ഇന്ന് ഹൃദയാഘാതം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആള്ക്കാര് മരിക്കുന്നത് പക്ഷാഘാതം അഥവാ സ്ട്രോക്ക് മൂലമാണ്. ആറു പേരില്‍ ഒരാള്‍ക്ക് ജീവിത കാലത്തിലൊരിക്കല്‍ പക്ഷാഘാതം ഉണ്ടാകുന്നു. പക്ഷാഘാതം വന്നാല്‍ നേരത്തെ മനസിലാക്കി ചികിത്സ നല്‍കുന്നത് വഴി രോഗിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ചിലപ്പോള്‍ അസുഖം പൂര്‍ണമായ ഭേദമാക്കാനും സാധിക്കും.
തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ അടയുമ്പോഴോ അവ പൊട്ടി രക്തസ്രാവം ഉണ്ടാവുമ്പോഴോ ആണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാകുന്നത്. രക്തയോട്ടം നിലക്കുമ്പോള്‍ തലച്ചോറിന്റെ ആ ഭാഗത്തുള്ള കോശങ്ങള്‍ നശിക്കുന്നു. എവിടെയാണോ നാശം സംഭവിക്കുന്നത് അതിനനുസരിച്ചുള്ല രോഗ ലക്ഷണങ്ങളാണ് രോഗിക്ക് ഉണ്ടാവുന്നത്. ഉദാഹരണത്തിന് തലച്ചോറില്‍ ബലം നിയന്ത്രിക്കുന്ന ഭാഗത്ത് രക്തയോട്ടം കുറയുമ്പോള്‍ ശരീരത്തിന്റെ മറുവശം തളര്‍ന്നു പോകുന്നു. സംസാരം നിയന്ത്രിക്കുന്ന ഭാഗത്ത് രക്തയോട്ടം കുറയുമ്പോള്‍ സംസാര ശേഷി നഷ്ടപ്പെടുന്നു.
സ്ട്രോക്ക്, ലക്ഷണങ്ങള്‍ തിരിച്ചറിയാം
ശരീരത്തിന്റെ ഒരു വശത്തിനുണ്ടാവുന്ന തളര്‍ച്ചയാണ് പ്രധാന ലക്ഷണം. ഉദാഹരണത്തിന് ഇടത് കൈയ്യും ഇടത് കാലും തളര്‍ന്നു പോവുക. മുഖം ഒരു വശത്തേക്ക് കോടി പോവുക. സംസാര ശേഷി നഷ്ടപ്പെടുക. ഭക്ഷണം കഴിക്കുമ്പോള്‍ തരിപ്പില്‍ പോവുക. ശരീരത്തിന്റെ ഒരു ഭാഗത്തെ സ്പര്‍ശന ശേഷി നഷ്ടപ്പെടുക, പെട്ടന്ന് ഒരു വശത്തെ കാഴ്ച ശേഷി നഷ്ടപ്പെടുക എന്നിവ. ചെറിയ ഒരു ബലക്കുറവ് മുതല്‍ പൂര്‍ണ തളര്‍ച്ച വരെയാകാം രോഗത്തിന്റെ തീവ്രത. ഇത്തരം രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ അവ എത്ര തന്നെ ചെറുതാണെങ്കിലും ഉടന്‍ തന്നെ വൈദ്യ സഹായം തേടണം.
സ്ട്രോക്ക് വരാതിരിക്കാന്‍
ഭക്ഷണത്തിലൂടേയും ജീവിതശൈലിയിലൂടേയും രോഗം നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് പ്രധാനം.
- നിത്യവും വ്യായാമം ചെയ്യുക
- നല്ല ഭക്ഷണശീലങ്ങള്‍ പിന്തുടരുക
- അമിത കൊളസ്ട്രോള്‍ നിയന്ത്രിക്കുക
- പ്രമേഹം നിയന്ത്രിക്കുക
- പുകവലി ഒഴിവാക്കുക
- അമിത ബിപി നിയന്ത്രിക്കുക