spot_img

വിഷമുള്ള പാമ്പുകളെയും വിഷമില്ലാത്ത പാമ്പുകളെയും എങ്ങനെ തിരിച്ചറിയാം

പാമ്പ് കടിയേല്‍ക്കുന്ന ഭൂരിഭാഗം ആളുകളും മരിക്കുന്നത് വിഷ പാമ്പാണ് കടിച്ചതെന്ന പേടി കൊണ്ടാണ്. കേരളത്തില്‍ ഇതിനോടകം 109 ഓളം ഇനം പാമ്പുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതില്‍ മനുഷ്യന് മരണകാരണമായേക്കാവുന്ന വിഷമുള്ള പാമ്പുകള്‍ കരയില്‍ അഞ്ചെണ്ണം മാത്രമാണ് ഉള്ളത്. ഈ അഞ്ച് പാമ്പുകളില്‍ രാജവെമ്പാല മനുഷ്യ സഹവാസം തീരെ ഇഷ്ടമില്ലാത്തവയാണ്. ഇത് നിത്യഹരിത വനങ്ങളിലാണ് മുഖ്യമായം കാണുന്നത്. അതിനാല്‍ തന്നെ ഇതിന്റെ കടിയേല്‍ക്കാനുള്ള സാധ്യത കുറവാണ്. ബാക്കിയുള്ളത് നാല് വിഷ പാമ്പുകളാണ്. എന്നാല്‍ ഇതേ രീതിയിലും പാറ്റേണിലുമുള്ള വിഷമില്ലാത്ത മറ്റ് പാമ്പുകളും ഉണ്ട്. അതിനാല്‍ വിഷമുള്ള പാമ്പുകളെ എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം.

അണലി അല്ലെങ്കില്‍ മഞ്ചട്ടി

അണലി പല പേരില്‍ അറിയപ്പെടുന്നുണ്ട്. മണ്ണോലി പാമ്പും പെരുമ്പാമ്പും പലപ്പോഴും അണലിയാണ് എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അണലിയെയും പെരുമ്പാമ്പിനെയും കണ്ടാല്‍ വേര്‍തിരിച്ച് മനസിലാക്കുക എന്നത് സാധാരണക്കാര്‍ക്ക് എളുപ്പമല്ല. ഇവിടെ ശ്രദ്ധിക്കേണ്ടത് അണലിയുടെ പുറമേയുള്ള ചെങ്ങല പോലുള്ള അടയാളം തലമുതല്‍ വാലുവരെ കാണും. ഒരു നേര്‍വരെപോലെയാണ് ഈ അടയാളം കാണുക. മണ്ണോലിക്കും പെരുമ്പാമ്പിനും ഈ അടയാളം നേര്‍ രേഖയിലായിരിക്കില്ല. നിരതെറ്റിയാവും ഈ അടയാളം ഉണ്ടാവുക. അണലിയുടെ തല ത്രികോണ ആകൃതിയിലായിരിക്കും. മണ്ണോലിയുടെയും ഏകദേശം ത്രികോണ ഈ ആകൃതിയിലാണ്.

