ബിപിക്കുള്ള മരുന്നുകള്‍, പ്രമേഹത്തിനുള്ള മരുന്നുകള്‍ എന്നിവ ഒരിക്കല്‍ തുടങ്ങി കഴിഞ്ഞാല്‍ പിന്നെ നിര്‍ത്താന്‍ സാധിക്കില്ലേ എന്ന ചോദ്യം സ്ഥിരം കേള്‍ക്കാറുള്ളതാണ്. രക്താതിസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ മരുന്നുകള്‍ അഡിക്ഷന്‍ ഉണ്ടാക്കുന്നവയല്ല. അതിനാല്‍ തന്നെ മരുന്ന് നിര്‍ത്താന്‍ പറ്റാതെ വരുക എന്നൊരു അവസ്ഥയും ഇല്ല. ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ നിര്‍ത്താന്‍ പറ്റില്ലെന്ന് പറയുന്നതിന്റെ കാരണം മറ്റുചിലതാണ്.
ഒരാളില്‍ പ്രമേഹം, രക്തസമ്മര്‍ദം എന്നീ രോഗങ്ങള്‍ കണ്ടെത്തിയാല്‍ അത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ഈ രോഗങ്ങളെ വരുതിയിലാക്കാന്‍ ക്രമമായ, കൃത്യമായ ചികിത്സയും ശ്രദ്ധയും പരിചരണവും ആവശ്യമാണ്. രോഗം പ്രാരംഭ ദശയിലാണെങ്കില്‍ ഭക്ഷണ ക്രമീകരണം, ചിട്ടയായ വ്യായാമം, ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ എന്നിവയാകും ഡോക്ടര്‍ നിര്‍ദേശിക്കുക. പക്ഷേ എല്ലാവരിലും ഇത് ഒരുപോലെ ഫലപ്രദമാകണമെന്നില്ല. രോഗം കൂടുതലുള്ളവര്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, എന്തിന് ചില സാധാരണക്കാരില്‍ പോലും പ്രമേഹവും രക്തസമ്മര്‍ദവും നിയന്ത്രണ വിധേയമാക്കാന്‍ പറ്റാത്ത അവസ്ഥ വന്നേക്കാം.
അത്തരം സാഹചര്യങ്ങളില്‍ മരുന്നുകള്‍ ഉപയോഗിച്ച് അവയുടെ അളവ് താഴ്ത്തിക്കൊണ്ടു വരികയാണ് സാധാരണയായി ചെയ്യുന്നത്. ബിപിയുടെ അളവ് നിയന്ത്രണത്തിലായി കഴിഞ്ഞാല്‍ ഇനി മരുന്നു കഴിക്കേണ്ട എന്ന് ചിന്തിക്കരുത്. മരുന്ന് നിര്‍ത്തിക്കഴിഞ്ഞാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ കാര്യങ്ങള്‍ പഴയ പടിയാകും. മറ്റ് ജീവിത ശൈലി രോഗങ്ങളെ പോലെയല്ല ഇത്തരം രോഗങ്ങള്‍. മരുന്ന് നിര്‍ത്തിയാല്‍ സ്ഥിതി മുന്‍പത്തേക്കാളും വഷളാകാനും സാധ്യത ഏറെയാണ്. അതിനാല്‍ ചിട്ടയായ വ്യായാമവും ഭക്ഷണക്രമീകരണവും മരുന്നുകളും തുടരുക. അതിനൊപ്പം കൃത്യമായ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. പ്രമേഹത്തിന്റെയും ബിപിയുടെയും ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കാന്‍ പരിശോധനകള്‍ ആവശ്യമാണ്.
പ്രമേഹം, ബിപി എന്നീ രോഗങ്ങള്‍ക്ക് ക്യത്യമായ ചികിത്സ ലഭ്യമാണ്. ചിട്ടയായ ചികിത്സാ രീതികള്‍ പിന്തുടരുകയാണെങ്കില്‍ സാധാരണ വ്യക്തികളുടെ ആയുര്‍ദൈര്‍ഘ്യം തന്നെ പ്രമേഹം, ബിപി എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്കും ലഭിക്കും. മരുന്നുകള്‍ കുറയ്ക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നതിന് പകരം, അസുഖത്തെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുക.