വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും.
ആവശ്യത്തിനുള്ള ഭക്ഷണം കഴിക്കാതിരിക്കുന്നത് പോഷകക്കുറവ് മൂലമുള്ള മറ്റു പല ആരോഗ്യപ്രശ്‌നങ്ങൾക്കും വഴിയൊരുക്കും. അതിനാൽ തന്നെ വ്യയാമം ശീലമാക്കുക, ജീവിതശൈലിയിൽ മാറ്റം വരുത്തുക തുടങ്ങിയ കാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്.
ശെരിയായ വ്യായാമങ്ങൾ തെരെഞ്ഞെടുക്കുമ്പോഴും ഭക്ഷണരീതിയിൽ മാറ്റം വരുത്തുമ്പോഴുമെല്ലാം ആളുടെ ആരോഗ്യസ്ഥിതി, പ്രായം, ശാരീരികക്ഷമത തുടങ്ങിയവയെല്ലാം പരിഗണിക്കേണ്ടതുണ്ട്.
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക
ആഹാരം പാടെ ഒഴിവാക്കാതെ, പോഷകസമൃദ്ധമായ ഭക്ഷണം മിതമായ അളവിൽ കൃത്യ സമയത്ത് കഴിക്കുന്നത് ആരോഗ്യം നിലനിർത്തിക്കൊണ്ട് തന്നെയുള്ള വെയിറ്റ് ലോസ് സാധ്യമാക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യം വേണ്ട പോഷകങ്ങളെല്ലാം അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും അതുവഴി വണ്ണം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ധാരാളം വെള്ളം കുടിക്കുക
ദഹനം മന്ദഗതിയിലാകാനുള്ള മറ്റൊരു പ്രധാനകാരണമാണ് ശരീരം ഡീഹൈഡ്രേറ്റഡ് ആയിരിക്കുന്നത്. ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയാൽ മാത്രമേ ആമാശയത്തിനുള്ളിലെ പ്രവർത്തനങ്ങൾ ശെരിയായി നടക്കുകയും കലോറി കരിയിച്ചു കളയാൻ കഴിയുകയുമുള്ളൂ.
മദ്യപാനം ഒഴിവാക്കുക
അനിയന്ത്രിതമായ മദ്യപാനം ശരീരത്തിന്റെ മെറ്റബോളിസം തകരാറിലാക്കുകയും ഗുരുതരമായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.ആയതിനാൽ തന്നെ അമിതവണ്ണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ മദ്യപാനം പൂർണമായും ഒഴിവാക്കുകയോ കാര്യമായി നിയന്ത്രിക്കുകയോ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
വൈറ്റമിൻ-ഡി അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക
അയേണ്‍ സമ്പന്നമായ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുന്നതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്ലതാണ്. ഈന്തപ്പഴം, ബീറ്റ്റൂട്ട്, മാതളം, സീഡ്സ്, നട്ട്സ്, ഇലക്കറികള്‍, മീൻ, ചിക്കൻ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. വൈറ്റമിൻ-ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വണ്ണം കുറയാൻ സഹായിക്കുന്നു. കൂണ്‍, പാലുത്പന്നങ്ങള്‍, മീൻ, ഇലക്കറികളെല്ലാം ഇതിനുദാഹരണമാണ്. ആവശ്യമെങ്കില്‍ വൈറ്റമിന്‍-ഡി സപ്ലിമെന്‍റ്സും കഴിക്കാവുന്നതാണ്.
ഉറക്കം കൃത്യസമയത്താക്കുക
ഉറക്കത്തിനും ശരീരഭാരത്തിനും തമ്മിൽ വലിയ ബന്ധമുണ്ട്. ഓരോരുത്തരിലും വ്യതിയാനങ്ങൾ ഉണ്ടാവാമെന്നിരിക്കെയും, അമിതവണ്ണം ഇല്ലാത്ത ആരോഗ്യമുള്ള ശരീരത്തിന് നേരത്തെ കിടന്നുറങ്ങുന്നതും കൃത്യമായ അളവിൽ ഉറക്കം ലഭിക്കേണ്ടതും ആവശ്യമാണ്. നേരത്തെ പറഞ്ഞതുപോലെ കൃത്യമായ വ്യായാമവും ശീലമാക്കേണ്ടതുണ്ട്.
ഒരു ദിവസത്തെ അത്താഴം കഴിച്ചില്ലെങ്കിൽ ഒരു പ്രാവിന്റെ തൂക്കം ഇറച്ചി നഷ്ടപ്പെടുമെന്ന് പൊതുവെ പറയാറുണ്ട്. ഇത് വിശ്വസിച്ചു രാത്രിഭക്ഷണം പാടെ ഒഴിവാക്കുന്ന ശീലം പലരിലും കണ്ടുവരുന്നുണ്ട് . എന്നാൽ ഇതൊരു ഉചിതമായ രീതിയല്ല. അത്താഴം ലഘുവാക്കുകയും കഴിവതും നേരത്തെ കഴിക്കുകയുമാണ് ചെയ്യേണ്ടത്.