ശുഭാപ്തി വിശ്വാസം സ്ത്രീകളിലെ പ്രമേഹ സാധ്യത കുറയ്ക്കും. ടൈപ്പ് 2 ഡയബറ്റിസ് ബാധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ ശുഭാപ്തി വിശ്വാസം പോലെയുള്ള നല്ല വ്യക്തിത്വ ഗുണങ്ങള്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വിമന്‍ ഹെല്‍ത്ത് ഇനീഷ്യേറ്റീവ് എന്ന സംഘടനയുടെ ദീര്‍ഘകാല ഗവേഷണത്തിലാണ് ഇക്കാര്യം ബോധ്യമായത്.
വ്യക്തിത്വവും പ്രമേഹ സാധ്യതയും തമ്മിലുള്ള ബന്ധം ഗവേഷകര്‍ പ്രത്യേകമായി പഠന വിഷയമാക്കിയിരുന്നു. ഇതിന് പുറമെ ഭക്ഷണം, പുകവലി, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ കാരണം പ്രമേഹം ബാധിക്കുന്നതിനുള്ള റിസ്‌ക്കിനെ സംബന്ധിച്ചും ഗവേഷണം നടത്തി.
14 വര്‍ഷത്തിനിടയില്‍ ടൈപ്പ് 2 പ്രമേഹം ബാധിച്ചവരുടെ എണ്ണം 19,240 ആയി. മുമ്പത്തെ അപേക്ഷിച്ച് പ്രമേഹ ബാധിതരുടെ എണ്ണം ക്രമേണ വര്‍ധിക്കുന്നതായിട്ടാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ശുഭാപ്തി വിശ്വാസമില്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ശുഭാപ്തി വിശ്വാസമുള്ള സ്ത്രീകളില്‍ പ്രമേഹം ബാധിക്കുന്നത് കുറവാണ്. വ്യക്തിത്വ സ്വഭാവ വിശേഷങ്ങള്‍ ജീവിതകാലം മുഴുവന്‍ സുസ്ഥിരമായി നിലനില്‍ക്കുന്നുമെന്ന് നോര്‍ത്ത് അമേരിക്കന്‍ മെനപ്പോസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോയ്ന്‍ പിങ്കര്‍ട്ടണ്‍ പറഞ്ഞു. ശുഭാപ്തി വിശ്വാസമില്ലാത്ത, നെഗറ്റീവായി ചിന്തിക്കുന്ന, മനസില്‍ ശത്രുത പുലര്‍ത്തുന്ന സ്ത്രീകള്‍ക്ക് പ്രമേഹ സാധ്യത കൂടുതലാണ്. അതിനാല്‍ വ്യക്തിത്വത്തിലെ സ്വഭാവ വിശേഷങ്ങള്‍ പോസ്റ്റീവായി മാറ്റിയെടുത്ത് പ്രമേഹത്തെ ചെറുക്കാന്‍ ഇത്തരം സ്ത്രീകള്‍ ശ്രമിക്കണമെന്ന് ജോയ്ന്‍ പിങ്കര്‍ട്ടണ്‍ വ്യക്തമാക്കി.
പ്രമേഹ സാധ്യത കൂടുതലായുള്ള സ്ത്രീകളെ തിരിച്ചറിയാന്‍ ഇത്തരം സ്വഭാവ സവിശേഷതകള്‍ പ്രയോജനപ്പെടും. ഇത്തരം ആളുകളില്‍ വ്യക്തിഗത വിദ്യാഭ്യാസവും ചികിത്സാ തന്ത്രങ്ങളും ഉപയോഗിക്കുന്നതും പ്രമേഹം തടയുന്നതിന് സഹായമായി മാറും. ശുഭാപ്തി വിശ്വാസമില്ലാത്ത, നെഗ്റ്റീവായി ചിന്തിക്കുന്നവരില്‍ പ്രമേഹ സാധ്യത വലിയ തോതിലാണെന്ന് ഗവേഷണത്തില്‍ വ്യക്തമായി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ വിഷാദ രോഗമോ ഇല്ലെങ്കില്‍ പോലും ഇവര്‍ക്ക് പ്രമേഹം വരുന്നതിനുള്ള സാധ്യത കൂടുതലാണ്.