ലോകത്തിന്റെ മനോഹാരിത മനസിൽ പതിപ്പിക്കുന്ന ക്യാമറകളാണ് ഓരോ കണ്ണുകളും. അവയില്ലെങ്കിലുള്ള അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. ശരീരത്തിന്റെ ആരോഗ്യം നോക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കണ്ണുകളുടെ ആരോഗ്യവും. കാഴ്ച എത്ര വിലപിടിപ്പുള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഓരോ വർഷം കഴിയുംതോറും കണ്ണട വെക്കുന്നവരുടെ എണ്ണം ദിനംതോറും വർധിച്ചുവരുന്നതായാണ് കാണുന്നത്. കണ്ണുകൾക്ക് വേണ്ട ശ്രദ്ധയും സംരക്ഷണവും കൊടുക്കാത്തതു കൊണ്ട് നിരവധി പ്രശ്‌നങ്ങളാണ് കണ്ണുകളെ ബാധിക്കുന്നത്. അവ തടയാനും കണ്ണുകളെ സംരക്ഷിക്കാനും നമുക്ക് ചിലത് ചെയ്യാനാകും.
സൺഗ്ലാസുകൾ വെക്കുക
സ്റ്റൈലിന് വേണ്ടി മാത്രമല്ല, കണ്ണുകളുടെ സംരക്ഷണത്തിന് കൂടിയുള്ളതാണ് സൺഗ്ലാസുകൾ അല്ലെങ്കിൽ കൂളിങ് ഗ്ലാസുകൾ. പകൽ സമയത്ത് പ്രത്യേകിച്ചും വെയിൽ അധികമുള്ള സമയങ്ങളിൽ സൺഗ്ലാസുകൾഡ വെക്കുന്നത് അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും കണ്ണിനെ സംരക്ഷിക്കും. ഈ മാറിയ കാലാവസ്ഥയിൽ കണ്ണുകൾക്ക് സൺബേൺ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുറച്ച് മണിക്കൂറുകൾ മാത്രമാണ് പുറത്ത് ചെലവഴിക്കുന്നതെങ്കിലും സൺഗ്ലാസുകൾ വെച്ച് നടക്കുക. 99-100 ശതമാനം വരെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സൺഗ്ലാസുകൾ കണ്ണുകളെ സംരക്ഷിച്ചു നിർത്തുന്നതിനൊപ്പം, 75-90 ശതമാനം വരെ വ്യക്തമായ കാഴ്ചയും കാണാം.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുക
ഒന്നുകിൽ മൊബൈൽ അല്ലെങ്കിൽ ലാപ്‌ടോപ്, ടിവി.. ഇന്നത്തെ പുതു തലമുറ മുതൽ വാർധക്യത്തിലുള്ളവർ പോലും ഇവയ്ക്ക് മുന്നിലാണ് മിക്ക സമയവും. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ച് ഇവയ്ക്ക് മുന്നിലിരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരം ഉപകരണങ്ങളിൽ നിന്ന് പ്രവഹിക്കുന്ന ബ്ലൂലൈറ്റ് കണ്ണുകൾക്ക് ഹാനികരമാണ്. തുടർച്ചയായി മണിക്കൂറുകൾ ഇങ്ങനെ ചിലവഴിക്കുന്നത് കണ്ണിന് ആയാസകരമാണ്. കണ്ണുകൾ വരണ്ടുപോകാനും കാരണമാകുന്നു.
