spot_img

പുരുഷന്മാരിലെ വന്ധ്യത : അറിയേണ്ടതെല്ലാം

അന്‍പത് ശതമാനം വന്ധ്യതയും പുരുഷന്മാരുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ പുരുഷന്മാരിലെ വന്ധ്യതയ്ക്ക് പൊതുവായ കാരണങ്ങളില്ല. ഓരോരുത്തരിലും ഓരോ കാരണമാണ്. പുരുഷന്മാരുടെ ശരീരത്തിലെ ബീജോല്‍പാദനം വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. അതിനാല്‍ പുരുഷന്മാരുടെ വന്ധ്യതയുടെ കാരണം കണ്ടെത്തുക പ്രയാസമാണ്. ജീവിതശൈലികളും ഭക്ഷണരീതികളുമെല്ലാം വന്ധ്യതയെ ബാധിക്കുന്നു. മദ്യപാനം, പുകവലി തുടങ്ങിയവയും ബീജോല്‍പ്പാദനത്തെയും അതിന്റെ പുറന്തള്ളലിനെയും ബാധിക്കുന്നു. പ്രമേഹം പോലുള്ള രോഗങ്ങളുള്ളവരിലും ബീജോല്‍പ്പാദന രീതി വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ വന്ധ്യതാ ചികിത്സയുടെ ഭാഗമായി ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും മാറ്റം വരുത്തേണ്ടി വരുന്നു.

ബീജോല്‍പ്പാദന അവയവങ്ങള്‍ക്കും ബീജം വഹിക്കുന്ന അവയവങ്ങള്‍ക്കും ഉണ്ടാകുന്ന അസുഖങ്ങളും വന്ധ്യതയ്ക്ക് കാരണമാകുന്നു. പുരുഷന്മാരുടെ വൃഷണങ്ങള്‍ക്ക്‌ ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍, വൃഷണത്തില്‍ നിന്ന് ബീജത്തെ കൊണ്ടുപോകുന്ന കുഴലുകള്‍ അടഞ്ഞുപോകുന്ന അവസ്ഥ, വൃഷണങ്ങളില്‍ നിന്ന് അശുദ്ധ രക്തത്തെ തിരിച്ചു കൊണ്ടുപോകുന്ന ധമനികള്‍ക്കുണ്ടാകുന്ന വൈകല്യങ്ങള്‍ എന്നിവ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഈ ധമനികള്‍ക്ക് പ്രയാസമുണ്ടാകുമ്പോള്‍ അശുദ്ധരക്തം പുറത്തേക്കു പോകാതെ വൃഷണത്തില്‍ ചൂടുണ്ടായി ബീജങ്ങള്‍ക്ക് കേടുപാടുണ്ടാകുന്നു. ഇതൊക്കെയാണെങ്കിലും പുരുഷവന്ധ്യതയ്ക്ക് കൃത്യമായി ഒരു കാരണം കണ്ടെത്തുക പ്രയാസമാണ്‌.

വന്ധ്യതയുടെ ചികിത്സയും വളരെ സങ്കീര്‍ണ്ണമായ ഒരു കാര്യമാണ്. കാരണം അറിയാത്തതുകൊണ്ടു തന്നെ ചികിത്സ നിര്‍ണ്ണയിക്കുക പ്രയാസമാണ്. വളരെ അനുഭവ പരിചയമുള്ള ഡോക്ടര്‍മാര്‍ക്കു മാത്രമേ ചികിത്സ നിര്‍ണ്ണയിക്കാന്‍ സാധിക്കുകയുള്ളൂ. വൃഷണത്തിന്റെയും ബന്ധപ്പെട്ട അവയവങ്ങളുടെയും സ്‌കാനിങുകള്‍, ഹോര്‍മോണ്‍ പരിശോധനകള്‍ എന്നിവ നടത്തേണ്ടതുണ്ട്. വൃഷണത്തിന്റെയോ, കുഴലുകളുടെയോ പ്രശ്നമാണെങ്കില്‍ അവയ്ക്കുള്ള ശസ്ത്രക്രിയയോ ചികിത്സകളോ നടത്തുന്നു. കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൃത്രിമ പ്രത്യുല്‍പാദന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. വൃഷണത്തില്‍ നിന്നോ, കുഴലുകളില്‍ നിന്നോ ശസ്ത്രക്രിയയോ മറ്റോ വഴി ബീജങ്ങളെടുത്ത്, അവയില്‍ ഏറ്റവും നല്ലത് തെരഞ്ഞെടുത്ത് അണ്ഡവുമായി ചേര്‍ത്താണ് കൃത്രിമ പ്രത്യുല്‍പാദന പ്രക്രിയ നടത്തുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.