spot_img

അമിതമായി വെള്ളം കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍

ആരോഗ്യകരമായ ജീവിതത്തിന് ധാരാളം വെള്ളം കുടിക്കണമെന്നാണ് നിങ്ങള്‍ ഇതുവരെയും കേട്ടിട്ടുണ്ടാവുക. വെള്ളം അമിതമായി കുടിക്കുന്നതും അപകടമാണ് എന്ന് കേട്ടിരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ അങ്ങനെയും ഒരു വശമുണ്ട്. ആരോഗ്യവാനായ ഒരാളില്‍ നിന്ന് ദിവസവും 6 ഗാലണ്‍ വെള്ളം (22.7 ലിറ്റര്‍) വിസര്‍ജിക്കാന്‍ വൃക്കകള്‍ക്ക് കഴിയുന്നു. മണിക്കൂറില്‍ അത് ഒരു ലിറ്ററോളമാണ്. അപ്പോള്‍ ഓരോ മണിക്കൂറിലും ഒരു ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നത് ഓവര്‍ ഹൈഡ്രേഷന് കാരണമാകുന്നു. അമിതമായി മൂത്രം പോകുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പാര്‍ശ്വഫലം. ആരോഗ്യവാനായ ഒരാള്‍ പെട്ടെന്നൊന്നും പാര്‍ശ്വഫലങ്ങള്‍ കാണിക്കുകയില്ല.

വെള്ളം അമിതമായി കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാം ?

  1. കോശങ്ങള്‍ വീര്‍ക്കുന്നു

ശരീരത്തിലെ സോഡിയം, പൊട്ടാസ്യം അയണുകളാണ് ഇലക്ട്രോലൈറ്റുകളായി പ്രവര്‍ത്തിച്ച് കോശങ്ങള്‍ക്കും രക്തത്തിനും ഇടയിലെ സന്തുലനം നിലനിര്‍ത്തുന്നത്. രക്തത്തില്‍ അമിതമായി വെള്ളവും കോശങ്ങളില്‍ വലിയ അളവില്‍ ഉപ്പും അയണുമുള്ളപ്പോള്‍ വെള്ളം കോശങ്ങളിലെത്തി അത് വീര്‍ക്കാനിടയാകുന്നു. ഇത് തലച്ചോറിലെ ന്യൂറോണുകള്‍ക്കും നാഡീകോശങ്ങള്‍ക്കും അപകടമാണ്. കാരണം തലയോട്ടിയില്‍ സ്ഥലം പരിമിതമാണ്. ഇത് തലവേദന, വിറയല്‍, തലച്ചോറില്‍ മുറിവ്, കോമ ചിലപ്പോള്‍ മരണം എന്നിവയ്ക്കു വരെ കാരണമാകുന്നു.

  1. സോഡിയം തോത് അസാധാരണമായി കുറക്കുന്നു (ഹൈപ്പോനട്രീമിയ)

അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ സോഡിയം സന്തുലനത്തെ ബാധിക്കുന്നു. ഈ ലവണം ശരീരത്തില്‍ 135-145 mEq/L ആവശ്യമാണ്. ഇത് 135 ല്‍ താഴെയായാല്‍ ഹൈപ്പോനട്രീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇതും രക്തത്തില്‍ നിന്ന് ജലം കോശങ്ങളിലെത്തി അവ വീര്‍ക്കാന്‍ കാരണമാകുന്നു.

വിയര്‍പ്പിലൂടെ സോഡിയം നഷ്ടപ്പെട്ട് ഹൈപ്പോനട്രീമിയ ബാധിക്കപ്പെടുന്നത് പൊതുവെ അത്‌ലറ്റുകള്‍ക്കാണ്. ഇത് അത്‌ലറ്റുകള്‍ക്കിടയില്‍ മരണത്തിനു വരെ കാരണമാകാറുണ്ട്.

  1. പൊട്ടാസ്യം തോത് അസാധാരണമായി കുറക്കുന്നു (ഹൈപ്പോകലേമിയ)

ഓവര്‍ ഹൈഡ്രേഷന്‍ ശരീരത്തിലെ പൊട്ടാസ്യം തോതും കുറക്കാറുണ്ട്. പൊട്ടാസ്യം നഷ്ടപ്പെടുന്നത് ഹൈപ്പോകലേമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഛര്‍ദ്ദി, താഴ്ന്ന രക്തസമ്മര്‍ദ്ദം, തളര്‍വാതം, ഓക്കാനം, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍.