എട്ടടി വീരന്‍, വളയപ്പന്‍, വെള്ളക്കെട്ടന്‍, മോതിര വളയന്‍

ഇത് മൂന്നോളം ഇനമുണ്ട്. ട്രാവന്‍കൂര്‍ വൂള്‍ഫ് സ്‌നേക്ക്, ഒരുവരയന്‍ പാമ്പ് തുടങ്ങിയവയ്ക്ക് വെള്ളിക്കെട്ടനുമായി സാമ്യമുള്ളവയാണ്. എന്നാല്‍ വ്യത്യാസമെന്നത് വെള്ളിക്കെട്ടന്റെ പുറം ഭാഗത്ത് ഹെക്‌സഗണല്‍ ലൈനാണ് ഉള്ളത്. മറ്റ് പാമ്പുകള്‍ക്കൊന്നും ഈ ഹെക്‌സഗണല്‍ ലൈന്‍ ഉണ്ടായിരിക്കില്ല. പലരും പൊതുവേ തിരിച്ചറിയാനായി പറയുന്നത് വെള്ളിക്കെട്ടന്റെ വരകളെ കുറിച്ചാണ്. കഴുത്തില്‍ നിന്ന് കുറച്ച് മാറി തുടങ്ങി വാലിന്റെ അവസാനം വരെ വരകളുള്ളതാണെങ്കില്‍ അത് വെള്ളിക്കെട്ടനാണെന്നാണ് പൊതുധാരണ. എന്നാല്‍ ഇത് ശരിയായ ഒരു തിരിച്ചറിയല്‍ മാനദണ്ഡമല്ല. വെള്ളക്കെട്ടന്റെ ശരീരമെന്നു പറയുന്നത് ത്രികോണത്തിന് സമാനമായ ആകൃതിയാണ്. സാധാരണ പാമ്പുകള്‍ക്ക് ഉരിണ്ടിട്ടുള്ള ശരീരമായിരിക്കും. വെള്ളിക്കെട്ടന്റെ തല നല്ല ഉരിണ്ടിട്ടുള്ളതായിരിക്കും. വെള്ളിക്കെട്ടനുമായി സാമ്യം കല്‍പ്പിക്കപ്പെടുന്ന പാമ്പുകളുടെ തല പരന്നതായിരിക്കും.

മൂര്‍ഖന്‍

എല്ലാവര്‍ക്കും അറിയാവുന്നതുപോലെ മൂര്‍ഖന്റെ പത്തിയും അതിന്റെ പിന്നിലുള്ള സ്‌പെക്റ്റാക്കിള്‍ അടയാളവും. പൊത്തിലൊക്കെ ഇരിക്കുന്ന മൂര്‍ഖന്‍ പാമ്പാണെങ്കില്‍ അതിന്റെ ശരീര ആകൃതി മാത്രമേ നമുക്ക് കാണാനാകു. അതിനാല്‍ പലപ്പോഴും ശരീരം കണ്ട് മൂര്‍ഖനെ ചേരയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇവിടെ തിരിച്ചറിവിന് സഹായിക്കുന്നത് ശരീരത്തിലെ ശല്‍ക്കങ്ങളാണ്. മൂര്‍ഖന്‍ പാമ്പിന്റെ ശല്‍ക്കങ്ങള്‍ ഗോതമ്പുമണിയുടേതുപോലെ ഓവല്‍ ആകൃതിയിലായിരിക്കും. ചേരയുടേതാണെങ്കില്‍ അത് ഡയമണ്ട് ആകൃതിയിലുള്ളതായിരിക്കും. ഇതാണ് മൂര്‍ഖനെയും ചേരയെയും തമ്മില്‍ തിരിച്ചറിയാനുള്ള പ്രധാന മാര്‍ഗം.

സോ-സ്‌കേല്‍ഡ് വൈപ്പര്‍ (saw scaled viper)

വളരെ പരിചിതമായൊരു പാമ്പല്ല ഇത്. വരണ്ട മേഖലയിലാണ് ഇവയെ കൂടുതലായും കാണുന്നത്. ഇവ അണലിയോട് സാമ്യമുള്ളത് ആ കുടുംബത്തില്‍ ഉള്ളതുമാണ്. എങ്കിലും അണലിയില്‍ നിന്ന് വ്യത്യസ്തമാണ്. പെട്ടെന്ന് പ്രകോപിതനാകുന്നതരം പാമ്പാണിത്. അതിന്റെ ശരീരത്തിന്റെ രണ്ട് വശത്തുകൂടെയും സിഗ്‌സാഗ് ആകൃതിലുള്ള ലൈനാവും വാലുവരെ പോവുക. ഇതിന്റെ ശല്‍ഖങ്ങള്‍ അല്‍പ്പം ഉയര്‍ന്നു നില്‍ക്കും. അതിനെ പ്രകോപിപ്പിച്ചാല്‍ അത് ചുരുണ്ട് ബോഡി തമ്മിലുരച്ച് വാളുകൊണ്ട് അറക്കുന്ന ഒരു ശബ്ദം പുറപ്പെടുവിക്കും. അതിനാലാണ് അതിനെ സോ-സ്‌കേല്‍ഡ് വൈപ്പര്‍ എന്നു വിളിക്കുന്നത്.

