spot_img

മറവി രോഗമുള്ളവരെ പരിചരിക്കാം സ്നേഹത്തോടെ

മൂന്നു സെക്കന്‍ഡില്‍ ഒരാള്‍ക്ക് മറവിരോഗം (Dementia) ബാധിക്കുന്നുവെന്നാണ് കണക്ക്. ലോകത്താകമാനം 50 ദശലക്ഷം ആളുകള്‍ ഈ രോഗം ബാധിച്ച് ജീവിക്കുന്നു. ഈ രോഗത്തെത്തുടര്‍ന്ന് രോഗിക്കു മാത്രമല്ല, ചുറ്റുമുള്ളവര്‍ക്കും പ്രയാസം ഉണ്ടാകുന്നു. അതിനാല്‍ രോഗബാധിതര്‍ക്ക് ശരിയായ സംരക്ഷണം നല്‍കുക എന്നതാണ് മറവി രോഗത്തോടു പൊരുത്തപ്പെട്ടു ജീവിക്കാനുള്ള പോംവഴി.

പ്രായമായവരിലാണ് ഡിമെന്‍ഷ്യ പ്രധാനമായും കാണപ്പെടുന്നത്. ഓര്‍മയെ മാത്രമല്ല, ചിന്താശക്തിയെയും പെരുമാറ്റത്തെയും ഇത് ബാധിക്കുന്നു. രോഗബാധിതര്‍ക്ക് യുക്തിപൂര്‍വം ചിന്തിക്കാനോ, പ്രശ്ന പരിഹാരത്തിനോ, സ്വന്തം ദിനചര്യകള്‍ മാനേജ് ചെയ്യാനോ, വികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനോ കഴിയില്ല.

ഓര്‍മശക്തിയെ മാത്രം ബാധിക്കുന്ന അസുഖമാണെന്ന രീതിയില്‍ ഇതിനെ ചെറുതായി കാണാനാവില്ല. നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വലിയ അനന്തരഫലങ്ങള്‍ ഈ രോഗത്തിനുണ്ടായേക്കും. രോഗം മൂര്‍ഛിക്കുന്നതിനനുസരിച്ച് താഴെ പറയുന്ന കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാകും.

  • ആശയവിനിമയം
  • ഓര്‍മ്മ
  • പെരുമാറ്റം
  • ഭക്ഷണരീതി, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍
  •  ഉറക്കം
  • വിസര്‍ജ്ജനത്തിനു ശേഷമുള്ള ശുചീകരണം

മറവിരോഗം ബാധിച്ച നിങ്ങളുടെ പ്രിയപ്പെട്ടവരെ സ്നേഹത്തോടെ പരിപാലിക്കാന്‍ സഹായകമായ ചില നിര്‍ദ്ദേശങ്ങള്‍

1. ക്ഷമയോടെയും പതുക്കെയും വ്യക്തമായും ആശയവിനിമയം ചെയ്യുക

  1. തെറ്റായ ആശയവിനിമയമാണ് പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. ചില കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല്‍ മികച്ച ആശയവിനിമയം നടത്താന്‍ കഴിയും.
  2.  പ്രസന്നരായും സന്തോഷത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുക : നിങ്ങളുടെ സംസാരത്തിലും മുഖഭാവത്തിലും ശബ്ദവിന്യാസത്തിലുമെല്ലാം സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാന്‍ ശ്രമിക്കുക.
  3. ശ്രദ്ധതിരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക : അവരോട് ആശയവിനിമയം നടത്തുന്നതിനിടയില്‍ ശ്രദ്ധതിരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക. റോഡിലെ വാഹനങ്ങളുടെ ശബ്ദമോ, വീടിനകത്തെ ടെലിവിഷന്റെ ശബ്ദമോ നിങ്ങളും രോഗിയും തമ്മിലുള്ള സംസാരത്തെ തടസ്സപ്പെടുത്തുന്നുവെങ്കില്‍ ടെലിവിഷന്‍ ഓഫ് ചെയ്യുകയോ ജനലുകള്‍ അടക്കുകയോ ചെയ്യുക. രോഗിക്ക് നിങ്ങളെ നന്നായി കേള്‍ക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുക.
  4. വിഷയം മാറ്റുക : രോഗി എന്തെങ്കിലും കാരണത്താല്‍ അസ്വസ്ഥരാകുകയോ ക്ഷോഭിക്കുകയോ ചെയ്താല്‍ ഉടന്‍ വിഷയം മാറ്റുക. പകരം അവരെ നടക്കാന്‍ കൊണ്ടുപോകുകയോ മ്യൂസിക് കേള്‍പ്പിക്കുകയോ ചെയ്യുക.
  5. വളരെ പഴയ കാര്യങ്ങളെക്കുറിച്ച് മാത്രം ചോദിക്കുക : മറവി രോഗത്തിന്റെ പ്രകൃതമനുസരിച്ച് രോഗിക്ക് അവരുടെ വളരെ പഴയ കാലത്തെ ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ടാകും. എന്നാല്‍ അടുത്തിടെയുണ്ടായ കാര്യങ്ങള്‍ ഓര്‍മയിലുണ്ടാവണമെന്നില്ല. അതിനാല്‍ അടുത്തിടെയുണ്ടായ കാര്യങ്ങളെക്കുറിച്ച് ചോദിക്കാതിരിക്കുക.
  6.  പേരു വിളിച്ച് അഭിസംബോധന ചെയ്യുക
  7.  പതുക്കെയും വ്യക്തമായും സംസാരിക്കുക
  8.  ചോദ്യങ്ങള്‍ ലളിതമായി ചോദിക്കുക
  9. തമാശകള്‍ പങ്കുവെക്കുക
  10. വാക്കാല്‍ മറുപടി നല്‍കുന്നില്ലെങ്കില്‍ ആംഗ്യഭാഷയില്‍ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുക
  11. അവര്‍ ചെയ്തത് തെറ്റാണെന്ന് തെളിയിക്കാന്‍ ശ്രമിക്കാതിരിക്കുക

