spot_img

വായ് പുണ്ണ് ചെറിയ രോഗമല്ല; വരുംമുമ്പ് പ്രതിരോധിക്കാം

പഴങ്കഥകളിലും പഴൊഞ്ചൊല്ലുകളിലും ഹാസ്യ രൂപേണ വര്‍ണ്ണിച്ചു കേട്ടിട്ടുള്ള ഒരസുഖമാണ് ‘വായ് പുണ്ണ്’. ഇത്ര നിസ്സാരമായ ഒരസുഖം മനുഷ്യന്റെ ശരീരത്തില്‍ വരാനുണ്ടോ എന്ന് കരുതുന്നവരുണ്ട്. മാനസിക പിരിമുറുക്കം മുതല്‍ മാരക രോഗങ്ങള്‍ വരെ വായ് പുണ്ണിന് കാരണമാണ് എന്നറിയുമ്പോഴാണ് വായ് പുണ്ണെന്ന ഭീകരന്റെ ‘റീച്ച്’ എത്രത്തോളം ആണെന്ന് മനസ്സിലാവുക. സ്ഥിരമായി വായ്പുണ്ണുണ്ടാകുന്നവര്‍ മാനസികമായി പോലും തകര്‍ന്നു പോകാറുണ്ട്!

വട്ടത്തിലോ ദീര്‍ഘ ത്താകൃതിയിലോ ഉള്ള, സാധാരണ കവിള്‍, ചുണ്ടുകള്‍, നാക്ക് എന്നിവിടങ്ങളില്‍ ഉണ്ടാകാറുള്ള വൃണങ്ങളെയാണ് വായ്പുണ്ണ് എന്ന് പറയുന്നത്. ഒന്നില്‍ കൂടുതല്‍ എണ്ണം ഉണ്ടായി അവ കൂടി ചേര്‍ന്ന് വലിയൊരെണ്ണം ആയി മാറുന്ന തരം പുണ്ണുകളും ഉണ്ട്. ചുവപ്പ്, മഞ്ഞ, വെള്ള, തുടങ്ങി വിവിധ നിറങ്ങളിലും അവ കാണപ്പെടുന്നു.

വായ് പുണ്ണുകള്‍ പലപ്പോഴും ഹെര്‍പെറ്റിക് വൃണങ്ങളുമായി തെറ്റിധരിക്കപ്പെടാറുണ്ട്. ജലദോഷം, പനി തുടങ്ങിയ ബുദ്ധിമുട്ടുകളോടൊപ്പം ചുണ്ടുകളുടെ ചുറ്റും അല്ലെങ്കില്‍ അരികുകളിലോ അണ്ണാക്കിലോ സാധാരണ കാണുന്ന വൃണങ്ങളാണ് ഹെര്‍പറ്റിക് വൃണങ്ങള്‍. സാധാരണ വായ് പുണ്ണുകളില്‍ നിന്ന് വ്യത്യസ്തമായി ഇവ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ്. ചൊറിച്ചിലും എരിച്ചിലും അവയ്ക്ക് കൂടുതല്‍ ഉണ്ടാവുകയും ചെയ്യും.

പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ടാണ് വായ് പുണ്ണ് ഉണ്ടാകുന്നത്. വായ്ക്കുള്ളില്‍ ഉണ്ടാകുന്ന ചെറിയ പരിക്കുകളാണ് അതില്‍ ഏറ്റവും പ്രധാനം. കട്ടി കുടിയ ചിപ്‌സോ മുറുക്കോ വായില്‍ കൊള്ളുക, വേഗത്തില്‍ അശ്രദ്ധമായ ബ്രഷിംഗ്, ഇളക്കമുള്ള പല്ല് സെറ്റ്, ദന്ത ചികിത്സ തുടങ്ങിയവയൊക്കെ വായ്ക്കുള്ളില്‍ പരിക്കിന് കാരണമാകാം. ചിലര്‍ക്കെങ്കിലും പാരമ്പര്യമായി വായ് പുണ്ണ് ഉണ്ടാവാറുണ്ട്. അങ്ങനെ കാണുന്നവരില്‍ 10-20 വയസ്സിനിടയിന്‍ അവ മാറി പോകുന്നതും കണ്ടിട്ടുണ്ട്. അലര്‍ജി മൂലമുള്ള വായ് പുണ്ണ് സാധാരണയാണ്. കാപ്പി, ചില ചോക്ലേറ്റ്, മുട്ട, ചീസ് എന്തിന് അയല മീന്‍ വരെ ചിലര്‍ക്ക് അലര്‍ജിയാവാം. വിറ്റാമിനുകളുടെ കുറവ് മൂലം വായ് പുണ്ണ് ഉണ്ടാകാം. സിങ്ക്, B_12, folate, iron എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്.
പുകവലിക്കുന്നതും പുകവലി പെട്ടെന്ന് നിര്‍ത്തുന്നതും വായ് പുണ്ണിന് കാരണമാകാറുണ്ട്. അതു പോലെ തന്നെ ചില മരുന്നുകളുടെ ഉപയോഗവും. സ്ത്രീകളില്‍ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ കാരണം മാസ മുറയോടനുബന്ധിച്ചും ഗര്‍ഭ കാലത്തും വായ് പുണ്ണ് സാധാരണയായി കണ്ടു വരുന്നു. മാനസിക പിരിമുറുക്കവും ഉറക്ക കുറവും വായ്പുണ്ണ് ഉണ്ടാക്കും. വെറുതെയാണോ പരീക്ഷാ കാലത്ത് കുട്ടികളില്‍ വായ്പുണ്ണ് അധികമായി കാണുന്നത്!
എയിഡ്‌സ്‌ പോലുള്ള സങ്കീര്‍ണ രോഗങ്ങളിലും വായ്പുണ്ണ് സര്‍വ്വ സാധാരണമാണ്.

