കൊതുകുജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മലമ്പനി. പ്ലാസ്മോഡിയം, പ്ളാസ്മോഡിയം വൈവാക്സ് , പ്ലാസ്മോഡിയം ഫ്ളാസിപാരം, പ്ലാസ്മോഡിയം മലേറിയ എന്നീ ഏക കോശ ജീവികള്‍ ആണ് ഈ രോഗത്തിന് കാരണമാകുന്നത്. അനോഫലസ് വിഭാഗത്തില്‍പ്പെട്ട പെണ് കൊതുകുകളാണ് രാത്രി സമയത്ത് മനുഷ്യരില്‍ മലമ്പനി രോഗം പരത്തുന്നത്. കൂടാതെ മലമ്പനി രോഗ ബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗബാധയുണ്ടാകാം. എന്നാല്‍ ഇത്തരം രോഗ പകര്‍ച്ച വളരെ വിരളമാണ്. അനോഫെലസ് കൊതുക് സാധാരണമായി രാത്രി സമയത്താണ് രക്തം കുടിക്കുന്നത്. അതിനാല്‍ രാത്രി കാലങ്ങളിലാണ് രോഗ സംക്രമണം നടക്കുന്നത്. കൊതുകിന്റെ ഉമിനീര് ഗ്രന്ഥികള്‍ വഴി മലേറിയ രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ കടക്കുന്നു. അതിന് ശേഷം കരളില്‍ പ്രവേശിക്കുന്ന രോഗാണുക്കള്‍ ഒരാഴ്ചയ്ക്കു ശേഷം രക്തത്തിലെ ചുവന്ന കോശങ്ങളെ ആക്രമിക്കുകയും രോഗിയില്‍ മലമ്പനിയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
രോഗ ലക്ഷണങ്ങള്‍
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 9-14 ദിവസത്തിനകം മലമ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. ഇടവിട്ടുള്ള ശക്തിയായ പനി, വിറയല്‍, പനി മാറുമ്പോഴുള്ള അമിതമായ വിയര്‍പ്പ്, തലവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് സാധാരണ കണ്ടു വരുന്നത്. യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ മലമ്പനി മരണ കാരണമാകാം. ക്രമേണ വിളര്‍ച്ചയും, കരള്‍, പ്ലീഹ മുതലായവയുടെ വീക്കവും സാധാരണമാണ്.
രക്ത പരിശോധനയിലുടെ മലമ്പനി രോഗം നിര്‍ണ്ണയിക്കാം
മറ്റ് സംസ്ഥാനങ്ങളില്‍ താമസിച്ച് കേരളത്തിലേക്ക് തിരിച്ചു വരുന്നവരിലും ഇതര സംസ്ഥാന തൊഴിലാളികളിലും പനിയുണ്ടാകുമ്പോള്‍ രക്ത പരിശോധന നടത്തി മലമ്പനിയല്ല എന്ന് ഉറപ്പു വരുത്തണം. ഇത്തരത്തിലുള്ള രോഗ നിര്‍ണ്ണയം വളരെ ലളിതവും കൃത്യവുമാണ്. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രം, നഗരാരോഗ്യ കേന്ദ്രം, താലുക്കാശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ട്. സമൂഹത്തില്‍ നിന്നും രോഗമുള്ളവരെ അതിവേഗം കണ്ടെത്തി, ശരിയായ ചികിത്സ കാലതാമസം കൂടാതെ നല്‍കുന്നതിലൂടെ രോഗ സംക്രമണം തടയാന്‍ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• സംയോജിത പ്രാണി നിയന്ത്രണ പരിപാടികളാണ് കൊതുകു നിയന്ത്രണത്തിന് നടപ്പിലാക്കേണ്ടത്.
• ഒഴിവാക്കാവുന്ന വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക.
• വീട്ടിലുള്ള ജല സംഭരണികള്‍ വല ഉപയോഗിച്ച് അടച്ചു വെക്കുകയോ , വെള്ളം ആഴ്ചയില്‍ ഒരുദിവസം ഒഴുക്കിക്കളകയോ ചെയ്യുക.
• കെട്ടി കിടക്കുന്ന വെള്ളത്തില്‍ കൂത്താടി നാശിനി തളിക്കുകയോ ഗപ്പി പോലുള്ള മത്സങ്ങളെ നിക്ഷേപിക്കുകയോ ചെയ്യുക.
• മലമ്പനി പിടിപെട്ട സ്ഥലങ്ങളിലും പിടിപെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും വീടുകളില്‍ ഐആര്‍എസ് ചെയ്യുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.
• കൊതുകു കടിയേല്‍ക്കാതിരിക്കാനായി ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക
• രാത്രി കാലങ്ങളില്‍ പുറത്തു കിടക്കാതെ കൊതുകു വലയ്ക്കുള്ളില്‍ കിടന്നുറങ്ങുക.
• കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍, കൊതുക് തിരി തുടങ്ങിയ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
• എയര്ഹോള് വാതിലുകള്‍, ജനലുകള്‍ എന്നിവിടങ്ങളില്‍ കൊതകു കടക്കാത്ത വിധം കമ്പി വല അടിച്ച് സുരക്ഷിതമാക്കുന്നതും വളരെ ഫലപ്രദമാണ്.
രോഗചികിത്സ
ആധുനിക വൈദ്യ ശാസ്ത്രത്തില്‍ മലമ്പനിക്ക് ഫലപ്രദമായ ചികിത്സയുണ്ട്. മൂന്നു ദിവസം മുതല്‍ 14 ദിവസം വരെ നീണ്ടു നില്ക്കുന്ന സമ്പൂര്‍ണ ചികിത്സ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. മലമ്പനിക്കായുള്ള സമ്പൂര്‍ണ ചികിത്സ ഒരു ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദേശ പ്രകാരം മാത്രം സ്വീകരിക്കുക.