2. പെരുമാറ്റ പ്രശ്നത്തിന്റെ പ്രേരകങ്ങള്‍ തിരിച്ചറിയാം

മറവിരോഗമുള്ള ഓരാള്‍ക്ക് വിഷാദരോഗം, ഉല്‍ക്കണ്ഠ, ക്ഷോഭം, ആക്രമണോത്സുകത, ഹാലൂസിനേഷന്‍ (ഇല്ലാത്തത് ഉണ്ടെന്നു തോന്നല്‍) എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിഷാദവും ഉല്‍ക്കണ്ഠയും മനോരോഗ വിദഗ്ധന്റെ സഹായത്തോടെ ചികിത്സിച്ചു സുഖപ്പെടുത്തണമെങ്കിലും മറ്റു പ്രയാസങ്ങള്‍ രോഗിയെ പരിചരിക്കുന്നയാള്‍ക്കു തന്നെ മാനേജ് ചെയ്യാന്‍ കഴിയും.

താഴെ പറയുന്ന രീതിയില്‍ അത്തരം പെരുമാറ്റ രീതികളെ മാനേജ് ചെയ്യാം.

  • ശാന്തമായിരിക്കാം
  •  വാദപ്രതിവാദവും ഏറ്റുമുട്ടലും ഒഴിവാക്കാം
  •  പലപ്പോഴും വേദനയായിരിക്കും അസാധാരണ പെരുമാറ്റത്തിനു കാരണം. അതിനാല്‍ പെരുമാറ്റത്തിലെ വ്യത്യാസത്തിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കാം
  •  മറ്റേതൊരു രോഗത്തിന്റെയും ലക്ഷണം പോലെ ഒരു രോഗലക്ഷണം മാത്രമായി ഇതിനെ കാണാം.
  • രോഗിയുടെ പെരുമാറ്റം വ്യക്തിപരമായി എടുക്കാതിരിക്കാം. രോഗി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അവരറിയാതെ നിയന്ത്രണാതീതമായി പ്രകടിപ്പിക്കപ്പെടുന്നതാണ് എന്ന് മനസ്സിലാക്കാം.

3. എല്ലാം ചെയ്തു കൊടുക്കാതെ തന്നെ നന്നായിരിക്കാന്‍ സഹായിക്കാം

മറവിരോഗമുള്ളവര്‍ക്ക് അവരുടെ ദിനചര്യകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ കഴിയില്ല. എന്നാല്‍ ഇത്രനാള്‍ അവര്‍ സ്വന്തമായി ചെയ്തിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നില്ല എന്ന് തിരിച്ചറിയുന്നത് അവരില്‍ തങ്ങളെ ഒന്നിനും കൊള്ളില്ല എന്ന തോന്നലുണ്ടാക്കിയേക്കും. അതിനാല്‍ അവര്‍ക്ക് എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാതെ അവരെക്കൊണ്ടു തന്നെ ചെയ്യിച്ച് ആവശ്യമുള്ള പിന്തുണ മാത്രം നല്‍കുക. വീട്ടിലെ ചെറിയ ചെറിയ ജോലികളില്‍ അവരെ പങ്കെടുപ്പിക്കുക. കാര്യങ്ങള്‍ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് എഴുതിയ ചെറിയ ചെറിയ പോസ്റ്ററുകള്‍ അവിടവിടെ ഒട്ടിച്ചുവെക്കുക.

4. സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുക

രോഗിയെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കുക. രോഗിയുടെ പെരുമാറ്റത്തിലെ വ്യത്യാസം ചിലപ്പോള്‍ സന്ദര്‍ശകരെ അലോസരപ്പെടുത്തിയേക്കാമെങ്കിലും ഇത്തരം സന്ദര്‍ശനങ്ങള്‍ വളരെ നിര്‍ണ്ണായകമാണെന്നതിനാല്‍ അതിന് അനുവദിക്കുക. അവരുടെ ദിനചര്യകളും വിനോദങ്ങളും ശീലങ്ങളും പരമാവധി അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുക. ഉദാഹരണത്തിന്, ആഴ്ചയിലൊരിക്കല്‍ പള്ളിയില്‍ പോകുന്ന ശീലമുള്ളവരായിരുന്നുവെങ്കില്‍ അവരെ പള്ളിയില്‍ കൊണ്ടുപോകുക. വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകുന്ന ശിലമുണ്ടായിരുന്നുവെങ്കില്‍ അതിനും അനുവദിക്കുക. അവര്‍ വീട്ടിലേക്കുള്ള വഴി മറന്നുപോകാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ട് അവരെ തനിച്ചു നടക്കാന്‍ വിടരുത്. ഒരു സഹായിയുടെ കൂടെ മാത്രമേ എവിടെയും വിടാവൂ. അടുത്തിടെ നടന്ന ഒരു പഠനമനുസരിച്ച് ആഴ്ചയില്‍ ചുരുങ്ങിയത് 60 മിനിറ്റെങ്കിലും സംസാരിക്കുന്നവരില്‍ വേദനയും മറ്റു അസ്വസ്ഥകളും കുറവായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസവും കുറച്ചു നേരമെങ്കിലും അവരോട് സംസാരിക്കാന്‍ ശ്രമിക്കുക.

5. ശരിയായ പോഷണം ഉറപ്പാക്കുക

മറവിരോഗമുള്ളവര്‍ കൃത്യമായി ഭക്ഷണം കഴിക്കാന്‍ മറന്നുപോകാറുണ്ട്. അത് അവര്‍ക്ക് പോഷകക്കുറവ് ഉണ്ടാക്കിയേക്കും. അതിനാല്‍ രോഗിയെ പരിചരിക്കുന്നവര്‍ അവരുടെ ഡയറ്റിലും ശ്രദ്ധിക്കേണ്ടതുണ്ട്. തങ്ങള്‍ക്ക് വിശക്കുന്നു എന്നോ എന്ത് ഭക്ഷണമാണ് വേണ്ടതെന്നോ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അതിനാല്‍ എപ്പോഴും കാണത്തക്കവിധത്തില്‍ ഭക്ഷണവും വെള്ളവുമെല്ലാം അവര്‍ക്കരികില്‍ ലഭ്യമാക്കണം.

6. വ്യക്തിശുചിത്വത്തില്‍ ശ്രദ്ധിക്കുക

മൂത്രാശയ അണുബാധ, മലബന്ധം, അജിതേന്ദ്രിയത്വം എന്നിവ സാധാരണയായി മുതിര്‍ന്നവരില്‍ കാണുന്ന പ്രശ്നങ്ങളാണ്. ഇതിനു പുറമെ മറവി രോഗമുള്ളവര്‍ക്ക് ടോയ്ലറ്റ് എവിടെയാണെന്നോ, ടോയ്ലറ്റില്‍ പോകേണ്ട സമയം എപ്പോഴാണെന്നോ അറിയാതെ കൂടി വരുമ്പോള്‍ രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാകുന്നു. അതിനാല്‍ ഇവര്‍ക്കായി ടോയ്ലറ്റ് തിരിച്ചറിയാനുള്ള സൈന്‍ ബോര്‍ഡുകളോ മറ്റു സൂചനകളോ പെട്ടെന്നു കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കുക. ടോയ്ലറ്റിന് പെട്ടെന്നു തുറക്കാന്‍ കഴിയുന്ന വാതിലും രോഗിക്ക് വേഗത്തില്‍ മാറ്റാവുന്ന വസ്ത്രങ്ങളും ഉറപ്പാക്കുക. രോഗി പലപ്പോഴും ടോയ്ലറ്റില്‍ പോയതിനു ശേഷം കൈയും ശരീര ഭാഗങ്ങളും കഴുകാനും ശുദ്ധിവരുത്താനും മറന്നുപോയെന്നു വരാം. ചില രോഗികള്‍ പരിചാരകനെ കൂടെ നില്‍ക്കാന്‍ സമ്മതിക്കുമെങ്കിലും കൂടുതല്‍ പേരും അതിനു സമ്മതിക്കുകയില്ല. അതിനാല്‍ അവര്‍ വ്യക്തി ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

