കുട്ടികളും യുവതീ യുവാക്കളും ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന ഒരു ദന്ത ചികിത്സയാണ് ഓര്‍ത്തഡോണ്ടിക്സ് അഥവാ ദന്തക്രമീകരണം. പലവിധ കാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ക്ക് ദന്തക്രമീകരണങ്ങള്‍ നടത്തേണ്ടി വരുന്നു. മുഖവൈകല്യങ്ങള്‍, ദന്തവൈകല്യങ്ങള്‍, നിര തെറ്റല്‍, പല്ലുകള്‍ കൂടിയിരിക്കല്‍, പല്ലുകള്‍ അകന്നിരിക്കല്‍, ഇക്കാരണങ്ങള്‍ കൊണ്ട് പലരും ദന്ത ക്രമീകരണത്തിനായി ആശുപത്രികളെ സമീപിക്കാറുണ്ട്. ഒരു വര്‍ഷം മുതല്‍ രണ്ടര വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന വലിയ ഒരു കാലയളവാണ് ദന്ത ക്രമീകരണത്തിന് ആവശ്യമായി വരുന്നത്.
ദന്തക്രമീകരണം ചെയ്യുന്നവര്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ദന്തശുചിത്വ പരിപാലനമാണ്. നമ്മുടെ വായ്ക്കുള്ളില്‍ കമ്പികള്‍, സ്റ്റീലിന്റെ കട്ടകള്‍, റബര്‍ ബാന്‍ഡുകള്‍ ഇവയെല്ലാം ഇട്ടു കഴിഞ്ഞാല്‍ സാധാരണ രീതിയില്‍ ബ്രഷിങ് സാധിക്കാറില്ല. അതിന് വേണ്ടി ദന്തഡോക്ടര്‍മാര്‍ പ്രത്യേക തരം ബ്രഷുകളും മറ്റ് അവശ്യം വേണ്ടുന്നവയും നല്‍കുന്നതാണ്. ഇതെല്ലാം ശ്രദ്ധയോടെ ചെയ്യേണ്ടതാണെന്ന് കുട്ടികള്‍ക്ക് ക്യത്യമായ ധാരണ ഉണ്ടായിരിക്കണം. ഓറല്‍ ഹൈജീനിന്റെ കുറവ് മൂലം ദന്തക്രമീകരണത്തിന് ഇടയില്‍ മോണരോഗം ഉണ്ടാവുകയും ഡോക്ടര്‍ കണക്കു കൂട്ടിയതില്‍ നിന്നും വ്യത്യസ്തമായി ദന്തങ്ങള്‍ നീങ്ങുകയോ ചെയ്യാറുണ്ട്. പലപ്പോഴും ഇത് കാരണം ചികിത്സ വൈകുകയോ, ദന്തങ്ങള്‍ നീങ്ങി പോകുകയോ ചെയ്യാറുണ്ട്.
ദന്തരോഗ ചികിത്സ വൈകാനുള്ള കാര്യങ്ങളില്‍ ഒന്നാണ് ശുചിത്വമില്ലാത്തത് മൂലമുണ്ടാകുന്ന മോണ രോഗങ്ങള്‍. ഒരു വര്‍ഷം ഒരു വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട ചികിത്സ 2,3 വര്‍ഷം നീണ്ടുപോകാനുള്ള സാധ്യത ഏറെയാണ്. ഡോക്ടര്‍ പറയുന്ന ഇടവേളകളില്‍ തന്നെ ദന്തക്രമീകരണ ചികിത്സയ്ക്കായി എത്തുക. പലപ്പോഴും യാത്രകള്‍, പരീക്ഷ, മറ്റ് കാരണങ്ങള്‍ എന്നിവ മൂലം 2,3 മാസങ്ങള്‍ക്ക് ശേഷമായിരിക്കും ചികിത്സയ്ക്ക് എത്തുന്നത്. ഇവ ചികിത്സ വൈകുന്നതിനും മറ്റും കാരണമാകുന്നു. ദന്ത ക്രമീകരണ ചികിത്സ തുടങ്ങുന്നതിന് മുന്‍പ് തന്നെ പല്ലുകള്‍ വൃത്തിയാക്കേണ്ടതുണ്ട്. വായിലുള്ള പോടുകളും മറ്റും ക്യത്യമായി മാറ്റിയതിന് ശേഷം ഡോക്ടറെ കൊണ്ട് ക്ലീന്‍ ചെയ്യിച്ച ശേഷം ചികിത്സയിലേക്ക് കടക്കുകയാണ് വേണ്ടത്. ചികിത്സയ്ക്കിടെ മുന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം വീണ്ടും ക്ലീന്‍ ചെയ്യേണ്ടതായും വന്നേക്കാം.