spot_img

സൈബര്‍ ലോകത്തില്‍ ഒളിഞ്ഞിരിക്കുന്ന ‘ഇന്റര്‍നെറ്റ് രോഗങ്ങള്‍’; ഭയക്കണം ഈ ലക്ഷണങ്ങള്‍

ഇന്റര്‍നെറ്റില്‍ രോഗങ്ങളോ? അതേ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടും നിരവധി രോഗങ്ങളുണ്ട്. സൈബര്‍ ലോകം പുതിയൊരു സാമൂഹിക ക്രമമായി മാറിയപ്പോള്‍ അതിന് സമാന്തരമായി രൂപപ്പെട്ടതാണ് സൈബര്‍ രോഗങ്ങളും. സോഷ്യല്‍ മീഡിയ വഴി നടന്നതും നടക്കുന്നതുമായ മുന്നേറ്റങ്ങളുടെ സമാന്തരമായി തന്നെ അതിന്റെ പ്രശ്നങ്ങളും മുന്നേറുന്നുണ്ട്. ഒരാള്‍ക്ക് സ്വഭാവികമായി ഉള്ള ആകുലതകളും ഉത്കണ്ഠകളും വര്‍ദ്ധിപ്പിക്കാനല്ലാതെ സൈബര്‍ ഇടത്തില്‍ ഗുണകരമായ എന്തെങ്കിലും കണ്ടെത്തുക ബുദ്ധിമുട്ടാണ്.

നിലവിലുള്ള പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമായ അവസ്ഥയില്‍ എത്തിക്കാന്‍ മാത്രമാകും ഇന്റര്‍നെറ്റിന് സാധിക്കുക.

സ്വയം ചികിത്സ അഥവാ സൈബര്‍ കോണ്‍ഡ്രിയ

ഇത് ഇന്റര്‍നെറ്റ് യുഗത്തിലെ സംശയ രോഗമാണ്. സ്വന്തം രോഗ വിവരം അന്വേഷിക്കാനും ഗൂഗിളിനെ ആശ്രയിക്കുന്നത് മൂലമാണ് ഈ രോഗമുണ്ടാകുന്നത്. ഡോക്ടറെ കാണാന്‍ പോകാന്‍ സമയമില്ല, അല്ലെങ്കില്‍ മടി. എന്നാലും തന്റെ രോഗവിവരം അറിയണം എന്നുമുണ്ട്. അതിനായി ഗൂഗിളിനെ ആശ്രയിക്കാന്‍ തീരുമാനിക്കും. നിലവില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാകും ഗൂഗിളിലെ സെര്‍ച്ചിങ്ങ്. ഉള്ള അസുഖത്തിന്റെ വിവരങ്ങളാവണമെന്നില്ല ഗൂഗിളില്‍നിന്ന് ലഭിക്കുന്നത്. ഗൂഗിളില്‍ ഒന്ന് പരതി കഴിയുമ്പോള്‍ തനിക്ക് ഒന്നിലധികം അസുഖങ്ങളുണ്ടോ എന്നാകും സംശയം. അങ്ങനെ സംശയങ്ങളുടെ ഒരു ആകെ തുകയായി സമയ നഷ്ടവും ധനനഷ്ടവും മാത്രമാകും ബാക്കി.

പറഞ്ഞ് വന്നത് ഗൂഗിളില്‍ നോക്കി സ്വയം ചികിത്സ നടത്തുന്നതും ഒരു അസുഖമാണെന്നാണ്. ആ അസുഖം സൈബര്‍ കോണ്‍ഡ്രിയ എന്ന് വിളിക്കപ്പെടും.

നിസാരമായ തലവേദനയും ചുമയും തുടങ്ങുമ്പോള്‍ തന്നെ തനിക്ക് മാരക രോഗമാണെന്ന് വിശ്വസിക്കുന്നവരാണ് നല്ലൊരു ശതമാനവും. ഇങ്ങനെ ബ്രെയിന്‍ ട്യൂമറും ക്യാന്‍സറും ആണെന്ന് ഭീതിപ്പെടുന്നത് നാല് മുതല്‍ ഒന്‍പത് ശതമാനം ആളുകളാണ്. ഉള്ള അസുഖ ഭീതിക്ക് ഗൂഗിളിന്റെ കൂടി സഹായം തേടുന്നുവെന്നേ ഉള്ളൂ. അസുഖ ഭീതി സര്‍വ്വസാധാരണമായ ഒരു കാര്യമാണ്. ചെറിയൊരു ജലദോഷത്തിന് ക്യാന്‍സറിന്റെ ഭീതിയാണ് ഇത്തരക്കാര്‍ക്ക് ഗൂഗിള്‍ സമ്മാനിക്കുന്നത്.

ഗൂഗിളിനെ ആശ്രയിക്കാതിരിക്കുക എന്നതാണ് ഒന്നാമത്തെ പ്രതിവിധി. പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറെ കാണുക.

ഇന്റര്‍നെറ്റ് അഡിക്ഷന്‍

ഇന്റര്‍നെറ്റില്‍ പരിധികളില്ലാതെ സമയം ചെലവഴിക്കുന്ന അവസ്ഥയാണ് ഇന്റര്‍നെറ്റ് അഡിക്ഷന്‍. ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും ഇന്റര്‍നെറ്റില്‍ സമയം ചിലവഴിക്കുന്ന നല്ലൊരു വിഭാഗം ആളുകള്‍ക്കും ഇന്റര്‍നെറ്റ് അഡിക്ഷന്‍ പ്രവണതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗാതുരമായ അവസ്ഥയില്‍ അയാളുടെ വ്യക്തി ജീവിതത്തേയും സാമൂഹിക ജീവിതത്തേയും ബാധിക്കുന്നു.

