spot_img

ആത്മവിശ്വാസക്കുറവിന്റെ 8 സൂചനകള്‍

പാര്‍ട്ടികളിലും മറ്റു ആഘോഷങ്ങളിലും കൂട്ടത്തില്‍ക്കൂടാതെ സ്വന്തം കമ്പനി മാത്രം ആഘോഷിച്ചു ഒതുങ്ങിക്കൂടുന്ന ആളാണോ നിങ്ങള്‍ ? അത് നിങ്ങള്‍ക്ക് ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് എന്ന് മറ്റുള്ളവര്‍ നിങ്ങളെ കുറ്റപ്പെടുത്തിയേക്കാം. മറ്റുള്ളവരോടു ഇടപെടാനും മറ്റും അവര്‍ നിര്‍ബന്ധിക്കുകയും ചെയ്‌തേക്കും. എന്നാല്‍ ഇത് പലപ്പോഴും ആത്മവിശ്വാസത്തിന്റെ കുറവല്ല, ആത്മാഭിമാനക്കുറവാണ്. സ്ഥിരമായി ഉണ്ടാകുന്ന ഒരുതരം അപഹര്‍ഷതാബോധമാണ് ആത്മാഭിമാനക്കുറവ്. ജീവിതത്തിന്റെ ഒരു മേഖലയിലും നിങ്ങളെ ഒന്നിനും കൊള്ളില്ലെന്നും നിങ്ങള്‍ തികഞ്ഞ അയോഗ്യനാണെന്നും സ്ഥിരമായി തോന്നുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളിലോ മറ്റുള്ളവരിലോ ശ്രദ്ധിച്ചാല്‍ എത്രയും വേഗം ഒരു സൈക്കോളജിസ്റ്റിനെയോ കൗണ്‍സിലറെയോ സന്ദര്‍ശിച്ച് പരിഹാരം തേടുക.

  1. തര്‍ക്കങ്ങളില്‍ നിന്ന് വളരെ പെട്ടെന്ന് പിന്മാറുന്നു

തര്‍ക്കമോ വഴക്കോ ഉണ്ടാകാനുള്ള എല്ലാ സാധ്യതകളില്‍ നിന്നും നിങ്ങള്‍ മാറിനില്‍ക്കും. നിങ്ങള്‍ വിശ്വസിക്കാത്ത കാര്യങ്ങളില്‍ പോലും പലപ്പോഴും എതിര്‍ഭാഗത്തെ അംഗീകരിച്ചുകൊടുക്കും. അതിനാല്‍ വല്ലപ്പോഴും മാത്രമേ നിങ്ങളുടെ യഥാര്‍ത്ഥ സ്വത്വവും ആശയങ്ങളും പുറത്തുവരികയുള്ളൂ. ഇത് ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിലും നിലനിര്‍ത്തുന്നതിലും പ്രയാസമുണ്ടാക്കുന്നു. നിങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടാത്തതിനാല്‍ നിങ്ങളുമായി ബന്ധം പുലര്‍ത്താന്‍ ആളുകള്‍ മടി കാണിച്ചേക്കും. നിങ്ങളുടെ അഭിപ്രായങ്ങളും വിലപ്പെട്ടതാണെന്നും അത് പറയാന്‍ ആരെയും പേടിക്കേണ്ടതില്ലെന്നും സ്വയം പറഞ്ഞു വിശ്വസിപ്പിക്കുക. ദിവസവും ഇത് ചെയ്യുന്നതുവഴി നിങ്ങള്‍ അത് വിശ്വസിച്ചുതുടങ്ങും. 

  1. എല്ലായ്‌പ്പോഴും അനാവശ്യമായി മാപ്പു ചോദിക്കുക

തെറ്റായി എന്തു സംഭവിച്ചാലും അത് സ്വന്തം പ്രശ്‌നമാണെന്നു ധരിച്ച് അനാവശ്യമായി എല്ലായ്‌പ്പോഴും മാപ്പു പറയുന്നത് ഇത്തരക്കാരുടെ സ്ഥിരം സ്വഭാവമാണ്. സ്വന്തം വില അറിയാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അവര്‍ സ്വന്തം തെറ്റുകള്‍ മാത്രമാണ് എപ്പോഴും കാണുന്നത്, നന്മകളോ കഴിവുകളോ കാണില്ല. അടുത്ത തവണ നിങ്ങള്‍ മാപ്പു പറയും മുന്‍പ് അത് നിങ്ങളുടെ തെറ്റാണോ, ഈ മാപ്പു പറച്ചില്‍ ആവശ്യമുള്ളതാണോ എന്ന് ആലോചിക്കുക.