പാമ്പ് കടിയേറ്റാല്‍ അത് വിഷമുള്ളതോ ഇല്ലാത്തതോ എന്ന് എങ്ങനെ തിരിച്ചറിയാം

പൊതുവില്‍ ആളുകള്‍ പറയുന്നത് പാമ്പ് കടിയേറ്റാല്‍ 2 പാടുകള്‍ കാണും. അല്ലാത്തവ പാമ്പ കടിച്ചതല്ലെന്നും. എന്നാല്‍ അങ്ങനൊയൊന്നുമല്ല. ഇത് ഒരിക്കലും ശരിയല്ല. ചില പാമ്പുകള്‍ ഇര പിടിക്കുന്നതിനിടയില്‍ ഒരു വിഷപ്പല്ല് ഇളകിപ്പോകാന്‍ സാധ്യതയുണ്ട്. അത്തരം പാമ്പുകള്‍ കടിച്ചാല്‍ ഒരു പാട് മാത്രമേ കാണുകയുള്ളൂ. ചില പാമ്പുകള്‍ക്ക് അത് ഇര പിടിക്കുന്ന സമയത്ത് അതിന്റെ ഒരു വിഷപ്പല്ല് ഇളകിപ്പോകാന്‍ സാധ്യതയുണ്ട്. ആ സമയത്ത് പാമ്പ് നേരേ കടിച്ചാല്‍പ്പോലും കടിച്ചതിന്റെ ഒരു പാട് മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് ഒരു പാട് മാത്രം കണ്ടാല്‍ പാമ്പല്ല എന്നു വിചാരിക്കരുത്. പാമ്പ് കടിയേറ്റതിന്റെ മറ്റു ലക്ഷണങ്ങള്‍ കൂടി മനസ്സിലാക്കണം. എന്നിട്ടു മാത്രമേ പാമ്പാണോ അല്ലയോ എന്ന് തീരുമാനിക്കാവൂ. മൂര്‍ഖന്റെ കടിയാണ് ഏറ്റതെങ്കില്‍ കടിയേറ്റതിന്, വ്യക്തമായ കടിയാണെങ്കില്‍ രണ്ട് പാടുകളുണ്ടാകാം. മൂര്‍ഖന്റെ കടിയേറ്റതിന് 15 മിനിറ്റിനു ശേഷം ഓരോരുത്തരുടെയും ആരോഗ്യത്തിനനുസരിച്ച് ലക്ഷണങ്ങളില്‍ വ്യത്യാസമുണ്ടാകാം. ശ്വാസം വലിക്കുന്നതിന് പ്രയാസം, കടിയേറ്റ സ്ഥലത്ത് ശക്തമായ വേദനയും വീക്കവും പ്രധാന ലക്ഷണങ്ങളാണ്. വളരെ ചുരുക്കം പാമ്പുകളുടേത് ഒഴിച്ചാല്‍ ബാക്കി എല്ലാ പാമ്പിന്റെ കടിയെത്തുടര്‍ന്നും ശക്തമായ വേദനയും വീക്കവും ഉണ്ടാകും. വീക്കം കൂടാതെ കണ്ണുകള്‍ അടഞ്ഞുപോകും. മൂര്‍ഖന്റെ വിഷം നാഡികളെ ബാധിക്കുന്നതായതിനാലാണ് ഉറക്കം വരുന്നതുപോലെ കണ്ണുകളടഞ്ഞു പോകുന്നത്.

അണലി, ചുരുട്ട മണ്ഡലി എന്നിവ കടിച്ചാലുള്ള ലക്ഷണങ്ങള്‍ ഏകദേശം ഒരുപോലെയാണ്. പൂച്ചയുടെ നഖം പോലെയുള്ള പല്ലുകളാണ് അണലിയുടേത്. അത് അകത്തേക്ക് മടങ്ങിയിരിക്കുന്നതു പോലെയാണ്. വായ തുറക്കുമ്പോള്‍ അവ നിവര്‍ന്നുവരുന്നു. അണലിയുടെ കടിയ്ക്ക് നല്ല മുറിവുണ്ടാകും. ധാരാളം രക്തം പോകുകയും ശക്തമായ വേദനയും വീക്കവുമുണ്ടാകുകയും ചെയ്യും. ചുട്ടുപൊള്ളുന്നതു പോലെയുള്ള വേദനയാണ് ഉണ്ടാകുക. നീലനിറമുണ്ടാകും.

