ദീര്‍ഘകാലമായി ത്വക്കിനു ചുവന്ന നിറവും ചൊറിച്ചിലും ഉണ്ടാകുന്ന ചര്‍മ രോഗമാണ് സോറിയാസിസ്. കോര്‍ട്ടികോസ്റ്റെറോയിഡ്‌സ്, സാലിസൈക്ലിക് ആസിഡ് എന്നിവയാണ് ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതിനുള്ള ചികിത്സ. എന്നാല്‍ സമഗ്രമായ ചികിത്സ താല്‍പര്യമുള്ളവര്‍ക്ക് ആയുര്‍വേദം നല്ല മാര്‍ഗമാണ്.
ആയുര്‍വേദ ഗ്രന്ഥങ്ങളനുസരിച്ച് ശരീരത്തില്‍ കഫത്തിന്റെയും വാതത്തിന്റെയും ദോഷമാണ് സോറിയാസിസ് പോലെയുള്ള ത്വക് രോഗങ്ങള്‍ക്ക് കാരണം. ഈ ദോഷങ്ങള്‍ നിങ്ങളുടെ രക്തകോശങ്ങളെയും ത്വക്കിനെയും ത്വക്കിലെ ജലാംശത്തെയും അപകടകരമായി ബാധിക്കുന്നു. കഫ ദോഷത്തെത്തുടര്‍ന്ന് ത്വക്കിന് ചെമ്പു നിറമോ വെളുത്ത നിറമോ ഉണ്ടാകുകയും വാത ദോഷത്തെത്തുടര്‍ന്ന് തൊലി വരണ്ടതും മൊരി പിടിച്ചതുമാകുന്നു. ശരീരത്തിലെ വാത ഘടകത്തിനുണ്ടാകുന്ന വ്യത്യാസം പെട്ടെന്ന് ചര്‍മത്തിലെ കോശങ്ങളുടെ അമിതമായ പെരുപ്പത്തിനും കഫത്തിന്റെ വ്യത്യാസം ചൊറിച്ചിലിനും കാരണമാകുന്നു.
കൂടാതെ, ശരീരത്തിലെ വിവിധ പ്രക്രിയകളുടെ മാലിന്യം, ജനിതക കാരണങ്ങള്‍, ചുറ്റുപാടുകളുടെ സമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണശീലം, ജീവിതരീതി തുടങ്ങിയ കാരണങ്ങളും സോറിയാസിസിന് വഴിവെക്കുന്നു. ഓരോ വ്യക്തിയുടെ ശരീരപ്രകൃതിക്കുമനുസരിച്ച് വ്യത്യസ്ത ചികിത്സാരീതികളാണെങ്കിലും ചികിത്സയുടെ പൊതുവായ കാര്യങ്ങളില്‍ എന്തെല്ലാം ഉള്‍പ്പെടുന്നുവെന്ന് നോക്കാം.
- നിദാന പരിവര്‍ജന (സോറിയാസിസിന്റെ കാരണങ്ങളെ ഒഴിവാക്കുക)
അനാരോഗ്യകരമായ ഭക്ഷണശീലവും ജീവിതരീതിയും സോറിയാസിസിന് കാരണങ്ങളാണ്. അതിനാല്‍ ഈ പ്രശ്‌നത്തെ പരിഹരിക്കാനാണ് ആയുര്‍വേദം ആദ്യം ശ്രമിക്കുന്നത്.
അതിനുള്ള ചില മാര്‍ഗങ്ങള്‍:
1 ചില ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് സോറിയാസിസ് വിളിച്ചുവരുത്തും. സിട്രസ് അടങ്ങിയ ഫലങ്ങള്‍, മീന്‍, മുതിര, തൈര്, മധുര പലഹാരങ്ങള്‍, അരിപ്പൊടി, പാല്‍, ശര്‍ക്കര, ഉഴുന്ന്, എള്ളെണ്ണ എന്നിവ ഒഴിവാക്കണം. ചുരുക്കത്തില്‍, കൂടുതലായി ഉപ്പും പുളിയും എരിവും മധുരവുമടങ്ങിയ ഭക്ഷണ വസ്തുക്കളും ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം.