മൂത്ര വിസര്‍ജ്ജനം കുറക്കാനുള്ള വസോപ്രസിന്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കുന്നവരില്‍ ഇതിന്റെ അനന്തരഫലം വളരെ മോശമായിരിക്കും. ഈ മരുന്ന് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ഈ മരുന്നുകള്‍ കൂടി കഴിക്കുന്നവരില്‍ ഫലം ദുരന്തമായിരിക്കും.

  1. പേശീ സങ്കോചത്തിന് കാരണമാകുന്നു

അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് തോത് കുറയാന്‍ കാരണമാകുന്നു. ദ്രാവകത്തിന്റെ അസന്തുലനം പേശീ സങ്കോചത്തിനും കോച്ചിപ്പിടുത്തത്തിനും കാരണമാകും. കൂടുതല്‍ കായിക പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിക്കുക മാത്രമല്ല, സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍ കുടിച്ച് ഇലക്ട്രോലൈറ്റുകളുടെ കുറവ് നികത്തുകയും വേണം.

  1. വൃക്കകള്‍ക്ക് പ്രയാസമുണ്ടാക്കുന്നു

നിങ്ങള്‍ക്ക് അറിയുന്നതു പോലെ രക്തത്തില്‍ നിന്ന് മാലിന്യങ്ങളെ പുറന്തള്ളുന്നത് വൃക്കകളാണ്. ഓരോ നെഫ്രോണിന്റെയും അറ്റത്താണ് അരിക്കലിന്റെ ആദ്യഘട്ടം സംഭവിക്കുന്നത്. ഓവര്‍ ഹൈഡ്രേഷനുണ്ടാകുമ്പോള്‍ വൃക്കകളുടെ ജോലി കൂടുന്നു. മണിക്കൂറില്‍ ലിറ്റര്‍ കണക്കിന് വെള്ളം കുടിക്കുമ്പോള്‍ വൃക്കകള്‍ തളരുന്നു. മണിക്കൂറില്‍ 800 മുതല്‍ 1000 മില്ലി ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരം.

  1. ഹൃദയത്തിന് ആയാസമുണ്ടാക്കുന്നു

ഓസ്‌മോസിസ് എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ചെറു കുടലാണ് നമ്മള്‍ കുടിക്കുന്ന 80 ശതമാനം ജലവും ആഗിരണം ചെയ്യുന്നത്. അവിടുന്നാണ് ജലം രക്തത്തില്‍ ചേര്‍ന്ന് രക്തത്തിന്റെ അളവ് വര്‍ധിക്കുന്നത്. ശരീരത്തിലെത്തുന്ന ജലത്തിന്റെ അളവിനെ തുടര്‍ന്ന് രക്തത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ ഇത് ഹൃദയത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.

  1. തളര്‍ച്ച അനുഭവപ്പെടുന്നു

ശരീരത്തില്‍ നിന്ന് ദ്രവം പുറത്തു കളയുന്നത് വൃക്കകളുടെ ജോലിയാണ്. കൂടുതലെത്തുന്ന ജലം പുറത്തു കളയാന്‍ വൃക്കകള്‍ കൂടുതല്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നു.

എത്ര വെള്ളം കുടിക്കണം

ഓരോ വ്യക്തികളുടെയും ശരീര പ്രകൃതിയും പ്രവൃത്തികളും മെറ്റബോളിസവും ശരീരഭാരവും കാലാവസ്ഥാ-പരിസ്ഥിതി സാഹചര്യങ്ങളുമനുസരിച്ച് അവര്‍ കുടിക്കേണ്ട വെള്ളത്തില്‍ വ്യത്യാസമുണ്ട്. എങ്കിലും ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പറയപ്പെടുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് നിര്‍ദ്ദേശിക്കുന്നത് ദിവസവും 6 മുതല്‍ എട്ടു ഗ്ലാസ് വെള്ളമാണ്. ഇത് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുകയും നിര്‍ജ്ജലീകരണം തടയുകയും ചെയ്യുന്നു. എന്നാല്‍ കഠിനമായ വ്യായാമം ചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്.

 

 

 

 

 

 

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.