വെള്ളിക്കെട്ടന്‍ പാമ്പിന്റെ വിഷവും നാഡീവിഷമാണ്. മറ്റു പാമ്പുകളുടെ കടിയില്‍ നിന്നു വ്യത്യസ്തമായി ഇതിന്റെ കടിയ്ക്ക് വേദന കുറവായിരിക്കും. കടിയേറ്റതു പോലും അറിയണമെന്നില്ല. ശക്തമായ വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശരീരത്തില്‍ മുറിപ്പാടുകള്‍ വല്ലതുമുണ്ടോയെന്ന് നോക്കി എത്രയും വേഗം ചികിത്സ തേടണം.

അണലിയുടേത് വലിയ വായയായതിനാല്‍ കടിയേറ്റ പാടില്‍ പല്ലുകള്‍ തമ്മിലുള്ള അകലം വലുതായിരിക്കും. എന്നാല്‍ വെള്ളിക്കെട്ടന്റെ കടിപ്പാടില്‍ പല്ലുകള്‍ വളരെ അടുത്തായിരിക്കും.

പാമ്പുകളുടെ ആവാസ വ്യവസ്ഥയിലേക്ക് നാം കൂടുതലായി ഇറങ്ങിച്ചെന്നതിന്റെ ഫലമായാണ് ഇന്ന് വീടുകളിലും പരിസരത്തും പാമ്പുകളെ കൂടുതലായി കാണപ്പെടുന്നത്. അവയ്ക്ക് പോകാന്‍ ഇടമില്ലാതായി. പാമ്പുകള്‍ക്ക് ഇര പിടിക്കാനുള്ള സാഹചര്യം നാം നമ്മുടെ പറമ്പുകളില്‍ ഒരുക്കിക്കൊടുക്കുന്നുമുണ്ട്. ഭക്ഷണത്തിന്റെ വേസ്റ്റും മറ്റു മാലിന്യങ്ങളും നാം വീടിന്റെ മൂലകളിലോ പറമ്പുകളിലോ കൂട്ടിയിടുന്നു. ഇത് കഴിക്കാന്‍ ഈച്ചകള്‍ മാത്രമല്ല തവളകളും എലികളും എത്തുന്നു. എലികളും തവളകളും പാമ്പുകളുടെ ഇഷ്ട ഭക്ഷണമാണ്. പാമ്പുകള്‍ക്ക് വളരെ കുറവ് കാഴ്ചയേയുള്ളൂ. അതിനാല്‍ ആ പരിസരത്ത് ആളുകളുണ്ടെന്നതൊന്നും അവ അറിയുന്നില്ല. നാവുകൊണ്ട് മണം പിടിച്ചെടുത്താണ് അവ ഇരപിടിക്കുന്നത്. നമ്മളൊരുക്കിക്കൊടുക്കുന്ന സാഹചര്യങ്ങളാണ് പാമ്പുകളെ നമ്മുടെ പരിസരത്തെത്തിക്കുന്നത്. അതിനാല്‍ ഭക്ഷണ മാലിന്യങ്ങള്‍ എപ്പോഴും പറമ്പില്‍ വലിയ ആഴത്തില്‍ കുഴിച്ചിടുകയോ മറ്റോ ചെയ്യുക. അപ്പോള്‍ എലികള്‍ അവിടേയ്ക്ക് വരികയില്ല.

