spot_img

ന്നാ താൻ കേസ് കൊട്

ഡെന്റിസ്റ് Dr.സ്മിത റഹ്മാൻ എഴുതുന്നു .

ഭാഗം 2

രാജീവന്റെ പല്ലുകൾ നിങ്ങളും പല്ലു ഡോക്ടർമാരായ ഞങ്ങളും കാണുന്നത് അയാളുടെ നാല്പത്തി രണ്ട് വയസ്സിൽ ആണല്ലോ.

വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ഗവൺമെന്റ് ഡെന്റൽ കോളേജിൽ അഡ്മിഷൻ എടുക്കാൻ ചെന്ന ദിവസം ഞാൻ ഇന്നും ഓർക്കുന്നു. അന്നെനിക്ക് പ്രായം പതിനെട്ട്. അഡ്മിഷൻ സമയത്ത് ഡെന്റൽ ചെക്കപ്പൊക്കെയുണ്ട് ഞങ്ങൾക്ക്. മിക്കവാറും സീനിയർ വിദ്യാർഥികളോ ഹൗസ് സർജന്മാരോ ആണ് ന്യൂ അഡ്മിഷന്റെ ചെക്കപ്പ് ചെയ്യുന്നത്. ജീവിതത്തിൽ ഒരിക്കലും പല്ലു ഡോക്ടറെ കണ്ടിട്ടില്ലാത്ത ഞാൻ ആദ്യമായി കോട്ടിട്ട ഡോക്ടർടെ മുന്നിൽ വായ തുറന്നു. ശേഷം അവരെന്തൊക്കെയോ സ്വകാര്യം പറഞ്ഞു. എന്തോ class 3, cross bite എന്നൊക്കെ കേട്ടെങ്കിലും കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. 21 ആം മുറിയിൽ കാണിക്കണം എന്ന് എനിക്ക് കുറിച്ചു തന്നു.

പുറത്തിറങ്ങി ഞാൻ രക്ഷിതാക്കളോട് പറഞ്ഞു, എന്റെ പല്ലിനെന്തോ പ്രശ്നമുണ്ടെന്ന് അവർ പറയുന്നത് കേട്ടു. അന്ന് കൂടെ ഉമ്മയുടെ ഉപ്പയുണ്ട്. ഏറ്റവും മൂത്ത പേരകുട്ടിയെ കേരളത്തിലെ പ്രസ്റ്റീജിയസ് ദന്തൽ കോളേജിൽ പല്ലു ഡോക്ടർ ഭാഗത്തിന് പഠിപ്പിക്കാൻ കൊണ്ട് ചെന്നിട്ട് കൊച്ചിന്റെ പല്ലിന് കൊഴപ്പണ്ടന്നോ! വെല്ലിപ്പ പറഞ്ഞു, “കുട്ടിന്റെ പല്ലിന് ഇപ്പൊ യാതൊരു കൊഴപ്പോല്ല, അതോൽക്ക് തെറ്റിയതാവും”.

അതായിരുന്നു എന്റെ ക്ലാസ് 3 ജീവിതത്തിന്റെ തുടക്കം. പൃഷ്ടം പോയ രാജീവനും എനിക്കും ഒരേ ക്ലാസ് 3! പതിനെട്ട് വയസ്സിൽ തിരിച്ചറിഞ്ഞിട്ടും അതിനെ അംഗീകരിക്കാൻ എന്റെ വീട്ടുകാരോ ഒരു പരിധിവരെ ഞാനോ തയ്യാറായില്ല!

പിന്നീടങ്ങോട്ട് 21 ആം മുറിയിൽ ഞാൻ സ്ഥിരം സന്ദർശകയായി. അന്നത്തെ HOD മുതൽ ഡിപ്പാർട്ട്മെന്റിലെ പിജീസും ഹൗസ് സർജന്മാരും എന്നെ പ്രത്യേകമായി പരിഗണിച്ചു. പാരമ്പര്യമില്ല. വീട്ടിൽ ആർക്കും നീണ്ട മുഖമില്ല എന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞു.

സർജറിയാണ് definitive treatment എന്ന് പറഞ്ഞല്ലോ. രാജീവന്റെ താടിയ്ക്കുള്ള അത്ര നീട്ടം എന്റെ താടിയ്ക്കില്ല. രാജീവന് പ്രശ്നം രൂക്ഷമായി തോന്നുന്നത് കുഞ്ചാക്കോ ബോബന്റെ അത്ര സൗന്ദര്യം ഇല്ലാത്തത് കൊണ്ടാണ്. പല്ലിന്റെ നിര ശരിയാക്കി അണപ്പല്ലുകൾ കടിക്കുന്ന രീതിയും കൂടി ശരിയാക്കിയാൽ എന്റെ കാര്യം വലിയ കുഴപ്പമില്ല. ഏകദേശം ജൂഹി ചൗളയുടെ മുഖം പോലെയാവും. കോളേജിൽ എല്ലാവരും കൂടി മുശാവറ നടത്തി തീരുമാനം പറഞ്ഞു. എനിക്ക് ഊരി മാറ്റാവുന്ന ഒരു ക്ലിപ്പിട്ടു തന്നു.

