spot_img

കുട്ടികളിലെ അമിതവണ്ണത്തിന്റെ കാരണങ്ങള്‍

കുഞ്ഞുങ്ങൾ മെലിഞ്ഞിരിക്കുന്നത് അനാരോഗ്യത്തിന്റെ ലക്ഷണമാണെന്ന് പൊതുവെ ധാരണയുണ്ട്. കുട്ടികളിൽ പലപ്പോഴും ആരോഗ്യത്തിന്റെ മാനദണ്ഡമായി മാതാപിതാക്കൾ കാണുന്നത് കുറച്ച് വണ്ണമുള്ള ശരീരമാണ്. കുട്ടികൾക്ക് വണ്ണം വേണമെന്ന് ആഗ്രഹിച്ച് ചോദിക്കുന്നതെന്തും വാങ്ങികൊടുക്കുന്ന മാതാപിതാക്കളുടെ എണ്ണവും ചെറുതല്ല. ഇത്തരക്കാർ അറിയേണ്ട ഒരു പ്രധാന കാര്യമുണ്ട്. ലോകത്ത് അഞ്ചിൽ ഒരു കുട്ടിക്ക് അമിതവണ്ണം ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പല കാരണങ്ങൾകൊണ്ടും കുഞ്ഞുങ്ങൾക്ക് അമിതവണ്ണം ഉണ്ടാകാം. കുട്ടികളല്ലേ അൽപം തടിച്ചിരിക്കട്ടെ എന്ന് കരുതരുത്.Type 2 ഡയബറ്റിസ്, ആസ്മ, ഹ്യദ്രോഗം, എല്ലുകൾക്ക് ബലക്കുറവ് എന്നിങ്ങനെ പല രോഗങ്ങളും കുഞ്ഞുങ്ങളെ ബാധിച്ചേക്കാം.

ജോലിക്കു പോകുന്ന മാതാപിതാക്കൾ/ സിംഗിൽ പാരന്റ്

ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ ഓരോ ദിവസവും മൾട്ടി ടാസ്‌കുകളിൽ ഏർപ്പെട്ടിരിക്കുന്നു. ഇതിനിടയിൽ കുട്ടികളെ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റിയെന്ന് വരില്ല. പ്രത്യേകിച്ചും അവരുടെ ആഹാരകാര്യത്തിൽ. അതിനാൽ എന്ത് കഴിക്കണം എന്ന തീരുമാനം പലപ്പോഴും കുട്ടികൾ തന്നെയാണ് എടുക്കുക. പഴങ്ങൾ പച്ചക്കറികൾ എന്നിവയ്ക്ക് പകരമായി രുചികരമായ ഫാസ്റ്റ് ഫുഡുകളെ ആശ്രയിക്കുന്നതാണ് കുട്ടികളിലെ അമിത വണ്ണത്തിന്റെ പ്രധാനകാരണം. നേരത്തേ ഉണ്ടാക്കിയ തണുത്ത ഭക്ഷണങ്ങൾ, ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ, ഫ്രിജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ എന്നിവയെല്ലാം കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമാണ്. ഇതിന് പരിഹാരമായി പെട്ടെന്ന് തയ്യാറാക്കാവുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഒരു പാചകക്കാരിയെ വെയ്ക്കുന്നതും നല്ലതാണ്. ന്യൂഡിൽസ് പോലുള്ളവ ഒഴിവാക്കി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഓട്‌സ് പോലുള്ളവ വിവിധ രുചികളിലായി നൽകുക.

