spot_img

കുട്ടികളിലെ ‘ഡിസ്ലെക്സിയ’ എങ്ങനെ തിരിച്ചറിയാം; പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും

ശാരീരികമായി പ്രത്യേകതയുള്ളവര്‍ എല്ലായ്‌പ്പോഴും സമൂഹത്തിനു മുന്നില്‍ പരിഹാസത്തിന് വിധേയരാവുകയാണ് പതിവ്. തെറ്റായ ചില ധാരണകളുടെ പുറത്താണ് പലരും ശാരീരിക സവിശേഷതകളുള്ള കുട്ടികളെ കണ്ടു വരുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തില്‍ ഒറ്റപ്പെടലും അവഗണനയുമാണ് ഇവര്‍ നേരിടേണ്ടി വരുന്നത്. പഠനത്തിലും പെരുമാറ്റത്തിലുമുള്ള പ്രശ്‌നങ്ങള്‍ ചെറുപ്പത്തിലെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധ്യമാണെന്ന് പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ തലച്ചോറിന്റെ ചില പ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചില്‍ കാരണം ഉണ്ടാകുന്ന ഒരു പഠന തകരാറാണ് ഡിസ്ലെക്‌സിയ.

”ഡിസ്ലെക്‌സിയ എഴുത്തും വായനയും ഉള്‍പ്പെടെ ഭാഷ കൈകാര്യം ചെയ്യാനുള്ള തലച്ചോറിന്റെ കഴിവിനെയാണ് ബാധിക്കുന്നത്. ഒരിക്കലും ഇതൊരു കുറഞ്ഞ ബൌദ്ധിക നിലവാരത്തിന്റെ സൂചനയല്ല. കാഴ്ചക്കുറവോ കേള്‍വിക്കുറവോ പോലെയുള്ള പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന തകരാറും അല്ല ഡിസ്ലെക്‌സിയ ഉള്ള കുട്ടികള്‍ക്ക് വായിക്കാനും എഴുതാനും ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഇതോടൊപ്പം ഇവര്‍ക്ക് എഴുതുമ്പോള്‍ തുടര്‍ച്ചയായി അക്ഷര തെറ്റുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ചിലരില്‍ സംസാരത്തിനും പ്രശ്‌നമുണ്ടാകുന്നതായി കണ്ടു വരുന്നു. പറയുമ്പോള്‍ മനസിലാകുന്ന പല കാര്യങ്ങളും എഴുതി പിടിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. കൂടാതെ ഗണിതം, അക്കങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാനും ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാം”

ബുദ്ധിയുണ്ടെങ്കിലും പരീക്ഷയെത്തുമ്പോള്‍ പേപ്പറില്‍ ഒന്നുമില്ല എന്ന് നിങ്ങളുടെ കുട്ടിയെ കുറിച്ച് അധ്യാപകര്‍ പറയുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കുമല്ലോ. ബുദ്ധി വളര്‍ച്ചയുടെ കാര്യത്തില്‍ എല്ലാ കുട്ടികളെ പോലെയോ അതില്‍ മുന്നില്‍ നില്‍ക്കുന്നവരോ ആകും പലപ്പോഴും ഈകുട്ടികള്‍. എന്നാല്‍ തുടര്‍ച്ചയായി സ്‌കൂളില്‍ പരാജയം നേരിടുമ്പോള്‍ പലപ്പോഴും ബുദ്ധിയില്ലാത്തവരായി ഇവര്‍ ചിത്രീകരിക്കപ്പെടുന്നു. ഡിസ്ലെക്‌സിയ ഉള്ള കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്തമാകും. തലച്ചോറില്‍ ഭാഷ കൈകാര്യം ചെയ്യാന്‍ നമ്മെ സഹായിക്കുന്നത് തലച്ചോറിന്റെ വശങ്ങളില്‍ കാണുന്ന ടെമ്പറല്‍ ലോബിന്റെ മുകള്‍ ഭാഗമാണ്. ഭാഷ മനസിലാക്കാനും, വാക്കുകളും അതിലെ അക്ഷരങ്ങളും തിരിച്ചറിയാനും സഹായിക്കുന്നത് തലച്ചോറിലെ ഈ ഭാഗമാണ്. ശബ്ദം കേട്ട് അക്ഷരങ്ങള്‍ തിരിച്ചറിയുന്നതിനും വാക്കുകള്‍ ആവശ്യമുള്ളയിടത്ത്
ഉപയോഗിക്കാനും നമ്മെ സഹായിക്കുന്നതും ഇത് തന്നെ. ഇതിനുണ്ടാകുന്ന വളര്‍ച്ചാ വ്യത്യാസങ്ങളാണ് ഡിസ്ലെക്‌സിയക്ക് കാരണം.

കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ഡിസ്ലെക്‌സിയ ഉണ്ടായിട്ടുണ്ടെങ്കില്‍
അടുത്ത തലമുറയിലും ഇത് വരാനുള്ള സാധ്യതയുണ്ട്. ജീനുകളിലെ ചില പ്രത്യേകതകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്.

എന്നാല്‍ കൃത്യമായ പരിശീലനങ്ങളിലൂടെ ഡിസ്ലെക്‌സിയ ബാധിച്ച കുട്ടികളുടെ തലച്ചോറിന്റെ
പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കും എന്നാണ് വിദഗ്ദ്ധ പഠനങ്ങള്‍ പറയുന്നത്. പഠനത്തില്‍ ചെറിയ സഹായങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഇവര്‍ക്ക് ഈ പ്രശ്‌നത്തെ മറി കടക്കാനാകും. കുട്ടിയുടെ സാമൂഹിക ജീവിതത്തെ തന്നെ പ്രശ്‌നത്തിലാക്കാന്‍ ഡിസ്ലെക്‌സിയ കാരണമാകുന്നു. പഠനത്തില്‍ നേരിടുന്ന തകരാറുകള്‍ കുട്ടിയെ മാനസികമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അപകര്‍ഷതാ ബോധത്തിലേക്ക് വരെ ഇത് കുട്ടിയെ കൊണ്ടെത്തിക്കുന്നു. കൂട്ടുകാരെ ഉണ്ടാക്കുന്നതില്‍ നിന്നും പുറകോട്ടു പോകാനും കൂട്ടായ കളികളില്‍ നിന്ന് പിന്‍വലിയാനും ഇത് കാരണമാകും.

ക്രമേണ പൂര്‍ണമായി ഒറ്റപ്പെട്ട അവസ്ഥയില്‍ ഇവര്‍ എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. തമാശകള്‍ മനസിലാക്കാനുള്ള ബുദ്ധിമുട്ട് ഇവരെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പരിഹാസ പാത്രമാക്കാന്‍ സാധ്യതയുണ്ട്. പറഞ്ഞു കേട്ട് പഠിക്കുന്നതാണ് വായിച്ചു പഠിക്കുന്നതിനേക്കാള്‍ ഡിസ്ലെക്‌സിയ ബാധിച്ച കുട്ടികള്‍ക്ക് എളുപ്പം. അതുകൊണ്ട് തന്നെ ക്ലാസ്മുറിയിലെ ബഹളത്തിനിടയില്‍ പഠിക്കുന്നതെല്ലാം കുട്ടികള്‍ക്ക് മനസിലാകണം എന്നില്ല. അടുത്തിരുന്ന് പറഞ്ഞു കൊടുക്കുന്നത് ഡിസ്ലെക്‌സിയ ഉള്ള കുട്ടികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പഠനം. വായിക്കാന്‍ എടുക്കുന്ന സമയ കൂടുതല്‍ മൂലം തൊട്ട് മുന്‍പ് വായിച്ച വാക്കുകള്‍ ഇവര്‍ മറന്നു പോകാന്‍ സാധ്യതയുണ്ട്. കൃത്യമായ അര്‍ത്ഥം മനസിലാക്കാന്‍ കുട്ടിക്ക് പലപ്പോഴും കഴിയാതെ വരുന്നു. അതുകൊണ്ട് വായിച്ചു കൊടുക്കുന്നതും ഓഡിയോ ബുക്കുകള്‍ കേള്‍ക്കുന്നതും കുട്ടിക്ക് ഗുണം ചെയ്യും.

”ദിശ മനസിലാക്കുന്നതില്‍ ഡിസ്ലെക്‌സിയ ബാധിച്ച കുട്ടികള്‍ക്ക് പ്രയാസമുണ്ടാകാറുണ്ട്. നന്നായി അറിയാവുന്ന സ്ഥലങ്ങളില്‍ പോലും ഇവര്‍ക്ക് വഴി തെറ്റാന്‍ സാധ്യതയുണ്ട്. അതേ പോലെ തന്നെ സമയ ക്രമീകരണത്തിന്റെ കാര്യത്തിലും ഇവര്‍ പുറകോട്ടായിരിക്കും. കൃത്യമായ ടൈം ടേബിളുകളുടെ സഹായത്തോടെ ഇത് പരിഹരിക്കാനാകും”

ഡിസ്ലെക്‌സിയ ബാധിച്ച കുട്ടികളെ സഹായിക്കാനായി വീട്ടിലിരുന്ന് തന്നെ പല കാര്യങ്ങളും ചെയ്യാം. പുസ്തകങ്ങള്‍ ഉറക്കെ വായിച്ചു കൊടുക്കുന്നത് കുട്ടികള്‍ക്ക് ഗുണം ചെയ്യും. ഒരു വായനാ

സൗഹൃദ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നത് കുട്ടിയില്‍ വായന വളര്‍ത്താന്‍ സഹായിക്കും. ഇഷ്ടമുള്ള പുസ്തകങ്ങള്‍ കൊണ്ട് കുഞ്ഞിന്റെ മുറി നിറക്കുക. കുട്ടികളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ ശ്രമിക്കുക. ഒപ്പം അവരുടെ ആത്മവിശ്വാസം വളര്‍ത്താനുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുക. ഒപ്പം കൃത്യമായ തെറാപ്പിയും ഉണ്ടെങ്കില്‍ ഈ പഠന തകരാറിനെ മറികടക്കാന്‍ സാധിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.