കണ്ണ് തിരുമതുത്
കണ്ണിൽ എന്തെങ്കിലും പോയാലോ, ചൊറിച്ചിൽ അനുഭവപ്പെട്ടാലോ പലരും ആദ്യം ചെയ്യുന്നത് കണ്ണ് വേഗം തിരുമാനാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ കണ്ണിനുള്ളിൽ പോറലുകൾ സംഭവിച്ചേക്കാം. കോർണിയയ്‌ക്കോ ക്യഷ്ണമണിക്ക് പുറത്തോ പോറലുകൾ സംഭവിക്കുന്നത് കാഴ്ചശക്തിയെ തന്നെ ബാധിക്കും. കണ്ണിനെ ആവരണം ചെയ്തിരിക്കുന്ന ത്വക്കിന് കേടുപാടുകൾ സംഭവിക്കാനും സാധ്യത ഏറെയാണ്. അതിനാൽ കണ്ണ് തിരുമുന്നത്, കട്ടിയുള്ള തുണി ഉപയോഗിച്ച് കണ്ണ് തുടയ്ക്കുന്നത് എന്നിവ ഒഴിവാക്കുക
കെമിക്കലുകൾ ഇല്ലാത്ത ഐ ഡ്രോപ്പുകൾ ഉപയോഗിക്കുക
കണ്ണുകൾക്കുണ്ടാകുന്ന അസ്വസ്ഥതകൾക്ക് പലരും തിരഞ്ഞെടുക്കുന്നതാണ് ഐ ഡ്രോപ്പുകൾ. ഇവ ഉപയോഗിക്കുന്നത് കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കും. എന്നാൽ ഐ ഡ്രോപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് അവയിൽ കെമിക്കലുകൾ അടങ്ങിയിട്ടുണ്ടോ എന്നാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രിസർവേറ്റീവ്‌സും കെമിക്കലുകളുമെല്ലാം കണ്ണിന്റെ ആരോഗ്യത്തിന് തന്നെ ഭീഷണിയാണ്. ഐ ഡ്രോപ്പുകൾ വാങ്ങുന്നതിന് മുൻപേ നല്ലൊരു ഐ സ്‌പെഷ്യലിസ്റ്റിന്റെ നിർദേശം സ്വീകരിക്കുക. അദ്ദേഹത്തിന്റെ നിർദേശാനുസരണം ഐഡ്രോപ്പുകൾ തിരഞ്ഞെടുക്കാം.
പഴകിയ മെയ്ക്ക്അപ്പ് ഉപയോഗിക്കരുത്
കാലാവധി കഴിഞ്ഞ മേയ്ക്ക്അപ്പുകൾ കണ്ണിൽ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാം. ഇനിയും ബാക്കിയുണ്ടെന്ന് കരുതി പഴയ മെയ്ക്ക്അപ്പ് കിറ്റ് സൂക്ഷിക്കുന്നവരും പതിവായി ഉപയോഗിക്കുന്നവരും അപകടത്തിലേക്കാണ് നീങ്ങുന്നത്. ഐഷാഡോ, ഐലൈനർ, കാജൽ സ്റ്റിക്ക് എന്നിവയെല്ലാം പഴകി തുടങ്ങിയാൽ കണ്ണിന് ഹാനികരമാണ്. അസ്വസ്ഥകകൾ, ചൊറിച്ചിൽ, കണ്ണിന് ചുവപ്പ് എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകാം. പഴയ മെയ്ക്ക്അപ്പിന് പുറമേ ഗുണമേൻമയില്ലാത്ത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും കണ്ണിന് ഹാനികരമാണ്. ഉറങ്ങാൻ കിടക്കുമ്പോൾ മെയ്ക്ക് അപ്പ് മുഴുവൻ കളഞ്ഞതിന് ശേഷം ഉറങ്ങുക.
കോൺടാക്ട് ലൈൻസ് ഉറങ്ങുന്നതിന് മുൻപ് മാറ്റിവെക്കുക
കണ്ണടകൾ വെക്കാൻ താൽപര്യമില്ലാത്തവർ കോൺടാക്ട് ലെൻസുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം ലെൻസുകൾ വെക്കുമ്പോഴും ശ്രദ്ധയോടെ ക്യത്യമായി വെക്കാൻ ശ്രമിക്കുക. ഒപ്പം തന്നെ രാത്രി കിടക്കുന്നതിന് മുൻപ് കോൺടാക്‌സ് ലെൻസ് നിർബന്ധമായും കണ്ണിൽ നിന്നും മാറ്റണം. അല്ലാത്തപക്ഷം ഇവ കണ്ണിനുള്ളിൽ പോറലോ മുറിവുകൾക്കോ കാരണമായേക്കാം.
ഡോക്ടറെ സമീപിക്കുക
കണ്ണുമായും കാഴ്ചയുമായും ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധരായ ഡോക്ടർമാരുടെ സഹായം തേടുക. അവർ നിർദേശിക്കുന്നതിനനുസരിച്ചുള്ള ചികിത്സകളും മരുന്നുകളും ക്യത്യമായി പാലിക്കുക.