അമേരിക്കയിലെ ഓറല്‍ കാന്‍സര്‍ ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം 2018 ല്‍ 48,000 ആളുകള്‍ക്കാണ് വായയില്‍ അര്‍ബുദം ബാധിച്ചത്. പതിനായിരത്തോളം പേര്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വായയിലെ കാന്‍സര്‍ പലപ്പോഴും നമുക്ക് തടയാവുന്നതാണ്. ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് വായയിലെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയും.
പുകവലി ഉപേക്ഷിക്കുക
പുകയിലയും പുകവലിയും വായയിലെ കാന്‍സറിനു കാരണമാണ്. പുകയിലയുടെ ഉപയോഗമാണ് വായയിലെ കാന്‍സറിന് കാരണമെന്ന് സംശയമില്ലാതെ കണ്ടെത്തിയിരിക്കുന്നത് സ്‌പെയിനില്‍ നടന്ന ഒരു പഠനത്തിലാണ്.
അമിത മദ്യപാനം നിര്‍ത്തുക
വായയിലെ അര്‍ബുദത്തിന് മറ്റൊരു പ്രധാന കാരണം അമിതമായ മദ്യപാനമാണ്. നിര്‍ദ്ദിഷ്ട അളവില്‍ പരിധി ലംഘിക്കാത്ത മദ്യപാനം അപകടകരമല്ല. യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് പറയുന്നത് പുരുഷന്മാര്‍ ആഴ്ചയില്‍ 21 യൂണിറ്റിലും സ്ത്രീകള്‍ 14 യൂണിറ്റിലും (ഒരു യൂണിറ്റ് = 10 മില്ലി ലിറ്റര്‍ അല്ലെങ്കില്‍ എട്ടു ഗ്രാം ശുദ്ധ ആല്‍ക്കഹോള്‍) കൂടുതല്‍ മദ്യപിക്കരുത് എന്നാണ്. ആല്‍ക്കഹോള്‍ വായയിലെ കോശങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ആല്‍ക്കഹോളിനോടൊപ്പം പുകയില കൂടിയാവുമ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാകുന്നു. ഇതിനു കാരണം ആല്‍ക്കഹോള്‍ പുകയിലയിലുള്ള കാര്‍സിനോജനുകളെ വലിച്ചെടുക്കാന്‍ വായയേയും തൊണ്ടയേയും സഹായിക്കുന്നതാണ്.
എച്ച്പിവി പ്രതിരോധിക്കുക
ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് കഴുത്തിലെ കാന്‍സറിനു കാരണമാകുന്നത്. എന്നാലിപ്പോള്‍ ഇതേ വൈറസ് വായയിലെ കാന്‍സറിനും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ എച്ച്പിവിയെ പ്രതിരോധിക്കുകയാണ് ഈ കാന്‍സറുകളെ പ്രതിരോധിക്കാനുള്ള ആദ്യവഴി. എച്ച്പിവിയെ പ്രതിരോധിക്കാന്‍ വാക്‌സിനേഷനാണ് ലഭ്യമായിട്ടുള്ളത്. വാക്‌സിന്‍ ശരിയായ പ്രായത്തില്‍തന്നെ എടുക്കേണ്ടതുണ്ട്. ലൈംഗികജീവിതം ആരംഭിക്കുന്നതിനു മുന്നേ എടുക്കുന്നതാണ് നല്ലത്.
അമിതമായി വെയില്‍ കൊള്ളാതിരിക്കുക
ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും പരമാവധി വെയില്‍ കൊള്ളുന്ന സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുക. അധികമായി സൂര്യപ്രകാശമേല്‍ക്കുന്നത് വായയിലെ കാന്‍സറിനു കാരണമാകുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതലായി പ്രവഹിക്കുന്ന ഉച്ചസമയത്ത് പ്രത്യേകിച്ചും വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കുക. പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യത്തില്‍ കൈകളും കാലുകളും മൂടുന്ന രീതിയില്‍ വസ്ത്രധാരണം ചെയ്യുക. പുറത്തുകാണുന്ന ശരീരഭാഗങ്ങളില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.
എസ്പിഎഫ് ഉള്ള ലിപ് ബാം ഉപയോഗിക്കുക
കൂടുതല്‍ സമയം വെയിലില്‍ ചെലവഴിക്കേണ്ടുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് യുവിഎ, യുവിബി രശ്മികളില്‍ നിന്നെങ്കിലും സംരക്ഷണം തേടുക. എസ്പിഎഫ് 30 ഉള്ള ലിപ് ബാം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വായയ്ക്കും ചുണ്ടിനും അനുയോജ്യമായ ലിപ് ബാമിനായി പണം മുടക്കുന്നതിന് മടി കാണിക്കാതിരിക്കുക.
നല്ല ഭക്ഷണം കഴിക്കുക
ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുള്ള പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. കാന്‍സറിനു കാരണമാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രസിനെ പ്രതിരോധിക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ നല്ലതാണെന്ന് ഏതു കാന്‍സറിനെ സംബന്ധിച്ച ഗവേഷണത്തിലും കാണാം. ആന്റിഓക്‌സിഡന്റുകള്‍ക്കും വിറ്റാമിനുകള്‍ക്കും പുറമെ ഫ്രഷായ ഉല്‍പ്പന്നങ്ങളില്‍ ഫൈറ്റോകെമിക്കലുകളായ ബീറ്റാ-കരോട്ടിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തി അര്‍ബുദ കോശങ്ങളെ ആക്രമിക്കാന്‍ കഴിയുന്ന ചെറുകണങ്ങളെ ബലപ്പെടുത്തുന്നത് ഈ ബീറ്റാ-കരോട്ടിനുകളാണ്.
നിങ്ങളുടെ അപകട സാധ്യതയെക്കുറിച്ച് മനസ്സിലാക്കുക
ചിലര്‍ക്ക് ചില രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലായിരിക്കും. പുരുഷന്മാര്‍ക്ക് വായയിലെ കാന്‍സര്‍ വരാനുള്ള സാധ്യത സ്ത്രീകളേക്കാള്‍ കൂടുതലാണ്. താഴെ പറയുന്ന ഏതെങ്കിലും വിഭാഗത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോ എന്നു നോക്കി ഇടയ്ക്കിടെ കാന്‍സര്‍ സ്‌ക്രീനിങ് ചെയ്യുക.
- 55 വയസ് കഴിഞ്ഞവര്‍
- അമിതമായ മദ്യപാനമുള്ളവര്‍
- പുകവലി / പുകയില ചവയ്ക്കുന്നവര്‍
- ദീര്‍ഘസമയം സൂര്യപ്രകാശമേല്‍ക്കുന്നവര്‍
- പ്രതിരോധശേഷി കുറഞ്ഞവര്‍ (രോഗം കൊണ്ടോ ചില മരുന്നുകളുടെ ഉപയോഗം കൊണ്ടോ)