എനിക്ക് ഇട്ടു തന്ന ക്ലിപ്പു ചികിത്സയ്ക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. ഇരുപത്തിനാല് മണിക്കൂറും സംസാരിച്ചു കൊണ്ടിരിക്കുന്ന എനിക്ക് വായിൽ ക്ലിപ്പിട്ടാൽ സംസാരിക്കാൻ പ്രയാസം വരും. ക്ലിപ്പ് വായിൽ വച്ച് എന്നെ കൊണ്ട് മിസ്സിസ്സിപ്പി എന്ന് പറയിപ്പിക്കലായി സീനിയർ ചേട്ടന്മാരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദം. അന്നത്തെ സീനിയേഴ്സ് ചിലരൊക്കെ ഇന്ന് 21 ആം മുറിയിൽ അധ്യാപകരാണ്. എന്തായാലും class 3 എനിക്ക് ഒരുപാട് സീനിയേഴ്സിന്റെ സൗഹൃദവും അധ്യാപകരുടെ ശ്രദ്ധയും തന്നു. ക്ലാസ് 3 പെൺകുട്ടി എല്ലാ പരീക്ഷകളിലും ശ്രദ്ധിക്കപ്പെട്ടു. മിക്ക വൈവകളിലും എന്നെ കുറിച്ച് തന്നെ സംസാരിക്കാൻ ഉണ്ടായിരുന്നത് കൊണ്ട് മറ്റ് ചോദ്യങ്ങളിലേക്ക് കടക്കാൻ എക്സ്റ്റേണൽ എക്സാമിനേഴ്സിന് സമയം കിട്ടിയില്ല.

അന്നത്തെ എന്റെ ഉത്സാഹ കുറവോ കമ്പിയിടാനുള്ള മടിയോ എന്തോ ക്ലാസ് 3 കൃത്യമായി ചികിത്സിക്കപ്പെട്ടില്ല.
കുഞ്ചാക്കോ വായിൽ ഹാൻസ് വച്ചാണോ അഭിനയിച്ചത് എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്. ക്ലാസ് 3 ഉള്ളവരുടെ മുഖഭാവം അങ്ങനെയൊക്കെയാണ്. സ്ത്രീകൾ ആണെങ്കിൽ മുഖ ലക്ഷണം കൊണ്ട് അഹങ്കാരി പട്ടം കയ്യിലിരിക്കും. ക്ലിനിക്കിൽ വരുന്ന രോഗികളോട് “ദേ ഇങ്ങനെയാണ് ശരിക്കും പല്ലുകൾ ഇരിക്കേണ്ടത്” എന്ന് ചിരിച്ച് കാണിക്കാൻ പറ്റാതെ എത്രയോ വർഷങ്ങൾ.

മുഖത്തെ രൂപ മാറ്റങ്ങൾ മാത്രമല്ല രാജീവന് മറ്റു പല ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. മിക്ക ക്ലാസ് 3 കാർക്കും താടിയെല്ലിന്റെ ജോയിന്റിന് തേയ്മാനം സംഭവിക്കാറുണ്ട്. അതു കൊണ്ടുണ്ടാകാവുന്ന തല വേദന, കൃത്യമായി പല്ലുകൾ കൂട്ടി കടിക്കാത്തത് മൂലമുള്ള പല്ലിന്റെ തേയ്മാനം എന്നിവ സ്ഥിരമായി കാണാറുണ്ട്.

ഇതെല്ലാം മുന്നിൽ കണ്ട് 32 ആമത്തെ വയസ്സിൽ എന്റെ തന്നെ സഹപാഠിയും ദന്ത ക്രമീകരണ വിദഗ്ധയുമായ Supriya Girish എന്റെ പല്ലുകളുടെ നിര ശരിയാക്കി. അണപ്പല്ലുകൾ പോലും ഒരു പരിധിവരെ ശരിയാക്കി cross bite എന്ന അവസ്ഥ പൂർണ്ണമായും മാറി. താടിയെല്ലുകളിൽ പ്രായം കൂടുമ്പോൾ ഉണ്ടാകാവുന്ന സങ്കീർണ്ണതകൾ എല്ലാം ഒന്നര വർഷത്തെ ഓർത്തൊഡോന്റിക് ചികിത്സയിലൂടെ ഇല്ലാതാക്കി. ഞാനിപ്പോൾ camouflage ചെയ്യപ്പെട്ട skeletal class 3 ആണ്!

എന്നേയും രാജീവനേയും പോലെ ക്ലാസ് 3 ഉള്ള മലയാളിക്ക് സുപരിചിതനായ ഒരു സെലിബ്രിറ്റിയുണ്ട്. അതാരാണ് എന്ന് കമന്റിൽ ഇടാമോ?

പല്ലു ഡോക്ടർമാർ കമന്റ് ചെയ്യാതിരിക്കുക….

(തുടരും)

തയ്യാറാക്കിയത്

Dr.Smitha Rahman
Fathima Dental Clinic
Pulamanthole
Malappuram

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.