ഇന്ന് സെപ്റ്റംബര്‍ 25. ഈ ദിവസം ആഗോള തലത്തില്‍ ഫാര്‍മസി ഡേയായി ആഘോഷിക്കുകയാണ്. ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന്‍ 2009 മുതലാണ് ഫാര്‍മസി ഡേ ആഘോഷിക്കാന്‍ തുടങ്ങിയത്. എല്ലാവര്‍ക്കും സുരക്ഷിതവും ഫലപ്രദവുമായി മരുന്നുകള്‍ എത്തിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഫാര്‍മസി ഡേയുടെ തീം. ഫാര്‍മസിസ്റ്റ് യുവര്‍ മെഡിസിന്‍ എക്സ്പേര്‍ട്ട് എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സന്ദേശം. ഈ രണ്ട് തീമില്‍ നിന്നും ഫാര്‍മസിസ്റ്റ് ആരോഗ്യ മേഖലയിലെ പ്രധാന കണ്ണിയാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഒരു ഡോക്ടര്‍ രോഗിയുടെ അസുഖം കണ്ടെത്തികഴിഞ്ഞാല്‍ രോഗി ആദ്യം എത്തുക ഫാര്‍മസിസ്റ്റിന്റെ അടുത്തേക്കാണ്. രോഗിക്ക് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്ന രീതിയില്‍ മരുന്ന് നല്‍കിയാലേ മരുന്നിന് ഫലപ്രാപ്തിയുണ്ടാകൂ. അങ്ങനെ നിരവധി ഉത്തരവാദിത്തങ്ങള്‍ ഉള്ളതാണ് ഫാര്‍മസിസ്റ്റ് മേഖല.
ഒരു ഫാര്‍മസിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത്, ഫാര്‍മസിയില്‍ നിന്ന് മരുന്ന് എടുത്ത് നല്‍കുന്നതാണ്. എന്നാല്‍ ഫാര്‍മസി പ്രൊഫഷന്‍ റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് മുതല്‍ കമ്മ്യൂണിറ്റി ഫാര്‍മസി വരെ നീണ്ടു നില്‍ക്കുന്ന ശാസ്ത്രശാഖയാണ്. മരുന്ന് ഉത്പാദനം, അവയുടെ ഗുണമേന്‍മ പരിശോധിക്കല്‍, രോഗികള്‍ക്ക് നല്‍കല്‍ വരെ ഫാര്‍മസി മേഖലയിലെ പ്രധാന വിഭാഗങ്ങളാണ്. ഈ ഫാര്‍മസി പ്രൊഫഷനെ സംബന്ധിച്ച് ലോകാരോഗ്യ സംഘടന വിവിധ പഠനങ്ങള്‍ നടത്തിയതില്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ യുഎസ്എയുടെ പഠനത്തില്‍ കണ്ടെത്തിയ കാര്യം, ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികളില്‍ 6.7 ശതമാനത്തിന് വിപരീത ഫലം ഉണ്ടാകുന്നതായും 0.32 ശതമാനം ആളുകള്‍ മരണപ്പെടുന്നു എന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന അന്വേഷിക്കുമ്പോള്‍, രോഗികള്‍ക്ക് ക്യത്യമായി മരുന്ന് ലഭിക്കുന്നില്ലെന്ന് മനസിലായി. ക്യത്യമായ അളവിലും സമയത്തുമല്ല ഇത്തരക്കാര്‍ക്ക് മരുന്ന് ലഭിക്കുന്നത്. ഇവ ക്യത്യമായി രോഗികള്‍ക്ക് മനസിലാക്കി നല്‍കേണ്ടത് ഫാര്‍മസിസ്റ്റിന്റെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തില്‍, ഈ വര്‍ഷത്തെ ഫാര്‍മസിസ്റ്റ് ഡേയില്‍ എല്ലാ വിഭാഗങ്ങളിലേയും ഫാര്‍മസിസ്റ്റുകള്‍ രോഗികളുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുക.