര്‍ത്തവം തുടങ്ങിയവരിലും നിലക്കാന്‍ പോകുന്നവരിലും ഹോര്‍മോണ്‍ നിലയിലെ അസന്തുലിതാവസ്ഥ മൂലം ഇങ്ങനെ സംഭവിക്കാറുണ്ട്.

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന മറ്റ് പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ക്രമം തെറ്റിയ ആര്‍ത്തവം. ആര്‍ത്തവം ആരംഭിക്കുന്ന സമയത്ത് ചിലപ്പോള്‍ ആര്‍ത്തവ ചക്രത്തിന്റെ ക്രമം തെറ്റാറുണ്ട്. എന്നാല്‍ പിസിഓഡി അഥവാ പൊളി സിസ്റ്റിക് ഓവറി സിന്‍ഡ്രോമിന്റെ ഒരു പ്രധാന ലക്ഷണം ക്രമം തെറ്റിയ ആര്‍ത്തവമാണ്. രണ്ട് മൂന്ന് മാസങ്ങള്‍ കൂടുമ്പോള്‍ ആകും ഈ പ്രശ്‌നമുള്ളവര്‍ക്ക് ആര്‍ത്തവം ഉണ്ടാവുക. ഇനി വന്നാല്‍ തുള്ളി തുള്ളിയായി ദിവസങ്ങള്‍ നീളുന്ന തരത്തിലാകും ഇവര്‍ക്ക് ആര്‍ത്തവം. ചിലപ്പോള്‍ അമിത രക്തസ്രാവവും മാസത്തില്‍ രണ്ടോ മൂന്നോ തവണയുള്ള ആര്‍ത്തവവും ഇവരില്‍ കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍
അനുഭവിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുക. ഗര്‍ഭാശയ മുഖത്തുള്ള വ്രണങ്ങള്‍, ഗര്‍ഭാശയ മുഖ ക്യാന്‍സര്‍, ഗര്‍ഭാശയ ഭിത്തിയില്‍ നിന്ന് വളരുന്ന ദശകള്‍, എന്‍ഡോമെട്രിയല്‍ പോളിപ്പുകള്‍, ഗര്‍ഭാശയ ഭിത്തിയിലെ ക്യാന്‍സര്‍ എന്നീ പ്രശ്‌നങ്ങള്‍ മൂലം ഇങ്ങനെ സംഭവിക്കാറുണ്ട്. അതുകൊണ്ട് ഒരിക്കലും ഇത്തരം ലക്ഷണങ്ങള്‍ തള്ളിക്കളയരുത്. പാപ്‌സ്മിയര്‍, അള്‍ട്രാസൌണ്ട് സ്‌കാനിംഗ്, ബയോപ്‌സി എന്നീ പരിശോധനകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്താവുന്നതാണ്.

ചില സ്ത്രീകളില്‍ മാസങ്ങളോളം ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിന് ശേഷം ആര്‍ത്തവം ഉണ്ടാകുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് വിളര്‍ച്ചക്കും രക്തക്കുറവിനും കാരണമാകുന്നു. മിക്കവാറും പിസിഓഡി ഉള്ള സ്ത്രീകളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. ആര്‍ത്തവം ഇല്ലാതിരുന്ന സമയങ്ങളില്‍ ഗര്‍ഭാശയ ഭിത്തിയുടെ ആവരണത്തിന്റെ കട്ടി കൂടും. ഇത് അമിത രക്തസ്രാവത്തിന് കാരണമാകുന്നു. എന്നാല്‍ ഇത്തരത്തില്‍ കട്ടി കൂടുന്ന ആവരണത്തിലെ കോശങ്ങള്‍ക്ക് മാറ്റം സംഭവിച്ച് ക്യാന്‍സറായി മാറാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായി ആര്‍ത്തവം ഉണ്ടാകുന്നു എന്ന് എല്ലാ സ്ത്രീകളും ചെക്ക് ചെയ്യേണ്ടതുണ്ട്.

അമ്പത് വയസിന് അടുത്ത സ്ത്രീകള്‍ ആര്‍ത്തവം ഉണ്ടാകാതിരുന്നാല്‍ ആര്‍ത്തവം നിലച്ചു എന്ന് കരുതരുത്. കൃത്യമായി സ്‌കാന്‍ ചെയ്തു ഗര്‍ഭാശയ സ്തരത്തിന്റെ കട്ടി പരിശോധിക്കാന്‍ മറക്കരുത്.

കൃത്യമായ പരിശോധന നടത്തിയാകണം പ്രശ്‌നങ്ങള്‍ കണ്ടെത്തേണ്ടത്. ഗര്‍ഭാശയത്തിലെ മുഴകള്‍, പോളിപ്പുകള്‍ എന്നിവ ഹിസ്റ്റെറോ സ്‌കോപിക് സര്‍ജറി വഴി നീക്കം ചെയ്യാവുന്നതാണ്. ഇതിനോടൊപ്പം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാനായി ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റെ് തെറാപ്പിയും ഇന്ന് ലഭ്യമാണ്. ചിലരില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ പരിഹരിച്ചാല്‍ ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ അവസാനിക്കാറുണ്ട്. ആര്‍ത്തവ സംബന്ധമായ എന്ത് പ്രശ്‌നമുണ്ടായാലും വൈകിക്കാതെ വൈദ്യ സഹായം തേടണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.