എന്താണ് മദ്യം?
ഈഥൈല്‍ ആല്‍ക്കഹോള്‍ അഥവാ എഥനോള്‍ എന്നറിയപ്പെടുന്ന രാസ ദ്രാവകമാണ് മദ്യം. വിവിധ പേരുകളിലും തരത്തിലും നിറങ്ങളിലും മദ്യം ലഭിക്കുന്നു. മദ്യത്തിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവനുസരിച്ച് അവയുടെ വീര്യം കുറഞ്ഞും കൂടിയും ഇരിക്കുന്നു. യാതൊരു പോഷക മൂല്യവും ഇല്ലാത്ത ദ്രാവകമാണ് മദ്യം.
മയക്കു മരുന്നുകള്‍
ശക്തമായ ആസക്തിയും വീണ്ടും ഉപയോഗിക്കുവാനുള്ള തോന്നലും ഉളവാക്കുന്ന പദാര്‍ഥങ്ങളെയാണ് പൊതുവെ മയക്കു മരുന്നുകള്‍ എന്ന് പറയുന്നത്. കഞ്ചാവും അതില്‍ നിന്ന് എടുക്കുന്ന ഹാഷിഷും കഞ്ചാവ് ഓയില്‍ എന്നിവയും മോര്‍ഫിന്‍, പെത്തഡിന്‍, ബ്രോൂപിനോര്‍ഫിന്‍, പ്രോക്‌സിവൊണ്‍, കോഡീന്‍ തുടങ്ങിയ രാസ പദാര്‍ത്ഥങ്ങളും മയക്കു മരുന്നില്‍ പെടുന്നു. ഉറക്കത്തിനായും മറ്റും ഉപയോഗിക്കുന്ന ഡയസപാം, അല്‍പ്രാസോളം തുടങ്ങിയ ഔഷധങ്ങളും ആശ്രയത്വം ഉണ്ടാക്കുന്നവയാണ്.
പിന്‍മാറ്റ അസ്വസ്ഥതകള്‍
മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് തുടങ്ങിയാല്‍ വീണ്ടും ഉപയോഗിക്കുവാനുള്ള തീക്ഷ്ണമായ ആര്‍ത്തി അനുഭവപ്പെടും. ഇത് ക്രമേണ മാനസികവും, ശാരീരികവുമായ ആശ്രയത്വത്തിലേക്ക് നയിക്കുന്നു. ഇങ്ങനെ പലരും ലഹരിക്ക് അടിമകളായി മാറുന്നു. രക്തത്തില്‍ ലഹരിയുടെ അളവ് കുറയുമ്പോള്‍ കഠിനമായ വേദനയും മാനസികാസ്വാസ്ഥ്യവും അനുഭവപ്പെടുന്നു. ഭീകരമായ ഈ പിന്‍മാറ്റ അസ്വസ്ഥതയില്‍ നിന്ന് രക്ഷപ്പെടാന്‍ തുടര്‍ച്ചയായി ലഹരി ഉപയോഗിക്കേണ്ട അതി ദാരുണമായ അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.
ഈ കെണിയില്‍പ്പെടാതിരിക്കാന്‍ ഒരു വഴിയേ ഉള്ളൂ – ഒരു തവണ പോലും മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ലെന്ന് ശപഥം ചെയ്യുക.
മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന അപകടങ്ങള്‍
മദ്യവും മയക്കുമരുന്നും ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം താറുമാറാക്കി ഓര്‍മക്കുറവ്, മാനസിക രോഗങ്ങള്‍, പക്ഷാഘാതം, മഞ്ഞപ്പിത്തം, അബോധാവസ്ഥ, ശ്വാസകോശ രോഗങ്ങള്‍, പെപ്റ്റിക് അള്‍സര്‍, ലൈംഗിക ശേഷിക്കുറവ്, എയ്ഡ്‌സ്, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ലിവര്‍ സിറീസിസ്, മയക്കം, ന്യൂമോണിയ, കാന്‍സര്‍, ക്ഷയരോഗം, വന്ധ്യത തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നു.
കുറ്റകൃത്യങ്ങള്‍, റോഡ് അപകടങ്ങള്‍, സാമൂഹികമായ ഒറ്റപ്പെടല്‍, സാമ്പത്തികമായ പരാധീനത, ആത്മഹത്യാ പ്രവണത, സാംസ്‌കാരികമായ അധ: പതനം എന്നിവക്ക് മദ്യവും മയക്കു മരുന്നും കാരണമാകുന്നു.
പാന്‍മസാലകള്‍ ആളെക്കൊല്ലികള്‍
പുകയില, ചുണ്ണാമ്പ്, അടയ്ക്ക, നിക്കല്‍, കാഡ്മിയം തുടങ്ങിയ നിരവധി പദാര്‍ഥങ്ങളുടെ ചേരുവയാണ് പാന്‍ മസാലകള്‍. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന വിഷത്തേക്കാള്‍ മാരകമായ മറ്റ് നിരവധി ആല്‍ക്കലോയിഡുകളാണ് അടയ്ക്കയില്‍ അടങ്ങിയിരിക്കുന്നത്. പുകയിലയിലെ നിക്കോട്ടിന്‍ മാരകമായ ക്യാന്‍സറിനും അടയ്ക്കയിലെ ആല്‍ക്കലോയിഡുകള്‍ ഗുരുതരമായ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. കീടനാശിനികളിലെ ചേരുവകളായ നിക്കല്‍, കാഡ്മിയം എന്നിവ പാന്‍ മസാലയില്‍ ഉള്ളതു കൊണ്ട് അനേകം രോഗങ്ങള്‍ ഉണ്ടാക്കുന്നു. അനിയന്ത്രിതമായ ദേഷ്യം, വിഷാദം, ഓര്‍മക്കുറവ്, ബോധം, മൂടികെട്ടിയ അവസ്ഥ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്കും പാന്‍ മസാലകളുടെ ഉപഭോഗം കാരണമായിത്തീരുന്നു.
ലഹരിക്ക് അടിമപ്പെടുന്നതിന്റെ സൂചനകള്‍
> സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍
> പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും താത്പര്യക്കുറവ്
> ഊര്‍ജസ്വലതയില്ലായ്മ
> ശാരീരിക അസ്വാസ്ഥ്യം
> വിശപ്പില്ലായ്മ
> കൂടുതല്‍ പണം തേടുക
> മോഷണം
> കള്ളം പറയുക
> പ്രവൃത്തിയില്‍ നിന്ന് മാറിനില്‍ക്കുക
> ഉറക്കക്ഷീണമുള്ള മുഖം
> പുതിയ കൂട്ടുകെട്ട്
മാതാപിതാക്കള്‍ കുട്ടികളെ അവഗണിക്കരുത്. അവരോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. അവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ച് സ്വഭാവ വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ തിരിച്ചറിയണം.
കുട്ടികളുടെ പഠനത്തില്‍ നിലവാരത്തകര്‍ച്ച ഉണ്ടാകുകയോ സ്‌കൂളില്‍ അകാരണമായി ഹാജരാകാതിരിക്കുകയോ ചെയ്താല്‍ അധ്യാപകര്‍ യഥാസമയം രക്ഷിതാക്കളെ അറിയിക്കുക.