വീടിന്റെ ഭിത്തികളോട് ചേര്‍ന്ന് വിറകുകള്‍, കല്ലുകള്‍ എന്നിവ വെക്കരുത്. അവയ്ക്കു താഴെ എലികള്‍ മാളങ്ങളുണ്ടാക്കാറുണ്ട്. അങ്ങനെയും പാമ്പുകള്‍ വരാനുള്ള സാധ്യതയുണ്ട്. കൂടാതെ പാമ്പുകള്‍ എപ്പോഴും ഓരം ചേര്‍ന്ന് സഞ്ചരിക്കുന്ന ജീവികളാണ്. അതിനാല്‍ അവ വീടുകളുടെ ഭിത്തികളോട് ചേര്‍ന്നാണ് സഞ്ചരിക്കുക. അങ്ങനെ സഞ്ചരിക്കുമ്പോള്‍ അവ എലികളുള്ള ഈ മാളങ്ങളുടെ അടുത്ത് നിലകൊള്ളാന്‍ സാധ്യതയുണ്ട്. നമ്മള്‍ വിറകെടുക്കാനോ മറ്റോ ചെല്ലുന്ന സമയത്ത് പാമ്പു കടിയേല്‍ക്കാം. അതിനാല്‍ മതിലിനോടോ വീടിന്റെ ഭിത്തികളോടോ ചേര്‍ത്ത് സാധങ്ങള്‍ കൂട്ടിയിടുന്ന രീതി ഒഴിവാക്കുന്നത് പാമ്പുകളെ അകറ്റി നിര്‍ത്താന്‍ നല്ലതാണ്.

പാമ്പുകള്‍ ചൂടുള്ള കാലങ്ങളില്‍ തണുപ്പു കിട്ടുന്ന സ്ഥലങ്ങളില്‍ വന്ന് കിടക്കാന്‍ സാധ്യതയുണ്ട്. ചെടിച്ചട്ടികള്‍ക്കുള്ളില്‍ ഉഷ്ണകാലങ്ങളില്‍ അവ തണുപ്പു തേടി കിടക്കാറുണ്ട്. ചെടി വൃത്തിയാക്കാനോ മറ്റോ ചെല്ലുമ്പോള്‍ ശത്രുവാണെന്നു കരുതിയോ, ഇരയാണെന്നു കരുതിയോ അവ ആക്രമിച്ചേക്കാം. അത്തരം സ്ഥലങ്ങളില്‍ പാമ്പുകള്‍ ഉണ്ടായേക്കും എന്ന ധാരണയില്‍ വേണം അവിടേയ്ക്ക് ചെല്ലാന്‍.

പാമ്പു കടിയേറ്റയാളെ സമ്മര്‍ദ്ദത്തിലാക്കുകയോ പേടിപ്പിക്കുകയോ ചെയ്യരുത്. ഏതു പാമ്പാണ് അവരെ കടിച്ചതെന്നു തുടങ്ങിയ വിവരങ്ങള്‍ പറഞ്ഞ് അവരെ പേടിപ്പിക്കരുത്. അത് അവരുടെ രക്തസമ്മര്‍ദ്ദം കൂട്ടിയേക്കും. അത് അപകടകരമാണ്. പാമ്പ് കടിയേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കടിയേറ്റതിനു മുകളിലായി കെട്ടുന്നത് കാണാറുണ്ട്. അങ്ങനെ ചെയ്യാതിരിക്കുക. അതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ലെന്നു മാത്രമല്ല, അപകടമുണ്ടു താനും. കൂടാതെ കടിയേറ്റയാളെ കിടത്തിയോ നടത്തിയോ കൊണ്ടുപോകരുത്. ഇരുത്തി വേണം കൊണ്ടുപോകാന്‍. തലചുറ്റലോ ബോധക്ഷയമോ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ബൈക്കില്‍ കൊണ്ടുപോകാതിരിക്കുക. മറ്റൊന്ന് കടിച്ച പാമ്പിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കു വേണ്ടി സമയം കളയാതിരിക്കാനും ശ്രദ്ധിക്കുക. ഏതു പാമ്പാണെന്ന് അറിയേണ്ട കാര്യമില്ല. എത്രയും വേഗം ആന്റി സ്‌നേക് വെനം ലഭ്യമായ ആശുപത്രിയിലേക്ക് കടിയേറ്റയാളെ എത്തിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.