spot_img

ഇത് വെറും കുരുവല്ല; കൺകുരു; ഡോക്ടർ നവജീവൻ എൻ കൺകുരു വരാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും വിശദ്ധീകരിക്കുന്നു.

വായുവിലെ പൊടിപടലങ്ങളിൽ നിന്നും നേത്രഗോളത്തെ സംരക്ഷിക്കാനായി ഒരു കർട്ടൻ പോലെ രൂപകല്പ്പന ചെയ്തിട്ടുള്ളവയാണ് നമ്മുടെ കൺപോളകൾ ! ഇതിനുള്ളിൽ തന്നെ നൂറോളം ചെറുഗ്രന്ഥികളും സ്ഥിതി ചെയ്യുന്നു. നേത്രഗോളത്തെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന കണ്ണുനീർ പാളിയുടെ നനവ് നഷ്ടപെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള ധാതുലവണങ്ങളും രോഗാണുനാശകമായ പദാർത്ഥങ്ങളും നൽകുന്നത് ഇതേ ഗ്രന്ഥികളിൽ നിന്നൊഴുകുന്ന സ്രവങ്ങളാണ് ! ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മലിലൂടെയാണ് കണ്ണിന്റെ സ്ഥായിയായ ഈ നനവ് നിലനിന്നു പോകുന്നത്. ചിലപ്പോൾ അണുബാധ മൂലമോ നീർകെട്ടുമൂലമോ ചെറുകുഴലുകളിലൂടെയുള്ള ഈ സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടർന്ന് നല്ല വേദനയോടുകൂടി ഒരു തടിപ്പുണ്ടാവുകയും ചെയ്യും. അതാണ് കൺകുരു !

സാധാരണയായി കൺപോളയിൽ കൺപീലിയോട് ചേർന്നുള്ള ഭാഗങ്ങളിൽ നിന്നുള്ള വേദനയോട് കൂടിയ കുരുക്കളും കൺപീലിയിൽ നിന്നും അകന്ന് കാണുന്ന വേദനരഹിതമായ കുരുക്കളുമാണ് കാണാറുള്ളത്. ഇവ രണ്ടും നേത്രഗോളത്തിനു ക്ഷതമേൽപ്പിക്കത്തക്ക അപകടകരമല്ലാത്തവയാണ്.

ഇടയ്ക്കിടെ കണ്ണ് ചൊറിയുമ്പോൾ കൈയിൽ നിന്നും അണുബാധ ഉള്ളിലേക്ക് പടരാം. ഇതോടൊപ്പം എപ്പോഴും താരൻ, പ്രമേഹ രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിലും ഇടയ്ക്കിടെ കൺകുരു കാണാറുണ്ട്. കണ്ണിന്റെ പവർ കൃത്യമല്ലാത്തവരിൽ ഇടയ്ക്കിടെ കണ്ണ് തിരുമുന്നത് മൂലവും കൺകുരു ഉണ്ടാവാറുണ്ട്. കൺപോളയിൽ നിന്നും സൂചികുത്ത് പോലത്തെ വേദനയും ഭാരവും തട്ടലുമായിട്ടായിരിക്കും ഇത് തുടങ്ങുന്നത്.

❓ ചികിത്സ

✖️ യാതൊരു കാരണവശാലും കുരു ഞെക്കി പൊട്ടിക്കാൻ പാടുള്ളതല്ല. അതിനെ തന്നെത്താൻ പൊട്ടിയൊലിക്കാൻ അനുവദിക്കുക.

✔️ ചൂട് വയ്ക്കുക. ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കൺകുരുവിന് മുകളിൽ പത്ത് മിനിറ്റോളം പതിയെ വയ്ക്കുക. ദിവസവും 4 തവണയെങ്കിലും ഇങ്ങനെ ചെയ്യണം.

✔️ ഇതോടൊപ്പം ആന്റിബയോട്ടിക്ക് തുള്ളിമരുന്നുകൾ ഒഴിക്കേണ്ടതായും ആന്റിബയോട്ടിക്ക് ഓയിന്റ്മെന്റുകൾ പുരട്ടേണ്ടതായും വരും.

സാധാരണഗതിയിൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇത് മാറും.

✔️ നല്ല വേദനയുണ്ടെങ്കിൽ നീർക്കെട്ടിനും വേദനക്കും എതിരെ പ്രവർത്തിക്കുന്ന ഗുളികകളും കഴിക്കാം.

✔️ എന്നാൽ ചിലപ്പോൾ കുരു വലുതാവുകയും ചുവപ്പ് നിറത്തോട് കൂടി കണ്ണ് വേദനിക്കുകയും കണ്ണിനുള്ളിൽ ഇടയ്ക്കിടെയുള്ള തട്ട് കൂടുതലായി അനുഭവപ്പെടുകയും ചെയ്താൽ ചെറുതായി കീറി പഴുപ്പ് പുറത്തേക്ക് ഒഴുക്കേണ്ടി വരാം. അത്‌ വളരെ ലളിതമായി ഒ.പി ചികിത്സയായി ചെയ്യാറുള്ളതാണ്.

✔️ പ്രായമായതും രോഗപ്രതിരോധാവസ്ഥ കുറഞ്ഞവരിലെയും ദീർഘകാലമായുള്ള കൺകുരുവിന് ഉടൻ തുടർപരിശോധനയും ചികിത്സയും നൽകേണ്ടതാണ്.

❓ കൺകുരു എങ്ങനെ തടയാം ?

ℹ️ ഇടയ്ക്കിടെ കൺകുരു വരാറുള്ളവർ
പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ചപരിശോധന എന്നിവ നടത്തേണ്ടതാണ്.

ℹ️ വിട്ടു മാറാത്ത താരൻ മൂലം ഇടയ്ക്കിടെ കൺകുരു വരുന്നവർ കൺപോളകളുടെ കാര്യത്തിൽ ശുചിത്വം പാലിക്കുക. അതായത് ബേബി ഷാംപൂ പതപ്പിച്ച് അതിൽ മുക്കിയ ബഡ്‌സ് ഉപയോഗിച്ച് ദിവസവും കൺപീലിയുടെ മാർജിൻ (Blepharitis) വൃത്തിയാക്കുക.

ℹ️ കൺകുരുവിന്റെ തുടക്കമായി ഫീൽ ചെയ്യുന്നത് കൺപോളയിൽ നിന്നുള്ള സൂചിമുന വേദനയാണ്. അപ്പോൾ മുതൽക്കേ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളർച്ചയ്ക്ക് തടയിടുകയും ചെയ്യും.

This article is originally published in INFOCLINIC

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.