മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് കേള്‍വി. കേള്‍വിയില്ലെങ്കില്‍ ഒരാളുടെ
പുറം ലോകവുമായുള്ള ബന്ധമാണ് അവസാനിക്കുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് മൂന്ന് ലോകാരോഗ്യ സംഘടന ലോക കേള്‍വി ദിനമായി ആചരിച്ചു വരുന്നു. നിങ്ങളുടെ കേള്‍വി പരിശോധിക്കൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ 2019ലെ കേള്‍വി ദിന സന്ദേശം. ലോകത്താകെ 46 കോടി ആളുകള്‍ക്ക് ശ്രവണ വൈകല്യമുണ്ടെന്നാണ് കണക്ക്. പലപ്പോഴും കേള്‍വിക്കുറവുണ്ടെന്ന വസ്തുത തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെ പോവുകയാണ് പതിവ്.
അതുകൊണ്ട് തന്നെ കേള്‍വി കാര്യമായി കുറയുമ്പോഴാകും പലരും പ്രശ്‌നത്തിലായി വിഷമിക്കാന്‍ തുടങ്ങുക. ഇടക്കിടെ കൃത്യമായി കേള്‍വി പരിശോധന നടത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ച് 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ശബ്ദ മലിനീകരണമുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ദീര്‍ഘ കാലം വലിയ ശബ്ദത്തില്‍ പാട്ട് കേട്ടിട്ടുള്ളവര്‍ എന്നിങ്ങനെയുള്ളവര്‍ നിര്‍ബന്ധമായും കേള്‍വി പരിശോധിക്കണം. കുട്ടികളിലെ 65 ശതമാനം കേള്‍വിക്കുറവും പ്രതിരോധിക്കാന്‍ സാധിക്കും എന്നതാണ് സത്യം. കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ പഠന വൈകല്യത്തിനും പെരുമാറ്റ വൈകല്യത്തിനും കാരണമാകും.
ചെറിയ കുട്ടികളിലെ കേള്‍വിക്കുറവിന്റെ പ്രധാന കാരണം മധ്യകര്‍ണത്തില്‍ നീര് നിറയുന്ന അവസ്ഥയായ സീറസ് ഓട്ടൈറ്റിസ് ആണ്. കൃത്യമായ ചികിത്സയിലൂടെയും ശസ്ത്രക്രിയയിലൂടെയും തുടച്ചു നീക്കാനാകുന്ന ഈ അസുഖം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. മിക്കവാറും കുഞ്ഞുങ്ങളുടെ കേള്‍വി ശക്തി നഷ്ടപ്പെടുന്നത് ഇങ്ങനെയാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കേള്‍വി പരിശോധന നടത്തിയാല്‍ ഒരു പരിധി വരെ ഇത് നേരത്തെ കണ്ടെത്തി ഭേദമാക്കാം. രോഗ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്നത് കുട്ടികള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
സ്ഥിരമായി ടിവി കാണുമ്പോഴോ പാട്ട് കേള്‍ക്കുമ്പോഴോ ശബ്ദം കൂട്ടി വക്കുക, മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ പാതി വിട്ട് പോവുക, വീണ്ടും പറഞ്ഞ കാര്യം ആവര്‍ത്തിക്കാന്‍ പറയുക, ചെവിയില്‍ മൂളല്‍ അനുഭവപ്പെടുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ് കേള്‍വിക്കുറവുണ്ടെന്ന് തിരിച്ചറിയുന്നത്. രോഗ നിര്‍ണയത്തിനായി പ്യുവര്‍ ടോണ്‍ ഓഡിയോഗ്രാം എന്ന പരിശോധനയാണ് സാധാരണ ചെയ്യുന്നത്. പതിനഞ്ച് മിനുട്ട് സമയമാണ് പരിശോധനക്കായി വേണ്ടത്.
രോഗിയുടെ കൃത്യമായ സഹകരണം ആവശ്യമായതിനാല്‍ നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യമുള്ള ആളുകള്‍ക്കും ഓഡിയോഗ്രാം ചെയ്യാന്‍ സാധ്യമല്ല. ഇത്തരക്കാര്‍ക്കായി മറ്റ് ചില പരിശോധനകളുമുണ്ട്.
കേള്‍വിയെ സംരക്ഷിക്കാന്‍
ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ കേള്‍വിയെയും ചെവിയുടെ ആരോഗ്യത്തെയും സംരക്ഷിക്കാന്‍ സാധിക്കും. ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് വളരെ കാലം വലിയ ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നത് ചെവിക്കത്ര നല്ലതല്ല. ഇത്തരം അവസരങ്ങളില്‍ ശബ്ദം കുറക്കാന്‍ ശ്രദ്ധിക്കുമല്ലോ. തുടര്‍ച്ചയായി ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കരുത്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ചെവിയുടെ വൃത്തി. കൃത്യമായി ചെവി കഴുകുകയും ചെവിയുടെ ഉള്‍വശം തുടച്ചു വൃത്തിയാക്കുകയും വേണം.
എന്നാല്‍ ഇയര്‍ ബഡ്‌സുകള്‍ അമിതമായി ഉപയോഗിക്കുന്നത് ഇയര്‍ ഡ്രമ്മിനെ തകരാറിലാക്കാനും ചെവിക്കായം കൂടുതലായി ഉത്പാദിപ്പിക്കാനും കാരണമാകുന്നു. ചെവിയില്‍ വിരലിടുന്നതും തുണിയിടുന്നതും ഒഴിവാക്കണം. ഇതും ചെവിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒന്നാണ്. ചില കെമിക്കലുകള്‍ ചെവിയില്‍ അണുബാധ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. വൃത്തിയില്ലാത്ത വെള്ളത്തിലൂടെയും അണുബാധയുണ്ടാകാം. പരിധിയില്‍ കവിഞ്ഞ വലിയ ശബ്ദങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ചുറ്റിനുമുള്ള ശബ്ദത്തെ പറ്റിയും അതിന്റെ തീവ്രതയെ പറ്റിയും ബോധവാന്മാരാവുക. ചെവിയില്‍ മൂര്‍ച്ചയുള്ള ഒരു വസ്തുക്കളും തന്നെ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതോടൊപ്പം കൃത്യമായ ഇടവേളകളില്‍ കേള്‍വി പരിശോധിക്കാനും മറക്കണ്ട. ശ്രദ്ധിക്കാതെ വിട്ട് കളഞ്ഞാല്‍ അമൂല്യമായ ഒരു ശക്തി തന്നെയാവും നിങ്ങള്‍ക്ക് നഷ്ടമാകുക.