ശാരീരികാരോഗ്യത്തിന് എത്ര പ്രാധാന്യം നമ്മള്‍ നല്‍കുന്നുവോ അത്ര തന്നെ പ്രാധാന്യം നമ്മള്‍ മാനസികാരോഗ്യത്തിനും നല്‍കേണ്ടതുണ്ട്. എന്നാല്‍ പൊതുവേ മലയാളികള്‍ മാനസിക പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കാനും മാനസിക രോഗങ്ങള്‍ക്ക് ശാസ്ത്രീയ ചികിത്സ നേടാനും വിമുഖത കാണിക്കുന്നത് കണ്ടു വരാറുണ്ട്. കേരളം മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ നിരവധി വെല്ലുവിളി നേരിടുന്ന ഒരു സമൂഹമാണെന്ന യാഥാര്‍ഥ്യം നമ്മള്‍ പലപ്പോളും അവഗണിക്കുകയാണ് ചെയ്യുന്നത്.
നമുക്കിടയില്‍ കാണപ്പെടുന്ന വളരെ സാധാരണമായ ഒരു മാനസിക പ്രശ്‌നമാണ് വിഷാദ രോഗം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനതയുടെ 4.5 ശതമാനം വിഷാദ രോഗ ബാധിതരാണ്. എന്നാല്‍ വിഷാദ രോഗം അഥവാ ഡിപ്രഷനെക്കുറിച്ച് പൊതു സമൂഹത്തിന് വേണ്ടത്ര ധാരണകളില്ല. വിഷാദവും വിഷാദ രോഗവും തമ്മിലുള്ള വ്യത്യാസങ്ങളെന്താണെന്ന് നമുക്കറിയില്ല. വിഷാദ രോഗത്തിലേയ്ക്ക് നയിക്കുന്ന ജനിതകപരവും മനശ്ശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങളെന്തെല്ലാമാണെന്ന് നമ്മള്‍ തിരിച്ചറിയാതെ പോകുന്നു. വിഷാദ രോഗം പിടിപെട്ടാല്‍ അതു തിരിച്ചറിയാനും വേണ്ട ചികിത്സ നേടാനും സാധിക്കാത്തതു കൊണ്ട് ജോലിയിലും ദാമ്പത്യത്തിലും നിരവധി പ്രശ്‌നങ്ങളാണ് സംഭവിക്കുന്നത്. ആത്മഹത്യകള്‍ക്കുള്ള ഒരു പ്രധാന കാരണം വിഷാദ രോഗമാണ്. അതുകൊണ്ട് വിഷാദത്തെക്കുറിച്ച് നമ്മള്‍ കൂടുതല്‍ അറിയേണ്ടതുണ്ട്.
എല്ലാ ആളുകളിലും പല സമയത്തും വരാവുന്ന ഒരു അവസ്ഥ ആണ് വിഷാദം അഥവാ ഡിപ്രെഷന്‍. ഇത് കാരണം ഒരാളുടെ നൈംദിന ജീവിതത്തിന്റെ താളം തെറ്റുമ്പോള്‍ അത് വിഷാദ രോഗമായി മാറും.
വ്യക്തിക്ക് സ്വന്തമായി തോന്നുന്ന ലക്ഷണങ്ങളിലൂടെ പലപ്പോഴും നമ്മുക്ക് വിഷാദ രോഗത്തെ തിരിച്ചറിയുന്നതിന് സാധിക്കും. പെരുമാറ്റത്തിലുള്ള മാറ്റത്തിലൂടെ കുടുംബാഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ആയിരിക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുക. ചില ലക്ഷണങ്ങള്‍ വിദഗ്ധനായ ഡോക്ടര്‍ക്ക് മാത്രമാണ് തിരിച്ചറിയാന്‍ കഴിയുക
വിഷാദ രോഗത്തിന് നിദാനമായ കാരണത്തെ മാറ്റി നിര്‍ത്തുന്നതാണ് ചികിത്സയുടെ ആദ്യ ഘട്ടം. തുടര്‍ന്ന് രോഗാവസ്ഥയുടെ ഘട്ടം (stage) എന്നതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ ഡോക്ടറുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ചികിത്സ തീരുമാനിക്കുന്നത്.
1. കൃത്യമായ സമയങ്ങളില്‍ ഉറങ്ങുക, ഉണരുക
2 ഓഫീസ് കാര്യങ്ങള്‍ ഓഫീസിലും, വീട്ടു കാര്യങ്ങള്‍ വീട്ടിലും ചെയ്തു തീര്‍ക്കുക.
3. അമിത ഉത്കണ്ഠ, ആവേശം ഇവ ഒഴിവാക്കുക.
4. ഗര്‍ഭം ഉണ്ടാവുമ്പോള്‍ തന്നെ ബുദ്ധി സംരക്ഷിക്കുന്ന തരത്തിലുള്ള ആഹാരങ്ങള്‍ കഴിക്കുക. മരണവും ജനനവും, സന്തോഷവും ദുഃഖവും ഒരുപോലെ കാണാന്‍ മനസിനെ പാകപ്പെടുത്തുക.
5. സ്വന്തം വിശ്വാസത്തിനനുസരിച്ചുള്ള ചര്യകള്‍ പാലിക്കുക.
6. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വികലമായ അറിവുകള്‍ വച്ച് ചികിത്സിക്കാതിരിക്കുക
7. സ്‌കിസോഫ്രീനിയ (ഉന്മാദം), സൈക്കിക് ഡിസോര്‍ഡര്‍ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക് ചികിത്സ ആരംഭിക്കാതെ വിഷാദ രോഗം ഉണ്ടോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ചികിത്സ തുടങ്ങുക.