spot_img

പല്ലുകള്‍ മുല്ലമൊട്ടു പോലെ തിളക്കാം; മനസ് തുറന്ന് ചിരിക്കാന്‍ ഇനി മടിയെന്തിന്

സൗന്ദര്യത്തിന്റെ ലക്ഷണം കൂടിയാണ് പല്ലുകള്‍. കാണാന്‍ നല്ല സൗന്ദര്യമുണ്ടെങ്കിലും മഞ്ഞപ്പല്ല് കാണിച്ച് ചിരിച്ചാല്‍ തീര്‍ന്നില്ലേ. മറ്റ് അവയവങ്ങളെ പോലെ തന്നെ പ്രധാനപ്പെട്ട അവയവമാണ് പല്ലുകള്‍. ആരോഗ്യമില്ലാത്ത കറ പിടിച്ച പല്ലുകള്‍ ഒരാളുടെ ചിരിയുടെ ഭംഗി തന്നെയാണ് കെടുത്തുന്നത്. പല്ലിലെ മഞ്ഞ നിറം വ്യക്തിയുടെ ആത്മവിശ്വാസത്തെയും കൂടി ഇല്ലാതാക്കുന്നു. പല്ലിന്റെ നിറത്തിന് പിന്നില്‍ പല കാര്യങ്ങളുണ്ട്. ചിലര്‍ക്കത് പാരമ്പര്യവുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. ശുചിത്വ കുറവ് മൂലവും പല്ലിന് നിറം ബാധിക്കാന്‍ സാധ്യതയുണ്ട്. പല്ലുകളുടെ ശുചിത്വമില്ലായ്മ പല ദന്തരോഗങ്ങള്‍ക്കും കാരണമാകുന്നു.

ജീവിത ശൈലിയിലെ വ്യത്യാസങ്ങളും തെറ്റായ ഭക്ഷണ ക്രമവും വിളിച്ചു വരുത്താത്ത രോഗങ്ങളില്ല. ദന്തരോഗങ്ങളില്‍ പലതും ഇത്തരത്തില്‍ പിടിപെടുന്നവയാണ്. ഇടക്കിടക്ക് കാപ്പി കുടിക്കുന്നത് പല്ലുകളെ ചെറുതായല്ല ബാധിക്കുന്നത്. ഇത് പല്ലുകള്‍ക്ക് മഞ്ഞ നിറം പിടിക്കാന്‍ പ്രധാന കാരണമാണ്. മധുരം പല്ലിനും നല്ലതല്ല. അമിതമായി മധുരം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്നു. പല്ലിന് കേടു വരാന്‍ ഇത് കാരണമാകുന്നു. ഒപ്പം പോഷകാഹാര കുറവ് മൂലവും പല്ലുകള്‍ക്ക് നിറം പിടിക്കാന്‍ സാധ്യതയുണ്ട്.

പല്ലുകളുടെ സംരക്ഷണത്തിന് മറക്കാതെ ചെയ്യേണ്ട കാര്യമാണ് പല്ലുതേപ്പ്. ദിവസവും രണ്ട് നേരവും ബ്രഷ് ചെയ്യണം. പ്രത്യേകിച്ച് രാത്രി ബ്രഷ് ചെയ്യാന്‍ മടി കാണിക്കരുത്. പകല്‍ മുഴുവന്‍ നമ്മള്‍ കഴിച്ച ആഹാര സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ പല്ലുകളില്‍ കുടുങ്ങി കിടപ്പുണ്ടായിരിക്കും. ഇവ നീക്കം ചെയ്തില്ലെങ്കില്‍ ദന്തരോഗങ്ങളാകും ഫലം. പല്ല് വേദന, വായ്നാറ്റം, മോണയില്‍ നീര് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇങ്ങനെ ഉണ്ടാകുന്നതാണ്.

പല്ലുകളെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വസ്തുവാണ് ഇനാമല്‍. ഒരു കവചം പോലെ പല്ലിന് ചുറ്റും കാണപ്പെടുന്ന ഇനാമലിന് പ്രശ്‌നം സംഭവിച്ചാല്‍ പല്ലില്‍ സുഷിരങ്ങള്‍ ഉണ്ടാവുകയും ഇതില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ വന്നടിയുകയും ചെയ്യും. ഇത് പല്ലിനെ മോശമായി ബാധിക്കുന്നു. പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്ന ചില വസ്തുക്കളുണ്ട്. മധുരമാണ് ഇതില്‍ പ്രധാനി. മധുരം ഉള്ളിലേക്ക് ചെല്ലുന്നത് വായിലെ ബാക്ടീരിയകള്‍ക്ക് കോളാണ്. ഇനാമലിനെ നശിപ്പിക്കാന്‍ ശേഷിയുള്ള ആസിഡുകള്‍ ഇവ പുറപ്പെടുവിക്കും. പല്ല് കൃത്യമായി തേച്ചില്ലെങ്കില്‍ ഈ പ്രശ്‌നം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

എപ്പോഴാണോ നിങ്ങള്‍ അസിഡിക് സ്വഭാവമുള്ള പാനീയങ്ങള്‍ കഴിക്കുന്നത് അപ്പോഴൊക്കെ ഇനാമല്‍ മൃദു ആവുകയും ധാതുനഷ്ടം സംഭവിക്കുകയും ചെയ്യും. ബാക്ടീരിയകളെയും ഭക്ഷ്യാവശിഷ്ടങ്ങളേയും നീക്കി വായയെ കുട്ടപ്പനാക്കുന്ന പണി ഉമിനീരിന്റെയാണ്. ഇതോടൊപ്പം ആസിഡുകളെ നീക്കി പല്ലുകളെ സാധാരണ നിലയില്‍ എത്തിക്കാനും ഉമിനീര്‍ സഹായിക്കും. എന്നാല്‍ ഉമിനീര്‍ അധികം ഇല്ലാതെ വായ വരണ്ടിരിക്കുന്നത് പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. പല്ലുകളുടെ ആരോഗ്യത്തിനായി ധാരാളം വെള്ളം കുടിക്കാന്‍ മറക്കണ്ട.

