വരും ദിവസങ്ങളില്‍ കേരളത്തില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ട്. സൂര്യാഘാതം ഏല്‍ക്കാതിരിക്കാനുള്ള ചില മുന്‍ കരുതലുകള്‍
- കൃത്യമായ ഇടവേളയില്‍ ധാരാളം വെളളം കുടിക്കുക
- ദിവസവും 2.5 – 3.5 ലിറ്റര്‍ വെളളം കുടിക്കുക. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പു വരുത്തുക
- കൂടുതല്‍ വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെളളം, മോര്, നാരങ്ങാവെളളം എന്നിവ ധാരാളം കുടിക്കുക
- ജോലിക്ക് പോകുമ്പോഴും യാത്ര പോകുമ്പോഴും ആവശ്യത്തിന് വെളളം കരുതുക
- ഭക്ഷണത്തില്‍ വെളളം ധാരാളമടങ്ങിയിട്ടുളള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും, പച്ചക്കറി സാലഡുകളും ധാരാളമായി ഉള്‍പ്പെടുത്തുക
- ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
- ഉച്ച സമയത്ത് പുറത്തു പോകുമ്പോള്‍ കുട ചൂടുക
- സൂര്യപ്രകാശവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ശരീര ഭാഗങ്ങളില്‍ ലേപനങ്ങള്‍ പുരട്ടുക
- വേനലില്‍ പണി എടുക്കുമ്പോള്‍ വീതി കൂടിയ തൊപ്പി ധരിക്കുക
- ഇടയ്ക്കിടെ തണുത്ത വെളളത്തില്‍ കുളിക്കുക
- വാതിലുകളും ജനലുകളും തുറന്നു വയ്ക്കുക
- ചൂടു കൂടുന്നതിനു മുമ്പോ ചൂട് കുറഞ്ഞതിന് ശേഷമോ പാചകം ചെയ്യുക
- അടുക്കളയില്‍ വായു സഞ്ചാരം ഉറപ്പു വരുത്തുക
- കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര രോഗമുളളവര്‍ക്കും പ്രത്യേക പരിചരണം നല്‍കുക.
- പുറത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടയ്ക്ക് തണലില്‍ വിശ്രമിക്കുക
ചൂടിന് അനുസൃതമായി ജോലി സമയം ക്രമീകരിക്കുക
ചൂട് കുറഞ്ഞ സ്ഥലത്ത് നിന്നും ചൂട് കൂടിയ സ്ഥലത്തേക്ക് മാറുമ്പോള്‍ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിന് കുറച്ച് ദിവസത്തേയ്ക്ക് തുടര്‍ച്ചയായി വെയില്‍ ഏല്‍ക്കാതിരിക്കുക. അങ്ങനെ പതുക്കെ പതുക്കെ ശരീരം ചൂടുമായി പൊരുത്തപ്പെടുന്നു. കഠിനമായ ചൂടില്‍ പണി എടുക്കുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എങ്കില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുക
ചെയ്യാന്‍ പാടില്ലാത്തവ
- ഇറുകിയതും പരുത്തി വസ്ത്രങ്ങള്‍ അല്ലാത്തവയുമായ വസ്തുക്കള്‍ ഒഴിവാക്കുക
- കറുത്തവസ്ത്രങ്ങള്‍ ഒഴിവാക്കുക
- ബിയര്‍, മദ്യം, ചായ, കാപ്പി, ശീതള പാനീയങ്ങള്‍ ഇവ ഒഴിവാക്കുക
- കഠിനമായ ചൂടില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്
- വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലും മറ്റ് വാഹനങ്ങളിലും കുട്ടികളെയും പ്രായമായവരെയും ഇരുത്തിയിട്ട് പോകരുത്
അപകട സാധ്യത കൂടിയവര്‍
അപകട സാധ്യത കൂടിയവരെ തിരിച്ചറിയുന്നത് ചൂടു മൂലമുണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്നതിന് അത്യാവശ്യമാണ്. പ്രായമായവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹം മുതലായ രോഗ ബാധിതര്‍, പൊണ്ണത്തടിയുളളവര്‍, മദ്യപാനികള്‍ മുതലായവര്‍ അപകട സാധ്യത കൂടിയവര്‍ ആണ്. വെയിലത്ത് പണി എടുക്കുന്നവര്‍, വെളളം കുറച്ച് കുടിക്കുന്നവര്‍,
പോഷകാഹാര കുറവ് ഉളളവര്‍ എന്നിവരും അപകട സാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു.
അഗതികളെയും അന്യസംസ്ഥാന തൊഴിലാളകളെയും സാരമായി അത്യുഷ്ണം ബാധിക്കുന്നു. തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താത്ക്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്ന അഗതികളായവര്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ സാധിക്കുന്നില്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ സമയവും പുറത്ത് ചിലവഴിക്കുന്നു, പോഷക സമൃദ്ധമായ ആഹാരത്തിന്റെ കുറവ്, മദ്യപാനം ഇവയെല്ലാം അപകട സാധ്യത കൂട്ടുന്നു.
പക്ഷി മൃഗാദികള്‍
മനുഷ്യരെ പോലെ തന്നെ പക്ഷിമൃഗാദികളെയും അത്യുഷ്ണ കാലാവസ്ഥ വളരെ മോശമായി ബാധിക്കുന്നു. മൃഗങ്ങളില്‍ പാല് കുറയുകയും അസുഖങ്ങള്‍ വരാനുളള സാധ്യത കൂടുകയും ചെയ്യുന്നു.
ചെയ്യേണ്ടവ
- പക്ഷിമൃഗാദികളെ സംരക്ഷിക്കുന്നതിനു വേണ്ടി ചൂട് നിയന്ത്രിക്കുന്നതിനായി വയ്‌ക്കോലോ ചണം കൊണ്ടുളള ചാക്കോ കൊണ്ട് മേല്‍ക്കൂര മൂടുക
- പുറത്ത് മേയാന്‍ അനുവദിക്കാതിരിക്കുക
- തൊഴുത്തിനു ചുറ്റും മരങ്ങള്‍ വെച്ച് പിടിപ്പിക്കുക
- ആവശ്യത്തിനു കുടിവെളളം ലഭ്യമാക്കുക
- തണുത്ത വെളളത്തില്‍ ദിവസവും ഒന്നോ രണ്ടോ പ്രാവശ്യം കുളിപ്പിക്കുക
- പോത്ത്, എരുമ മുതലായവയെ വെളളത്തില്‍ മുങ്ങികിടക്കാന്‍ അനുവദിക്കുക.
- പക്ഷികള്‍ക്ക് വേണ്ടി തുറന്നപാത്രത്തില്‍ വെളളം വെച്ച്‌കൊടുക്കുക