spot_img

പ്രസവാനന്തര മാനസിക പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള മാര്‍ഗങ്ങള്‍

മ്മയാകുന്നത് അങ്ങേയറ്റം സന്തോഷം നല്‍കുന്ന വികാരമാണ്. എന്നാല്‍ ഈ സന്തോഷത്തോടൊപ്പം അത്രത്തോളം തന്നെ മാനസിക വിഷമങ്ങളും ഉണ്ടായേക്കാം എന്നത് സത്യം മാത്രം. സ്ത്രീയുടെ മാനസിക ആരോഗ്യത്തിന് കോട്ടം തട്ടാന്‍ സാധ്യതയുള്ള സമയം കൂടിയാണ് പ്രസവകാലം. പ്രസവ ശേഷമുള്ള ദിവസങ്ങളില്‍ മിക്കവാറും സ്ത്രീകള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ അനുഭവപ്പെടാറുണ്ട്. പെരിനേറ്റല്‍ കാലം എന്നറിയപ്പെടുന്ന ഗര്‍ഭവും പ്രസവാനന്തര കാലവും ഉള്‍പ്പെടുന്ന ഈ സമയത്ത് സ്ത്രീകളില്‍ ആകാംക്ഷ, തളര്‍ച്ച, ദുഃഖം എന്നിവയും അനുഭവപ്പെടാറുണ്ട്. ചില സ്ത്രീകളില്‍ മൂഡ് ഡിസോര്‍ഡര്‍ പോലെയുള്ള മാനസിക പ്രശ്‌നങ്ങളും ഈ സമയത്ത് ഉണ്ടാകാം. പലരിലും ഇത്തരം പ്രശ്‌നങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ മാറുമെങ്കിലും മറ്റ് ചിലരില്‍ ഇതിന് കൃത്യമായ ചികിത്സ തേടേണ്ടി വരും.

പോസ്റ്റ് നേറ്റല്‍ ബ്ലൂസ്

പ്രസവം കഴിഞ്ഞ് നാലഞ്ചു ദിവസങ്ങള്‍ക്കകം തുടങ്ങുന്ന മാനസിക വിഷമതകളാണ് പോസ്റ്റ് നേറ്റല്‍ ബ്ലൂസ് എന്ന് വിളിക്കുന്നത്. ആദ്യത്തെ പ്രസവം കഴിഞ്ഞ അമ്പതു ശതമാനത്തിലധികം സ്ത്രീകളില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടു വരാറുണ്ട്. അമിത ഉത്കണ്ഠ, ദേഷ്യം, കരച്ചില്‍, മന:സുഖം ഇല്ലായ്മ എന്നിങ്ങനെയാണ് പോസ്റ്റ് നേറ്റല്‍ ബ്ലൂസിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ രണ്ട് മൂന്ന് ആഴ്ച കൊണ്ട് മാറുകയാണ് പതിവ്. ചുറ്റുമുള്ളവരുടെ പിന്തുണയും സ്‌നേഹവും കരുതലും ലഭിക്കുന്നത് ഇത്തരം ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

പ്രസവ ശേഷം മതിയായി വിശ്രമിക്കേണ്ടത് അമ്മയുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ അത്യാവശ്യമാണ്. ലക്ഷണങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും മാറുന്നില്ല എങ്കില്‍ കൃത്യമായ ചികിത്സ തേടാന്‍ മറക്കണ്ട. പ്രസവത്തിനു ശേഷം സ്ത്രീ ശരീരത്തില്‍ വളരെ പെട്ടെന്ന് ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കും. ഈ സമയത്ത് ഈസ്ട്രജന്‍, പ്രോജസ്‌ട്രോണ്‍ എന്നിങ്ങനെയുള്ള ഹോര്‍മോണുകളുടെ അളവ് പെട്ടെന്ന് കുറയാന്‍ സാധ്യതയുണ്ട്. ചിലരില്‍ ഇത് മൂഡ് ഡിസോര്‍ഡറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

പ്രസവാനന്തരം സ്ത്രീകളില്‍ എഴില്‍ ഒരാള്‍ക്ക് പെരി നേറ്റല്‍ മൂഡ് ഡിസോര്‍ഡര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കണക്ക്. ഇത്രയും സാധാരണമായ ഒരു പ്രശ്‌നം അത്ര കണ്ടു തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് സത്യം. പ്രസവത്തെ കുറിച്ചും അമ്മയാകലിനെ കുറിച്ചുമുള്ള പൊതു ധാരണകള്‍ തീര്‍ത്തും വ്യത്യസ്തമായത്‌ കൊണ്ട് മറ്റുള്ളവര്‍ എന്ത് പറയും എന്ന് കരുതി പലരും ഇത് സഹിക്കുകയാണ് പതിവ്. ഇത് പ്രശ്‌നം വഷളാക്കുന്നു.