  1. പെട്ടെന്ന് വിഷാദമുണ്ടാകുന്നു

വിഷാദം പലപ്പോഴും ആത്മാഭിമാനക്കുറവില്‍ നിന്നാണ് ഉണ്ടാകുന്നത്. ആത്മാഭിമാനം കുറവുള്ളവര്‍ വളരെക്കുറച്ച് മാത്രം ആളുകളുമായി ഇടപെടുന്നവരും ആത്മവിശ്വാസം കുറവുള്ളവരും പുതുതായി എന്തെങ്കിലും ശ്രമിക്കാന്‍ മടിയുള്ളവരുമായിരിക്കും. ഇതാണ് പലപ്പോഴും വിഷാദത്തിലേക്ക് നയിക്കുന്നത്. അതിനാല്‍ ഇത്തരക്കാര്‍ പുതിയ വിനോദമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക – പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്ര, പുതിയതായി ആരെയെങ്കിലും പരിചയപ്പെടുക മുതലായവ.

  1. വിമര്‍ശനം താങ്ങാന്‍ കഴിയില്ല

പോസിറ്റീവായ വിമര്‍ശനങ്ങളെപ്പോലും താങ്ങാന്‍ കഴിയാതെ വിഷമിക്കുന്നത് കുറഞ്ഞ ആത്മാഭിമാനമുള്ളവരുടെ ലക്ഷണമാണ്. പോസിറ്റീവ് വിമര്‍ശനങ്ങള്‍ തന്റെ നല്ലതിനു വേണ്ടിയാണ് പറയുന്നതെന്നു മനസ്സിലാക്കാതെ അതിന്റെ പേരില്‍ കരയുകപോലും ഇക്കൂട്ടര്‍ ചെയ്യാറുണ്ട്.

  1. പുതിയ സാധനങ്ങള്‍ വാങ്ങുന്നതില്‍ സന്തോഷം കണ്ടെത്തുന്നു

ഭൗതികതയും ആത്മാഭിമാനക്കുറവും തമ്മില്‍ ബന്ധമുണ്ട്. പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും. ആത്മാഭിമാനക്കുറവുള്ളവര്‍ സ്ഥിരമായി പുതിയത് എന്തെങ്കിലും വാങ്ങിക്കൊണ്ടിരിക്കും. ഈ സാധനങ്ങള്‍ അവര്‍ക്ക് സന്തോഷം തരുമെന്ന് അവര്‍ കരുതുന്നു. 

  1. മറ്റുള്ളവരെ അമിതമായി വിമര്‍ശിക്കുന്നു

ആത്മാഭിമാനക്കുറവുള്ള സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തമായ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. ആത്മാഭിമാനമില്ലാത്ത പുരുഷന്മാര്‍ മറ്റുള്ളവരുടെ മേല്‍ അധികാരം കാണിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും, പ്രത്യേകിച്ച് അവരുടെ പങ്കാളികളുടെ മേല്‍. അവര്‍ മറ്റുള്ളവരെ അനാവശ്യമായും അമിതമായും വിമര്‍ശിക്കും. കൂടാതെ അവര്‍ അസൂയയുള്ളവരുമായിരിക്കും.

  1. തീരുമാനമെടുക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്നു

ആത്മാഭിമാനം കുറവുള്ള സ്ത്രീകള്‍ തീരുമാനം എടുക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്നവരാണ്. അവര്‍ മറ്റാരുടെയെങ്കിലും നേതൃത്വത്തിലായിരിക്കാന്‍ ആഗ്രഹിക്കുന്നു. തനിക്കു വേണ്ടി സംസാരിക്കാനും അഭിപ്രായം പറയാനും അവര്‍ മടി കാണിക്കും. ഇത് പലപ്പോഴും സ്ത്രീകളെ ഉപദ്രവകരമോ / അനാരോഗ്യകരമോ ആയ ബന്ധങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ പോലും കഴിയാത്തവിധത്തിലാക്കുന്നു. 

  1. വെല്ലുവിളികള്‍ ഒഴിവാക്കുന്നു

ഇത്തരക്കാര്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനോ റിസ്‌കുള്‍പ്പെട്ട കാര്യങ്ങള്‍ ചെയ്തുനോക്കാനോ തയ്യാറാവില്ല. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അവര്‍ പരമാവധി ശ്രമിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.