വായ് പുണ്ണിന്റെ ചികിത്സയേക്കാള്‍ വിഷമം പിടിച്ചതാണ് രോഗ നിര്‍ണ്ണയം. പൂജ്യം വെട്ടി കളിക്കുന്നത് പോലെ കാരണങ്ങളെ ഓരോന്നോരോന്നായി വെട്ടി കളഞ്ഞു ‘വെറും വായ്പുണ്ണ്’ എന്ന നിഗമനത്തില്‍ എത്തേണ്ടത് തീര്‍ച്ചയായും വിദഗ്ധ ദന്തല്‍ സര്‍ജന്‍ തന്നെ!

ഖണ്ഡിതമായ ഒരു ചികിത്സ രീതിയ്ക്ക് പകരം ലാക്ഷണികമായ ചികിത്സയാണ് വായ്പുണ്ണിന് വേണ്ടി വരുന്നത്. ആന്റി ബയോട്ടിക്കുകള്‍, മറ്റു അണു നാശിനികള്‍, വേദന സംഹാരികള്‍, സ്റ്റീറോയിഡുകള്‍, എന്നിവയെല്ലാം രോഗത്തിന്റെ ദൈര്‍ഘ്യത്തിനും കാഠിന്യത്തിനും അനുസരിച്ച് ഉപയോഗിച്ച് വരുന്നു.

ചികിത്സയേക്കാള്‍ ഉത്തമം പ്രതിരോധമാണെന്ന് പണ്ടാരോ പറഞ്ഞത് വായ്പുണ്ണിനെ കുറിച്ചാണോ എന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. വായിലെ എല്ലാ തരം അണുബാധകളും ഒഴിവാക്കാന്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ഒറ്റമൂലി ആണ് ഇളം ചൂടുള്ള ഉപ്പിട്ട വെള്ളം കവിള്‍ കൊള്ളുക എന്നത്. അല്പം സോഡാ പൊടി ചേര്‍ത്ത വെള്ളത്തില്‍ വായ് കഴുകുന്നതും നല്ലത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല ഉറക്കവും പോഷക സമൃദ്ധവുമായ ആഹാരമാണ്. വിറ്റാമിനുകളുടെ കുറവ് നികത്താന്‍ ഗുളികയായോ സിറപ്പായോ അവ കഴിക്കാം. പരീക്ഷ കാലത്ത് സിനിമ കാണാനും പാട്ടു കേള്‍ക്കനും ശ്രദ്ധിക്കുക.

വായ് പുണ്ണ് വന്ന് അത് മൂന്നാം ദിവസം ക്യാന്‍സറായ ചരിത്രം ഇന്നു വരെ രേഖപ്പെടുത്തിയിട്ടില്ല. അതു കൊണ്ട് വായ്പുണ്ണ് വച്ചു കൊണ്ട് എനിക്ക് ക്യാന്‍സര്‍ വരുമോ എന്ന് പേടിച്ച് ജീവിക്കേണ്ട ആവശ്യമില്ല. ഭക്ഷണം കഴിക്കുമ്പോഴും ബ്രഷ് ചെയ്യുമ്പോഴും എരിച്ചിലും വേദനയും കുറയ്ക്കാന്‍ ഡോക്ടര്‍ കുറിച്ചു തന്നെ അനസ്‌തെറ്റിക്ക് ഓയിന്റ്‌മെന്റുകള്‍ അതിന് തൊട്ട് മുമ്പായി പുരട്ടുക. ആശ്വാസമായി പല്ലു തേക്കുക. വായ് പുണ്ണുള്ള സമയത്ത് നല്ലൊരു മൗത്ത് വാഷും ഉപയോഗിക്കുക…

നിങ്ങളുടെ സുന്ദരമായ പുഞ്ചിരിയേയും ആത്മവിശ്വാസത്തെയും തകര്‍ക്കാന്‍ ചെറിയൊരു വായ്പുണ്ണ് കാരണമാവാതിരിക്കട്ടെ!

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.