7. രോഗിയുടെ ഭാവിയിലെ ആരോഗ്യവും ധനപരവുമായ കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുക

രോഗിയുടെ ഭാവിയിലെ ധനപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യുക. രോഗിയുടെ അവസ്ഥയെക്കുറിച്ച് യൂട്ടിലിറ്റി കമ്പനികളെ ധരിപ്പിക്കുകയും പരിചരിക്കുന്നയാളുടെ മൊബൈല്‍ നമ്പര്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക. ബില്ലടക്കാനോ മറ്റോ അവര്‍ മറന്നുപോയാല്‍ വൈദ്യുതി, വെള്ളം എന്നിവ വിഛേദിക്കാതിരിക്കാന്‍ ഇത് ആവശ്യമാണ്. ഭാവിയില്‍ രോഗം മൂര്‍ഛിക്കുന്ന സമയത്തേക്കാവശ്യമായ ചികിത്സാ പ്ലാനുകളും മുന്‍കൂട്ടി തീരുമാനിക്കുക.

8. നിങ്ങളുടെ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ മറക്കാതിരിക്കുക

മറവിരോഗമുള്ളവരെ പരിചരിക്കുന്നവര്‍ പലപ്പോഴും അവരുടെ ജീവിതം സ്വയം നഷ്ടപ്പെടുത്തും. ഇങ്ങനെയൊരാളെ പരിചരിക്കേണ്ടി വന്നതില്‍ ദേഷ്യവും നിരാശയും മടുപ്പും ഉണ്ടായേക്കും. രോഗിയോടുള്ള അടുപ്പത്തില്‍ കുറവുണ്ടാകാന്‍ ഇത് കാരണമാകുന്നു. എന്നാല്‍ അത്തരം ചിന്തകള്‍ നിങ്ങളെ മാത്രമല്ല തളര്‍ത്തുന്നത്, നിങ്ങളുടെ പെരുമാറ്റം രോഗിയെയും വിഷമിപ്പിക്കും.

ചില കാര്യങ്ങളില്‍ ശ്രദ്ധകൊടുത്ത് പരമാവധി അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കാം.

  • ചിട്ടയോടെ പ്രവര്‍ത്തിക്കുക : ചെയ്യാനുള്ള കാര്യങ്ങളുടെ ലിസ്റ്റുണ്ടാക്കി പ്രാധാന്യമനുസരിച്ച് ഓരോന്നായി ചെയ്യുക. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കു കൂടി സമയം കണ്ടെത്തുക.
  •  യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിച്ച് മാത്രം ആസൂത്രണം ചെയ്യുക : നിങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെ മാത്രം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക. നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കായി സമയം പാഴാക്കരുത്.
  • താരതമ്യം ചെയ്യാതിരിക്കുക : നിങ്ങളുടെ ജീവിതം മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാതിരിക്കുക. മറവി രോഗമുള്ളവരെ പരിചരിക്കുന്ന മറ്റുള്ളവരുടെ ജീവിതം നിങ്ങളുടേതിനേക്കാള്‍ മെച്ചപ്പെട്ടതാണെന്നും മറ്റുമുള്ള താരതമ്യങ്ങള്‍ ഒഴിവാക്കുക. ഓരോരുത്തരും വ്യത്യസ്തരാണ്.
  • സഹായം തേടുക : നെഗറ്റീവ് ചിന്തകള്‍ തളര്‍ത്തുന്ന സമയത്ത് ചുറ്റുമുള്ളവരുടെ സഹായം തേടുക.
  •  ഇടവേളകള്‍ നല്‍കുക : ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം നിങ്ങള്‍ക്കു മാത്രമായി സമയം കണ്ടെത്തുക. ആ ദിവസം സിനിമ കാണാനോ, സുഹൃത്തുക്കളെ കാണാനോ വായിക്കാനോ ഒക്കെയായി ചെലവഴിക്കുക. രോഗിയ്ക്ക് ബദല്‍ സഹായം ചെയ്തിട്ടു മാത്രം ഇപ്രകാരം അവധിയെടുക്കുക. എന്നാല്‍ മാത്രമേ അതേക്കുറിച്ച് ചിന്തിക്കാതെ സ്വസ്ഥമായി സമയം വിനിയോഗിക്കാന്‍ കഴിയൂ.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.