ടിവിയും വീഡിയോ ഗെയിമുകളും

പണ്ട് കാലത്ത് കുട്ടികൾ വെയിലും മഴയും കൊണ്ട് കൂട്ടുകാരുടെ ഒപ്പം കളിക്കാൻ പോകുമായിരുന്നു. കായികധ്വാനം നടക്കുന്നതിനാൽ അക്കാലത്ത് പൊണ്ണത്തടി വളരെ വിരളമായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. കൂട്ടുകാരുടെ കൂടെ കളിക്കുന്നതിലും പലർക്കും താൽപര്യം ടിവിയും മൊബൈലും കമ്പ്യൂട്ടർ ഗെയിമുകളുമാണ്. ഭക്ഷണം കഴിച്ച് വെറുതെയിരിക്കുന്ന കുട്ടികളിൽ അമിതവണ്ണം എളുപ്പത്തിൽ പിടികൂടാം. ശാരീരികമായ പ്രവർത്തികളിൽ ഏർപ്പെടാൻ കുട്ടികളെ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. സ്‌പോർട്‌സ് ഇനങ്ങളിൽ താൽപര്യമുണ്ടെങ്കിൽ പരിശീലനം നൽകാം. അല്ലെങ്കിൽ കൂട്ടുകാരുമൊത്ത് പുറത്ത് കളിക്കാൻ വിടുക. സൗഹ്യദങ്ങൾക്കൊപ്പം ആരോഗ്യവും വർധിക്കും.

കുട്ടികളിലെ വിഷാദം

ചെറുപ്പത്തിൽ മനസിനേൽക്കുന്ന മുറിവുകൾ മനുഷ്യൻ ഒരിക്കലും മറക്കില്ല. പണ്ടത്തെ അപേക്ഷിച്ച് കുട്ടികളിൽ ഇക്കാലത്ത് വിഷാദം, ടെൻഷൻ എന്നിവ വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും അണുകുടുംബങ്ങളിൽ വളരുന്ന കുഞ്ഞുങ്ങൾ. സ്‌കൂളിലെയോ, കൂട്ടുകാർക്കിടയിലോ ഉണ്ടാകുന്ന അവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ആളില്ലാത്തത് മാനസികമായി കുഞ്ഞുങ്ങളെ തളർത്തിയേക്കാം. ഇത് പിന്നീട് വിഷാദം, ടെൻഷൻ, ഊർജസ്വലതയില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു. ഈ സമയത്ത് അവയെല്ലാം മറക്കാൻ ഭക്ഷണത്തെയാകും കുട്ടികൾ ആശ്രയിക്കുക. ആരോഗ്യകരമായ ഭക്ഷണത്തേക്കാളും ഫാസ്റ്റ് ഫുഡുകളാകും കൂടുതൽ താൽപര്യം. ഇതും പൊണ്ണത്തടിയിലേക്ക് കുട്ടികളെ നയിക്കുന്നു. കുഞ്ഞുങ്ങളുമായി ക്യത്യമായ ആശയവിനിമയം മാതാപിതാക്കൾ നടത്തുകയും അവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ മനസു കാണിക്കുകയും വേണം. തങ്ങളെ കൊണ്ട് പരിഹരിക്കാൻ സാധിക്കുന്നതെങ്കിൽ അവ പരിഹരിച്ചും നൽകുക. 

ഉറക്കം ക്യത്യമല്ലാതാകുക

ഉറക്കവും വിഷാദവും അമിതവണ്ണമുണ്ടാക്കുന്നതിൽ പരസ്പര പൂരകങ്ങളാണ്. വിഷാദവും മാനസിക സംഘർഷവും കുട്ടികളിൽ ഉറക്ക കുറവിന് കാരണമാകുന്നു. രാത്രികാലങ്ങളിലെ വൈകിയ ഉറക്കം, ഇടയ്ക്ക് ഉണർന്ന ശേഷം ഉറക്കം വരാതിരിക്കുക, അതിരാവിലെ ഉണരുക എന്നിവയെല്ലാം ഉറക്ക കുറവിന്റെ ലക്ഷണങ്ങളാണ്. കുഞ്ഞുങ്ങളിൽ ഉറക്കം കുറയുമ്പോൾ വിശപ്പ് കൂടുന്നതായാണ് കാണാൻ സാധിക്കുന്നത്. അമിതമായി ഭക്ഷണം കഴിയ്ക്കുന്നതിലേക്ക് കുഞ്ഞുങ്ങൾ എത്തിച്ചേരുന്നു. ഇതൊഴിവാക്കാൻ കുട്ടികൾ ക്യത്യമായി ഉറങ്ങുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. ഉറക്ക കുറവോ മറ്റ് ബുദ്ധിമുട്ടുകളോ ശ്രദ്ധയിൽപ്പെട്ടാൻ അവരോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുക. ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായം തേടാവുന്നതുമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.