spot_img

ന്നാ താൻ കേസ് കൊട്

ഡെന്റിസ്റ് Dr.സ്മിത റഹ്മാൻ എഴുതുന്നു .

ഭാഗം 1

സിനിമ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടങ്ങിയതോടെ മിക്കവാറും ആളുകൾ സിനിമ കണ്ടിട്ടുണ്ടാവും. നല്ല സിനിമയാണ്. സിനിമയുടെ കഥയിലേക്കും റോഡിലെ കുഴിയിലേക്കും ഒന്നും വീഴാൻ താത്പര്യം ഇല്ലാത്തതു കൊണ്ട് ഞാൻ സിനിമയിൽ കണ്ട വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയത്തെ കുറിച്ച് പറയാൻ ഉദ്ദേശിക്കുന്നു.

കള്ളനും കഥാനായകനും സ്വന്തം അഭിമാനത്തിനും പൃഷ്ടത്തിനും വേണ്ടി നിയമയുദ്ധം നടത്തുന്നവനുമായ രാജീവന്റെ പല്ലിനെ കറിച്ചാണ് എന്റെ കഥ! കഥാപാത്രങ്ങളുടെ മുഖത്ത് വളരെ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി അവരുടെ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്. മാത്രവുമല്ല, സാധാരണ മനുഷ്യർ കുഞ്ചാക്കോ ബോബനെ പോലെയല്ല രാജീവനെ പോലെയാണ് എന്ന് കൂടി നമ്മൾ ഓർക്കണം.

പല്ലുകളുടെ നിര തെറ്റുന്ന കാര്യത്തിൽ Class 1, Class 2, Class 3 എന്നൊക്കെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ചിലത് പല്ലുകളിൽ മാത്രം ഒതുങ്ങുന്നതും മറ്റുള്ളവ താടിയെല്ലുകളുടെ വളർച്ചാ വ്യതിയാനങ്ങൾ കൊണ്ടുണ്ടാവുന്നതുമാണ്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, താടിയെല്ലിന്റെ വളർച്ച വ്യതിയാനങ്ങൾ പലർക്കും പാരമ്പര്യമായി കിട്ടുന്നതാണ്. ചില കുടുംബങ്ങളിൽ തലമുറകളായി ഇതുള്ളവരുണ്ടാകാം. നീണ്ട മുഖമുള്ളവരും, പല്ല് പൊങ്ങിയവരും, ചെറിയ മുഖമുള്ളവരും ഉണ്ടാകാം. അതിനെയാണല്ലോ നാം മുഖഛായ, ഫേസ് കട്ട് എന്നൊക്കെ പറയുന്നത്. അച്ഛന്റെയും മുത്തച്ഛന്റെയും മുഖം ഒരുപോലെ ആയത് കൊണ്ട് മകന്റെ മുഖത്ത് abnormal ആയി ആർക്കും ഒന്നും തോന്നുകയില്ല. പ്രശ്നം തിരിച്ചറിയാത്തത് കൊണ്ട് മാത്രം ചികിത്സ നേടാത്ത അനേകം രാജീവന്മാർ നമുക്കിടയിൽ ഉണ്ട്.

ഈ വിഭാഗത്തിൽ പെട്ട വളരെ സാധാരണയായി കാണപ്പെടുന്ന ഒരു കേസാണ് രാജീവന്റേത്. Skeletal Class 3 malocclusion എന്നാണ് ഈ അവസ്ഥയുടെ പേര്. നീണ്ട മുഖം, നീണ്ട കീഴ്താടിയെല്ല്, മുന്നിൽ നിൽക്കുന്ന കീഴ് ചുണ്ട്, മുഖത്ത് ഗൗരവ ഭാവം, സൈഡിൽ നിന്നും നോക്കിയാൽ അകത്തേക്ക് വളഞ്ഞ മുഖാകൃതി( concave profile), ചിരിച്ചാൽ മേൽ പല്ലുകൾ അകത്തിരിക്കുന്ന cross bite ഒക്കെയാണ് ഇതിന്റെ പ്രത്യക്ഷത്തിൽ ഉള്ള അടയാളങ്ങൾ. ഏറിയും കുറഞ്ഞും പലർക്കും പല രീതിയിൽ ആണിതുണ്ടാകുക. ഒരുപാട് സങ്കീർണ്ണതകൾ കൂടി കലർന്ന പ്രശ്നമാണിത്.

കാര്യം തിരിച്ചറിയപ്പെടുന്ന പ്രായം, രോഗി ആണോ പെണ്ണോ എന്നത്, വളർച്ചയുടെ തോത്, താടിയെല്ലുകളുടെ ആനുപാതികമായ നീളം, പല്ലുകളിൽ വന്നിട്ടുള്ള പ്രശ്നങ്ങൾ, രോഗിയുടേയും കുടുംബത്തിന്റേയും താത്പര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് ചികിത്സ നിർണ്ണയിക്കുകന്നത്.

വളരെ ചെറുപ്പത്തിൽ ചികിത്സിച്ചാൽ ഉത്തമം. ഏകദേശം ഏഴ് വയസ്സ് മുതൽ തുടങ്ങിയാൽ വല്യ ബുദ്ധിമുട്ടുകൾ ഇല്ലാത്ത ഉരി മാറ്റാവുന്ന ക്ലിപ്പുകൾ, ബെൽറ്റുകൾ, വായിൽ ഘടിപ്പിക്കുന്ന ചില ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് വളരെ ഫലപ്രദമായ ചികിത്സ ഇതിന് ലഭ്യമാണ്. ചികിത്സാ ദൈർഘ്യം കൂടുമെങ്കിലും ചിലവ് കുറഞ്ഞതും എളുപ്പമുള്ളതും സങ്കീർണ്ണതകൾ കുറഞ്ഞതും ചെറുപ്പത്തിൽ തുടങ്ങുന്ന ചികിത്സയ്ക്കാണ്. പ്രശ്നമുണ്ട് എന്ന് തിരിച്ചറിയുക, അതിനുള്ള ചികിത്സ കൃത്യമായി എടുക്കാൻ തയ്യാറാകുക, കുട്ടിയും രക്ഷിതാവും ഒരേ പോലെ മോട്ടിവേറ്റട് ആയി ഇരിക്കുക എന്നിവയൊക്കെയാണ് ഇവിടെ നേരിടുന്ന വലിയ വെല്ലുവിളികൾ.

നമ്മുടെ രാജീവന്റെ വീട്ടിൽ കുട്ടികാലത്ത് അയാളെ ആരെങ്കിലും ശ്രദ്ധിച്ചിരിക്കുമോ? ഇനിയിത് അറിഞ്ഞിരുന്നു എങ്കിൽ അതിന് ചികിത്സിച്ചിരിക്കുമോ? കള്ളൻ ജന്മം കൊണ്ട് കള്ളനായതല്ലല്ലോ. അവന്റെ കുടുംബവും സമുഹവുമാണ് അവനെ കള്ളനാക്കുന്നത്. കള്ളന്റെ ക്ലാസ് 3 ലോകം തിരിച്ചറിയുന്നത് നാല്പത്തി രണ്ട് വയസ്സിൽ ആണെന്നുള്ളതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം!

തയ്യാറാക്കിയത്

Dr.Smitha Rahman
Fathima Dental Clinic
Pulamanthole
Malappuram

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.