പ്രസാവാനന്തര വിഷാദം അഥവാ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍

മുന്‍പ് വിഷാദ രോഗം പോലെയുള്ള അസുഖങ്ങള്‍ ഇല്ലാത്തവര്‍ക്കും പ്രസവാനന്തരം ഇത് വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ മുന്‍പ് വിഷാദ രോഗം ഉണ്ടായിട്ടുള്ളവര്‍ക്ക് പ്രസവ ശേഷം ഇതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പത്ത് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെ സ്ത്രീകളില്‍ ആദ്യത്തെ പ്രസവത്തിനു ശേഷം ഈ രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. കുഞ്ഞു ജനിച്ചതിന് ഒരു വര്‍ഷം വരെ ഇത് കാണാറുണ്ട്. കുടുംബപരമായി വിഷാദ രോഗം ഉള്ളവര്‍ക്കും ഇതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ജോലി ചെയ്യാനുള്ള താല്‍പ്പര്യക്കുറവ്, ഉന്മേഷമില്ലായ്മ എന്നിങ്ങനെ പോകുന്നു ഇതിന്റെ ലക്ഷണങ്ങള്‍. പ്രസവത്തിനു ശേഷം സാധാരണ ഉറങ്ങിയതിനേക്കാള്‍ കുറവായിരിക്കും ഉറങ്ങുക.

ഇത് തികച്ചും സ്വാഭാവികമായ കാര്യമാണ്. അസുഖ ബാധിതരായ അമ്മമാര്‍ കുട്ടി ഉറങ്ങുന്ന സമയത്ത് പോലും ഉറങ്ങാന്‍ പറ്റാതെ വിഷമിക്കും. കുട്ടിയെ താന്‍ ഉപദ്രവിക്കുമോ എന്ന ചിന്തയും ഇവരില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രോഗം കൂടിയാല്‍ ഇവര്‍ ആത്മഹത്യ പ്രവണത കാണിക്കാനും കുട്ടിയെ ഉപദ്രവിക്കാനും സാധ്യതയുണ്ട്.

”ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പങ്കാളിയുടെ പിന്തുണക്കുറവ്, കുടുംബത്തില്‍ നിന്ന് ആരും കൂടെയില്ലാത്ത അവസ്ഥ, ഗര്‍ഭിണിയാകാനുള്ള താല്‍പ്പര്യക്കുറവ് എന്നിവ മൂലം രോഗം വരാം”

ആദ്യത്തെ പ്രസവത്തിനു ശേഷം വിഷാദ രോഗം ഉണ്ടായിട്ടുള്ള സ്ത്രീകള്‍ക്ക് അടുത്ത പ്രസവത്തിലും ഇതുണ്ടാകാന്‍ അമ്പതു ശതമാനം സാധ്യതയുണ്ട്. കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, കൌണ്‍സിലിംഗ് എന്നീ ചികിത്സകളിലൂടെയാണ് ഇതിനുള്ള പരിഹാരം കണ്ടെത്തുന്നത്. രോഗം വഷളായെങ്കില്‍ ഷോക്ക് തെറാപ്പി അഥവാ ഇലക്ട്രോ കണ്‍വല്‍സീവ് തെറാപ്പിയും നല്‍കി വരുന്നുണ്ട്. ഒരിക്കല്‍ ഇത് വന്നിട്ടുള്ള സ്ത്രീകള്‍ അടുത്ത പ്രസവത്തിന് മുന്‍പ് സൈക്യാട്രിക് സഹായം തേടുന്നത് പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും.

പ്രസവാനന്തര വിഭ്രാന്തി

ചില സ്ത്രീകളില്‍ പ്രസവം കഴിഞ്ഞ് ഒരു മാസത്തിനകം മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കണ്ടു വരാറുണ്ട്. പോസ്റ്റ്പാര്‍ട്ടം സൈക്കൊസിസ് അഥവാ പ്രസാവനന്തര വിഭ്രാന്തി എന്നാണ് ഇതറിയപ്പെടുന്നത്. ഉറക്കമില്ലായ്മ, ഭയം, ദേഷ്യം, അക്രമ സ്വഭാവം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചിലപ്പോള്‍ കുഞ്ഞിനെ തിരിഞ്ഞു നോക്കാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. തന്നെയും കുഞ്ഞിനേയും കൊല്ലാന്‍ ആരോ വരുന്നുണ്ടെന്നു ഇവര്‍ കരുതിയേക്കാം. രോഗിയുടെ ജീവന് തന്നെ ഭീഷണിയാണ് ഈ അവസ്ഥ. ഇത്തരക്കാരെ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്തെത്തിക്കാന്‍ ശ്രദ്ധിക്കണം. ആന്റി സൈക്കോട്ടിക് മരുന്നുകളാണ് ഇതിനായി പ്രധാനമായും നല്‍കി വരുന്നത്.

പ്രസവം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷവും നീണ്ടു നില്‍ക്കുന്ന രോഗ ലക്ഷണങ്ങള്‍ വിട്ട് കളയാന്‍ പാടില്ല. പ്രസവ ശേഷവും സ്ത്രീയുടെ മാനസിക നില കൃത്യമായി പരിപാലിക്കപ്പെടേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനെ തന്നെ മോശമായി ബാധിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.