spot_img

ചക്കക്കുരു കൊണ്ടുള്ള 6 ഗുണങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ഫലമാണ് ചക്ക. പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഈ ഫലവൃക്ഷമെന്നും പലര്‍ക്കും അറിയാം. എന്നാല്‍ ചക്കക്കുരുവും പോഷകങ്ങളുടെ കലവറയാണെന്ന് നമ്മില്‍ എത്ര പേര്‍ക്കറിയാം. കാഴ്ചയില്‍ ചെറുതെങ്കിലും ചക്കക്കുരു ശരീരത്തിന് നിരവധി പോഷകങ്ങള്‍ നല്‍കുന്നുണ്ട്. പ്രോട്ടീന്‍ സമ്പുഷ്ടവും വിറ്റമിന്‍ ബി, പൊട്ടാസ്യം എന്നിവ ധാരാളമായും ചക്കക്കുരുവില്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന തിയമിന്‍, റിബോഫ്ളെവിന്‍ എന്നിവ കണ്ണിന്റെയും ചര്‍മ്മത്തിന്റേയും മുടിയുടേയും ആരോഗ്യം വര്‍ധിപ്പിക്കുന്നു. സിങ്ക്, ഇരുമ്പ്,കാല്‍ഷ്യം,കോപ്പര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നീ മിനറലുകളും ചക്കക്കുരുവില്‍ അടങ്ങിയിരിക്കുന്നു.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പണ്ടുകാലം മുതല്‍ നിര്‍ദേശിച്ചിരുന്ന ഒരു പ്രതിവിധി കൂടിയാണ് ചക്കക്കുരു. ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ദഹനം സുഗമമാക്കുകയും മറ്റു പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. ചക്കക്കുരു കൊണ്ടുള്ള പ്രധാനപ്പെട്ട ഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

മുഖത്തെ പാടുകള്‍ മാറ്റുന്നു

ഇന്നത്തെ ഫാസ്റ്റ് ലൈഫില്‍  ചര്‍മ്മത്തിനും മുഖത്തിനും വേണ്ട ശ്രദ്ധ കൊടുക്കാന്‍ പലപ്പോഴും സമയം ലഭിക്കാറില്ല. ബ്യൂട്ടി പാര്‍ലറിലും മറ്റും ആയിരങ്ങള്‍ ചിലവാക്കി നിരാശരാകുന്നവരും നമുക്ക് ചുറ്റുമുണ്ട്. ചര്‍മ്മ രോഗങ്ങളും മുഖക്കുരുവും പാടുകളുമെല്ലാം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമായി തുടരുന്നു. ചക്കക്കുരു തണുത്ത പാലില്‍ അരച്ചെടുത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് പാടുകള്‍ ഇല്ലാതാവാനും മുഖം കൂടുതല്‍ സുന്ദരമാകാനും സഹായിക്കും. ചെറുപ്പം നിലനിര്‍ത്താനും തിളക്കമുള്ള ചര്‍മ്മത്തിനും ചക്കക്കുരു ഉത്തമമാണ്.

ചര്‍മരോഗങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഉത്തമം

ചക്കക്കുരുവില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും മൈക്രോ ന്യൂട്രിയന്‍സും മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് ഉത്തമമാണ്. മാത്രമല്ല മറ്റ് പല ചര്‍മ്മരോഗങ്ങള്‍ക്കും ഉത്തമ ഔഷധവുമാണ്. ചക്കക്കുരു ആഹാരത്തിനൊപ്പം ഉള്‍പ്പെടുത്തുന്നത് തിളങ്ങുന്ന ചര്‍മ്മവും ആരോഗ്യമുള്ള മുടിയും നിങ്ങള്‍ക്ക് സമ്മാനിക്കും.

അനീമിയ തടയുന്നു

ഇരുമ്പിന്റെ അംശം കുറയുന്നത് മൂലമുണ്ടാകുന്ന അനീമിയയെ തടയാന്‍ ചക്കക്കുരുവിന് സാധിക്കുന്നു. ദിവസവും ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ ഇരുമ്പിന്റെ അംശം വര്‍ധിക്കാന്‍ കാരണമാകുന്നു. ചക്കക്കുരുവില്‍ ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നു. രക്തസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കുകയും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം പരിപാലിക്കുകയും ചെയ്യുന്നു.

ആരോഗ്യമുള്ള മുടിയും കാഴ്ച ശക്തിയും

ചക്കക്കുരുവില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ചക്കക്കുരു ആഹാരത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് കാഴ്ച ശക്തി വര്‍ധിക്കുന്നതിനും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുന്നതിനും സഹായകരമാണ്. കരുത്തുള്ള ഇടതൂര്‍ന്ന മുടി ഉണ്ടാകാനും ചക്കക്കുരു ഉത്തമമാണ്. മുടിയുടെ വളര്‍ച്ചാക്കുറവ്‌ പരിഹരിച്ച് ആരോഗ്യമുള്ള മുടിവളരാന്‍ ചക്കക്കുരുവില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ സഹായകരമാണ്.

ദഹനക്കേടിന് പരിഹാരം

പൊടിച്ച ചക്കക്കുരു ദഹന സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്. വെയിലത്ത് വെച്ച് നന്നായി ഉണക്കിയ ചക്കക്കുരു നേര്‍മയായി പൊടിച്ച് സൂക്ഷിക്കുക. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുമ്പോള്‍ ഇത് കഴിയ്ക്കാവുന്നതാണ്. ചക്കക്കുരുവില്‍ ധാരാളം ഡയട്രി ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ പൊടിയ്ക്കാതെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.

ശരീര പേശികളുടെ വളര്‍ച്ച

പ്രോട്ടീന്‍ സമ്പന്നമായ ചക്കക്കുരു നിത്യേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പേശികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഉത്തമമാണ്. കൊളസ്ട്രോള്‍ ഫ്രീ ആയതിനാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ചക്കക്കുരു ഉണ്ടാക്കുന്നില്ല. അതിനാല്‍ ദൈനംദിന ജീവിതത്തില്‍ ചക്കയോടൊപ്പം ചക്കക്കുരുവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.