2 പരസ്പരം ചേരാത്ത ഭക്ഷണവസ്തുക്കള്‍ (വിരുദ്ധാഹാരം) ഒരുമിച്ച് കഴിക്കുന്നതും ആയുര്‍വേദം വിലക്കുന്നു. പാലും മീനും ഉദാഹരണം. വിരുദ്ധാഹാരങ്ങള്‍ ഒരുമിച്ചു കഴിക്കുന്നത് ശരീരത്തില്‍ വിഷാംശം ഉണ്ടാക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്.
3 പകലുറങ്ങുന്നതും അമിതമായി വെയിലേല്‍ക്കുന്നതും ഒഴിവാക്കണം.
4 ദേഷ്യം, ദുഖം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കുക. മെഡിറ്റേഷനിലൂടെയും യോഗയിലൂടെയും അത്തരമൊരു മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കാം.
- പഞ്ചകര്‍മ ചികിത്സ : (വിഷാംശത്തെ പുറന്തള്ളി ശരീരം ശുദ്ധീകരിക്കുന്ന ചികിത്സ)
ശുദ്ധീകരണ ചികിത്സകളായ വമനം (മരുന്ന് നല്‍കി ഛര്‍ദ്ദിപ്പിക്കുക), വിരേചനം (മരുന്നു നല്‍കി ശുദ്ധീകരിക്കുക), വസ്തി (മരുന്നു നല്‍കി വയറിളക്കുക), എന്നിവയാണ് ചികിത്സയുടെ രണ്ടാം ഘട്ടത്തില്‍ ചെയ്യുന്നത്. പഞ്ചകര്‍മ ചികിത്സയെടുക്കുന്നതിനു മുമ്പ് പൂര്‍വകര്‍മ എന്ന തയ്യാറെടുപ്പു പ്രക്രിയയുണ്ട്. പഞ്ചകര്‍മ ചികിത്സ ഫലവത്താകുന്നതിന് പൂര്‍വകര്‍മ ആവശ്യമാണ്.
പഞ്ചകര്‍മ ചികിത്സയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നു.
സ്‌നേഹനം, സ്വേദനം :
പഞ്ചകര്‍മ ചികിത്സയ്ക്കു മുമ്പ് സ്‌നേഹനം, സ്വേദനം എന്നീ പ്രക്രിയകള്‍ ചെയ്യുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിഷാംശങ്ങളെ ഒരുമിച്ച് അന്നനാളത്തില്‍ കൊണ്ടുവരുന്ന പ്രക്രിയയാണിത്. എങ്കില്‍ മാത്രമേ മാലിന്യങ്ങള്‍ അവിടെനിന്ന് പഞ്ചകര്‍മ തെറാപ്പികള്‍ വഴി പുറത്തേക്ക് കളയാന്‍ കഴിയുകയുളളൂ. സ്‌നേഹനം എന്നാല്‍ ശരീരത്തിനകവും പുറവും അയവുവരുത്തലാണ്. എങ്കില്‍ മാത്രമേ മാലിന്യങ്ങളെ മൃദുവാക്കി അന്നനാളത്തിലെത്തിക്കാന്‍ കഴിയൂ. ഇതിനായി നെയ്യോ മറ്റു എണ്ണകളോ സേവിക്കാന്‍ ഡോക്ടര്‍ നിങ്ങളോട് പറയുന്നു. ബലാ എണ്ണ, ബാകുചി എണ്ണ, ദശമൂല എണ്ണ എന്നിവ കൊണ്ടുള്ള തിരുമ്മലും സ്‌നേഹനത്തിന്റെ ഭാഗമാണ്.
സ്വേദനം എന്നാല്‍ ശരീരത്തില്‍ ചൂടേല്‍പ്പിച്ച് വിഷാംശങ്ങളെ പുറത്തുതള്ളലാണ്. അതിനായി ചൂടുവെള്ളം ഉപയോഗിച്ച് ആവികൊള്ളുന്ന (സര്‍വാംഗ ബാഷ്പ സ്വേദനം) പ്രക്രിയയും ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള കുളി (അവഗാഹ സ്വേദം)യും നടത്തുന്നു.
വമനം :
വിരേചനയ്ക്കും വസ്തിക്കും മുന്നേ ചെയ്യേണ്ട ചികിത്സയാണിത്. ഈ തെറാപ്പിയുടെ ക്ഷമത ശാസ്ത്രീയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഈ തെറാപ്പിക്കു ശേഷം സോറിയാസിസ് രോഗികളില്‍ ചൊറിച്ചില്‍, തൊലി വരണ്ടുണങ്ങള്‍, മൊരി, തൊലിയിലെ ചുവന്ന പാടുകള്‍, തീക്ഷ്ണത എന്നിവയ്ക്ക് കാര്യമായി കുറവുണ്ടാകുന്നതായി കാണാം. മദനഫല, യസ്തിമധു, വച എന്നിവ ഉപയോഗിച്ച് ഛര്‍ദ്ദിപ്പിക്കുന്നു. ചികിത്സ തുടങ്ങുന്നതിനു മുമ്പ് ഒന്‍പതു ദിവസം സ്വേദനവും സ്‌നേഹനവും ചെയ്യുന്നു. വമനം പൂര്‍ത്തിയാക്കിയ ശേഷം വ്യക്തികള്‍ക്കനുസരിച്ച് വിരേചനവും വസ്തിയും ആവശ്യാനുസരണം ചെയ്യുന്നു.
- ശമന : (ദോഷങ്ങളെ ശമിപ്പിക്കുന്ന ചികിത്സ)
ശമന ചികിത്സ ദോഷങ്ങളെ അകറ്റാനുള്ളതാണ്. ഒന്നുകില്‍ പ്രത്യേകമായോ പഞ്ചകര്‍മ ചികിത്സയ്ക്കു ശേഷമോ ആണ് ഇത് ചെയ്യുന്നത്. ഔഷധങ്ങളും പോഷകസമൃദ്ധമായ ഭക്ഷണവും ഇതിന്റെ ഭാഗമായി കഴിക്കണം. മരുന്നു ലായനിയിലെ കുളിയും എണ്ണ ഉപയോഗിച്ചുള്ള തിരുമ്മലും, ശരീരത്തില്‍ ഔഷധ മിശ്രിതം പുരട്ടലുമെല്ലാമാണ് ബാഹ്യമായ ചികിത്സ.
ശിരോധാര :
തലയില്‍ ചെയ്യുന്ന മസാജാണിത്. ഇത് മര്‍മങ്ങളെ ഉത്തേജിപ്പിക്കുകയും രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചെയ്യും. സമ്മര്‍ദ്ദം കുറക്കാന്‍ ഇതൊരു ഉത്തമ ചികിത്സയാണ്. ബട്ടര്‍ മില്‍ക്ക് ഉപയോഗിച്ചുള്ള തക്രധാര ശിരോധാരകളിലൊന്നാണ്.
വെയിലേല്‍ക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. വിദഗ്ധന്റെ നിര്‍ദ്ദേശമില്ലാതെ സ്വന്തമായി ചികിത്സയെടുക്കുകയുമരുത്.
ആയുര്‍വേദ ചികിത്സ തെരഞ്ഞെടുക്കുമ്പോള്‍ അത് കൃത്യമായി തുടരാന്‍ ശ്രദ്ധിക്കണം. മൂന്നു മുതല്‍ ആറു മാസം വരെ നീണ്ട ചികിത്സ വേണ്ടിവരും. ജീവിതരീതിയിലും ഭക്ഷണശീലത്തിലും മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായാല്‍ സോറിയാസിസ് ആയുര്‍വേദത്തിലൂടെ ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയും.