spot_img

പ്രായമായവരിലെ മൂത്രതടസ്സം : കാരണങ്ങളും ചികിത്സയും

പ്രായമായവരിലെ മൂത്ര തടസ്സം പ്രധാനമായും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം കൊണ്ടാണുണ്ടാകുന്നത്. മൂത്ര സഞ്ചിയുടെ താഴെയായി സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ സാധാരണ വലുപ്പം 20 സിസിയുടെ അടുത്താണ്. എന്നാല്‍ പ്രായം കൂടുന്തോറും ഇതിന്റെ വലുപ്പം കൂടി വരുന്നതിനാല്‍ മൂത്രം പോകുന്നതിന്റെ അളവ് കുറഞ്ഞു വരികയും മൂത്ര തടസ്സം അനുഭവപ്പെടുകയും ചെയ്യും. ഇതിനെ പ്രോസ്റ്റേറ്റോ മെഗാലി എന്നാണ് പറയുന്നത്. പ്രായമായവരിലെ മൂത്ര തടസ്സത്തിനുള്ള മറ്റൊരു കാരണമാണ് യൂറീത്രല്‍ സ്ട്രിച്ചര്‍. അതായത് മൂത്രം പുറത്തേക്കൊഴുകുന്ന നാളിയിലുണ്ടാകുന്ന തടസ്സം. ബഹു ഭൂരിപക്ഷം പേരിലും മൂത്ര തടസ്സത്തിനു കാരണം ആദ്യം പറഞ്ഞ പ്രേസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കമാണ്.

സാധാരണ ഗതിയില്‍ യൂറോളജിസ്റ്റാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിനുള്ള ചികിത്സ നല്‍കുന്നത്. ഡോക്ടര്‍ പരിശോധനയ്ക്കു ശേഷം മിക്കവാറും അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്യാനായി നിര്‍ദ്ദേശിക്കും. സ്‌കാനിലൂടെ പ്രോസ്റ്റേറ്റിന്റെ വലുപ്പവും മൂത്രസഞ്ചിക്കുണ്ടായ വ്യതിയാനങ്ങളുമെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പത്തിനല്ല ചികിത്സ നല്‍കുന്നത്. വലുപ്പവും രോഗിയുടെ പ്രയാസങ്ങളും തമ്മില്‍ പലപ്പോഴും യാതൊരു ബന്ധവും കാണില്ല. ചെറിയ പ്രോസ്റ്റേറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ വലിയ പ്രോസ്റ്റേറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ കുറച്ചു ബുദ്ധിമുട്ടുകളേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടു തന്നെ ചികിത്സ തീരുമാനിക്കുന്നത് രോഗി അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കനുസരിച്ചാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കൊണ്ട് രോഗിക്കുണ്ടാകുന്നത് പ്രധാനമായും രണ്ടു ബുദ്ധിമുട്ടുകളാണ്. ഒന്ന് മൂത്ര തടസ്സം കൊണ്ടുള്ള പ്രയാസങ്ങളും, രണ്ട് കാലക്രമേണ മൂത്രസഞ്ചിക്ക് വരുന്ന തകരാറു കൊണ്ടുള്ള പ്രയാസങ്ങളും. മൂത്രസഞ്ചിയിലെ തടസ്സം കൊണ്ട് മൂത്രം പുറത്തേക്കു വരുന്നതിന്റെ വേഗത കുറയുന്നു. മൂത്രം ഒഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അത് നിന്നു പോകുകയും വീണ്ടും ഒഴിക്കേണ്ടി വരികയും ചെയ്യുന്നു. വളരെയധികം ശ്രമിച്ചാല്‍ മാത്രം മൂത്രമൊഴിക്കാന്‍ പറ്റുന്ന അവസ്ഥയുണ്ടാകാം. അതുപോലെ തന്നെ മൂത്രം പൂര്‍ണ്ണമായും പുറത്തേക്കു പോകാനുള്ള പ്രയാസം, ഇതൊക്കെയാണ് മൂത്രസഞ്ചിയിലെ തടസ്സം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍.

മൂത്രമൊഴിച്ചതിനു ശേഷം ഒന്നോ രണ്ടോ തുള്ളി മൂത്രം പോകുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തകരാറു കൊണ്ടാണ് എന്നൊരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥി കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഇത് ഉള്‍പ്പെടുന്നില്ല. കാരണം ഇത് വളരെ സാധാരണമായി പുരുഷന്മാരില്‍ കണ്ടു വരുന്നതാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തകരാറില്ലാത്തവരിലും ഇത് കണ്ടു വരുന്നു.

മൂത്രസഞ്ചിയിലെ വ്യതിയാനം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നത്. രാത്രി ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ എണീക്കേണ്ടി വരിക എന്നതാണ് ഒന്നാമത്തെ പ്രശ്നം. സാധാരണ ഒരാള്‍ക്ക് രാത്രി ഉറങ്ങിക്കഴിഞ്ഞാല്‍ രാവിലെ ഉണരുന്നതിനിടയില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കേണ്ടി വരാറില്ല. ഒന്നില്‍ക്കൂടുതല്‍ തവണ ഇങ്ങനെ എഴുന്നേല്‍ക്കേണ്ടി വരുന്നത് മൂത്രസഞ്ചിയിലെ വ്യതിയാനത്തിന്റെ ലക്ഷണമായിരിക്കും. പകലാണെങ്കിലും എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുന്നത് ഇതിന്റെ ലക്ഷണമാണ്. മൂത്രം പിടിച്ചു വെക്കാന്‍ വളരെ പ്രയാസപ്പെടുക അതായത് മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ ഉടന്‍ തന്നെ ഒഴിക്കണം എന്ന അവസ്ഥയും ഇതിന്റെ ലക്ഷണമാണ്. സാധാരണ രീതിയില്‍ ഈ മൂന്നു പ്രശ്നങ്ങളാണ് മൂത്രസഞ്ചിയിലെ വ്യതിയാനം കൊണ്ടുണ്ടാകുന്നത്. ഇവ കൂടാതെ മറ്റു സങ്കീര്‍ണ്ണതകളുമുണ്ടാകാം. പ്രോസ്റ്റേറ്റ് അടഞ്ഞിരുന്നാല്‍ മൂത്രസഞ്ചിയില്‍ കല്ലുണ്ടാകാം. അതുപോലെ തന്നെ പ്രോസ്റ്റേറ്റില്‍ നിന്ന് രക്തസ്രാവമുണ്ടായി മൂത്രത്തില്‍ രക്തം കാണുന്ന അവസ്ഥയുമുണ്ടാകാം. ഇടയ്ക്കിടെ മൂത്രത്തില്‍ അണുബാധയുണ്ടാകുന്നതും പ്രോസ്റ്റേറ്റ് അടയുന്നതു കൊണ്ട് സംഭവിക്കുന്നതാണ്.

ചികിത്സ
ഒരു യൂറോളജിസ്റ്റിനെ കണ്ട് ഇതിന് ചികിത്സ ആവശ്യമുണ്ടോ എന്നു കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. പലപ്പോഴും പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുള്ളവര്‍ക്ക് ഒരു ചികിത്സയും ആവശ്യം വരാറില്ല. കുടിക്കുന്ന വെള്ളത്തിന്റെ അളവ് ക്രമീകരിക്കുക, പാനീയങ്ങള്‍ ഏതെല്ലാമെന്ന് നോക്കി നിയന്ത്രിക്കുക, മലവിസര്‍ജനത്തിനുള്ള മരുന്ന് നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കൊണ്ടു തന്നെ പലരിലും ഒരു പരിധി വരെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നു. എന്നാല്‍ കാലക്രമേണ പ്രശ്നങ്ങള്‍ കൂടി വരുമ്പോള്‍ ഇതിനു ചികിത്സ ആവശ്യമാണ്.

അലോപ്പതിയില്‍ രണ്ടു വിഭാഗത്തിലുള്ള ചികിത്സയാണ് ഇതിനു നല്‍കുന്നത്. ഒരു വിഭാഗത്തിലുള്ള മരുന്ന് പ്രോസ്റ്റേറ്റിന്റെ ചുറ്റുമുള്ള പേശികളെ വികസിപ്പിക്കുകയും അതുമൂലം മൂത്രം പുറത്തേക്കു പോകുന്നതിന്റെ വേഗത വര്‍ധിക്കുകയും ചെയ്യുന്നു. ഇത് ദീര്‍ഘനാള്‍ കഴിക്കേണ്ടതായിട്ടുണ്ട്. രണ്ടാമത്തെ വിഭാഗത്തിലുള്ള മരുന്ന് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കുറക്കാന്‍ സഹായിക്കുന്നവയാണ്. ഈ മരുന്ന് കഴിച്ചതു കൊണ്ട് പ്രോസ്റ്റേറ്റ് ചുരുങ്ങിപ്പോകുകയില്ല. കാലക്രമത്തില്‍ 25 ശതമാനം വലുപ്പം കുറഞ്ഞേക്കാം. എന്നാല്‍ ഇത് ഉറപ്പുള്ള കാര്യമല്ല. ഈ മരുന്ന് കഴിച്ചാല്‍ രോഗിയ്ക്ക് 8-10 വര്‍ഷം ഒരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോകാന്‍ കഴിയും. ചില രോഗികള്‍ക്ക് ഈ മരുന്ന് ഫലിക്കാതെ വരുകയോ മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ശസ്ത്രക്രിയ പോലുള്ള മാര്‍ഗങ്ങളെ ആശ്രയിക്കുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടസ്സമുള്ള ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ചെയ്യുന്നത്. ചികിത്സ വേണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതാണ് ഇതിന്റെ നിര്‍ണ്ണായകഭാഗം. അതിനാല്‍ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞാല്‍ എത്രയും വേഗം ഒരു യൂറോളജിസ്റ്റിനെ സന്ദര്‍ശിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.