കടുത്ത മദ്യപാനിയാണോ എന്നറിയാന്‍ നടത്തുന്നത് പോലൊരു പരിശോധന ഇവിടെയുമുണ്ട്. അവിടെ അളവാണ് മാനദണ്ഡമെങ്കില്‍ ഇവിടെ സമയമാണെന്ന വ്യത്യാസം മാത്രം. ഒരു ദിവസം എത്ര മണിക്കൂര്‍ ഇന്റര്‍നെറ്റിന് മുമ്പില്‍ ചെലവഴിക്കുന്നുണ്ട് എന്നതാണ് ചോദ്യം. ഒരു ദിവസം ആറ് മണിക്കൂറിലധികം ഇന്റര്‍നെറ്റില്‍ ചിലവഴിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ പ്രശ്നത്തിലാണെന്ന് സാരം. ജോലി സംബന്ധമായി നീണ്ട നേരം ഇരിക്കുന്നതും പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ ഇന്റര്‍നെറ്റില്‍ പരതുന്നത് അപകടമണിയാണ്. ഇങ്ങനെ തുടര്‍ച്ചയായി കുറഞ്ഞത് മൂന്ന് മാസമെങ്കില്‍ ചെയ്താല്‍ നിങ്ങളൊരു മുഴുക്കുടിയനാണ് എന്നതിന് സമാന അവസ്ഥയിലെത്തും.

മറ്റെന്ത് ഉത്തരവാദിത്വങ്ങള്‍ ഉണ്ടെങ്കിലും അത് മാറ്റിവെച്ച് ഇന്റര്‍നെറ്റിന് മുമ്പില്‍ ചിലവഴിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള മാര്‍ഗ്ഗമായി ഉപബോധ മനസ്സ് സ്വീകരിച്ച മാര്‍ഗ്ഗമാകാം ഇത്. എന്തായാലും തിരിച്ചറിയപ്പെടുക തന്നെ വേണ്ട അവസ്ഥയാണിത്.

ഇന്റര്‍നെറ്റിന് അടിമകളായവര്‍ ലൈംഗിക ചിത്രങ്ങള്‍ കാണുന്നതിനും ചാറ്റ് ചെയ്യുന്നതിനും അമിതമായ താത്പര്യം കാണിക്കും. ചൂതാട്ട പ്രിയമാണ് മറ്റൊരു അപകടം. ചുമ്മാതെ നോക്കിയിരുപ്പുകാരാണ് കൂടുതലും. സമയം പോകുന്നതറിയാതെ മറ്റുള്ളവരുമായി ബന്ധങ്ങളൊന്നുമില്ലാതെ ജീവിതം തള്ളിനീക്കും. നെറ്റിന്റെ ലഭ്യതയില്‍ കുറവുണ്ടാകുകയോ ഫോണ്‍ കേട് വരുമ്പോഴോ മാത്രമാകും നോര്‍മല്‍ അവസ്ഥയിലെത്തുക.

ഓര്‍മ്മ/മറവി

പണ്ടത്തെ മനക്കണക്കിന്റെ ആശാന്മാരെ ഓര്‍ക്കുന്നില്ലേ? എത്ര വലിയ കണക്കും ഒറ്റ നിമിഷം കൊണ്ട് പറഞ്ഞ് കളയുന്ന ഓര്‍മ്മശക്തിയുള്ള എത്ര പേരായിരുന്നു ഓരോ നാട്ടിലും. ഇപ്പോളൊന്ന് അന്വേഷിച്ച് നോക്കൂ. അവരുടെ വംശം കുറ്റിയറ്റ് പോയിട്ടുണ്ടാകും. പഴയ തലമുറയിലെ ആരെങ്കിലുമൊക്കെ അവശേഷിക്കുന്നുണ്ടാകാം. എന്താണ് ഇതിന് പിന്നിലെന്ന് ആലോചിച്ച് നോക്കാവുന്നതാണ്. എന്തിനും ഏതിനും തന്റെ സ്മാര്‍ട്ട്ഫോണില്‍ ഉത്തരം തിരയുന്നവരുടെ കാലത്ത് ആര് എന്തോര്‍ക്കാന്‍.

സ്മാര്‍ട്ട്ഫോണ്‍ നമ്മുടെ ഓര്‍മ്മശക്തിയെ വല്ലാതെ ബാധിക്കുന്നുണ്ട്. പഴയ സാധാരണ ഫോണായിരുന്ന കാലത്ത് ഒരാള്‍ക്ക് അടുത്ത കൂട്ടുകാരുടെയടക്കം പലരുടേയും നമ്പറുകള്‍ കാണാതെ അറിയാമായിരുന്നു. ഇപ്പോള്‍ സ്വന്തം നമ്പര്‍ പോലും അറിയാത്തവരാണ് പലരും. ഇതൊക്കെ നമ്മുടെ ഓര്‍മ്മശക്തിയുടെ കാര്യമാണ്. സ്മാര്‍ട്ട്ഫോണ്‍ യുഗം വന്നതോടെയാണ് സംഭവിച്ച മാറ്റം കൂടിയാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.