മധുരം കൂട്ടി കാപ്പി കുടിക്കുന്നത് പല്ലുകള്‍ ദ്രവിക്കാന്‍ ഇടയാക്കുന്നു. കാപ്പി കുടിക്ക് ശേഷം നന്നായി വായ കഴുകാന്‍ മറക്കണ്ട. ചോക്ലേറ്റ് പ്രിയരാണ് പലരും. എന്നാല്‍ ആസിഡിന്റെ അംശം കൂടിയ ചോക്ലേറ്റുകള്‍ പല്ലുകളില്‍ പ്ലേക് രൂപപ്പെടാന്‍ കാരണമാകുന്നു. ഇതിലൂടെ പല്ല് കറ പിടിക്കാനും സാധ്യതയുണ്ട്. സോഫ്റ്റ് ഡ്രിങ്ക്‌സുകളാണ് പല്ലുകളെ പ്രശ്‌നത്തിലാക്കുന്ന മറ്റൊരു പാനീയം. ഇവയിലെ ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകളുടെ നിറം ഇല്ലാതാക്കുകയും ചെയ്യുന്നു.

സിട്രസ് അടങ്ങിയ പഴങ്ങളാണ് പല്ലിന്റെ നിറം മാറ്റത്തിന് പിന്നിലുള്ള മറ്റൊരു വസ്തു. വിറ്റാമിന്‍ സി ഏറെ അടങ്ങിയിട്ടുള്ള പഴങ്ങളാണിവ. ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവയാണ് പ്രധാന സിട്രസ് പഴങ്ങള്‍. എന്നാല്‍ ഇവ പല്ലിന്റെ നിറം കെടുത്തും എന്നും പറഞ്ഞു വരുന്നു. ഇവ കഴിച്ച ശേഷം വായ നന്നായി വൃത്തിയാക്കണം. അമിതമായ സോഡയുടെ ഉപയോഗവും പല്ലിന് കേടു വരുത്താം. പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടുത്തി കറ പിടിക്കാന്‍ സോഡ കാരണമാകുന്നു.

പുകവലിക്കാരുടെ പല്ലുകള്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം. പുകയിലയും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നവരില്‍ പല്ലിന്റെ ആരോഗ്യം വളരെ പെട്ടെന്ന് ഇല്ലാതാകും. ഇനാമല്‍ പെട്ടെന്ന് നശിച്ചു പോകുന്നതാണ് പുകവലിക്കാരുടെ പല്ലിന്റെ നിറവ്യത്യാസത്തിന് കാരണം. മദ്യപാനികളുടെയും പല്ല് വളരെ പെട്ടെന്ന് നശിക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ തുടരെ ഷര്‍ദ്ദിക്കാന്‍ സാധ്യതയുണ്ട്. ഇത് പല്ലുകള്‍ക്ക് അത്ര നല്ല കാര്യമല്ല. ആസിഡ് അടങ്ങിയ ചില
മരുന്നുകളും പല്ലുകളുടെ ആരോഗ്യം പ്രശ്‌നത്തിലാക്കും. പല്ലുകള്‍ കൂടുതല്‍ വൃത്തിയാകാനായി അമര്‍ത്തി പല്ല് തേക്കും ചിലര്‍. ഇത് പല്ലുകള്‍ക്ക് നല്ലതല്ല. വളരെ പതിയെ മാത്രം പല്ലുകള്‍ വൃത്തിയാക്കുക.

പല്ലുകളുടെ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഇതിനായി അമിതമായ കാപ്പി, ചായ കുടികള്‍ കുറയ്ക്കുക. അസിഡിക് സ്വഭാവമുള്ള പാനീയങ്ങള്‍ ഒഴിവാക്കണം. ഇത്തരത്തിലുള്ള പാനീയങ്ങള്‍ കുടിച്ചാല്‍ ഉടന്‍ തന്നെ വായ കഴുകി വൃത്തിയാക്കാനും മറക്കണ്ട. മധുരം കുറക്കേണ്ടത് അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിച്ച് വരണ്ട വായയുടെ പ്രശ്‌നം പരിഹരിക്കുക. സോഫ്റ്റ് ആയ ബ്രഷുകള്‍ കൊണ്ട് മാത്രം പല്ല് തേക്കുക. പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് മീനുകള്‍. വിറ്റാമിനുകളും കാത്സ്യവും അടങ്ങിയ മീന്‍ പല്ലുകളെ കേടില്ലാതെ സൂക്ഷിക്കും.

ഇതോടൊപ്പം ഡെന്റിസ്റ്റിനെ കണ്ട് കൃത്യമായ പരിശോധനയും നടത്തിയാല്‍ നിങ്ങളുടെ പല്ലുകള്‍ വൃത്തിയായിരിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.