നവജാത ശിശുക്കളുടെ ആരോഗ്യത്തെക്കുറിച്ച് പൊതുവെ അമ്മമാര്‍ക്ക് വലിയ ആശങ്കകളുണ്ടാകാറുണ്ട്, പ്രത്യേകിച്ച് ആദ്യത്തെ കുഞ്ഞിന്റെ ജനന സമയത്ത്. കുട്ടികളെ എങ്ങനെയൊക്കെ ശ്രദ്ധിക്കണം, എന്തെല്ലാം ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നീ കാര്യങ്ങളില്‍ വ്യക്തതയുണ്ടാവില്ല. മാസം തികഞ്ഞു ജനിക്കുന്ന കുഞ്ഞുങ്ങള്‍ പൊതുവെ ആരോഗ്യവാന്മാരായിരിക്കും. എന്നാല്‍ ഗര്‍ഭകാലത്ത് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ മാസം തികയാതെ പ്രസവം നടക്കാനിടയുണ്ട്. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകും.
പ്രസവ സമയത്ത് അമ്മയ്ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാലും അത് ജനന സമയത്ത് കുഞ്ഞിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍EE പ്രസവ സമയത്തോ അതിനു മുമ്പോ അമ്മയ്ക്കുണ്ടാകുന്ന ഏതു ചെറിയ രോഗവും ചികിത്സിച്ചു ഭേദമാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് കുഞ്ഞിനെ ബാധിക്കാനിടയുണ്ട്. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ ആദ്യത്തെ 36 ആഴ്ചയ്ക്കു ശേഷം ഗര്‍ഭിണികള്‍ സ്വയം സ്തന പരിശോധന നടത്തുന്നത് നല്ലതാണ്. മുലക്കണ്ണ് ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്നതു പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തി ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ പരിഹരിക്കണം. അത്തരം പ്രശ്നങ്ങളുണ്ടെങ്കില്‍ പ്രസവ ശേഷം കുഞ്ഞിന് പാല്‍ കുടിക്കാന്‍ പ്രയാസമുണ്ടാകും. പാല്‍ കുടിക്കുന്നത് കുറയുന്നത് കുഞ്ഞിന് ഹൈപ്പോ ഗ്ലൈസീമിയ പോലെയുള്ള രോഗങ്ങള്‍ വരുത്തി വെക്കും.
പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ തന്നെ കുഞ്ഞിനാവശ്യമായ സാധനങ്ങള്‍ പാക്ക് ചെയ്തു കൊണ്ടുപോകണം. പലരും കുഞ്ഞിന്റെ ജനനശേഷമാണ് സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ നേരത്തേ വാങ്ങുന്നതാണ് പ്രായോഗികമായി നല്ലത്. കുഞ്ഞിന്റെ ശരീരത്തില്‍ താപനില നിലനിര്‍ത്താനാവശ്യമായ വസ്ത്രങ്ങളാണ് കുഞ്ഞിനായി വാങ്ങേണ്ടത്. കുഞ്ഞിന്റെ തല മുതല്‍ കാല്‍ വരെ മറയുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് വേണ്ടത്. അല്ലെങ്കില്‍ അല്‍പം കട്ടി കൂടിയ വസ്ത്രത്തോടൊപ്പം തല മറയ്ക്കുന്ന ക്യാപ്പും കൈ-കാലുകള്‍ മറയ്ക്കുന്ന ഗ്ലൗസുകളും ഉപയോഗിക്കാം. വസ്ത്രങ്ങള്‍ നേരത്തേ കഴുകി വെയിലത്തുണക്കി ഇസ്തിരിയിട്ട് വെക്കണം. പാക്കറ്റ് പൊട്ടിച്ച് അതേപോലെ ഉപയോഗിക്കരുത്. ആവശ്യത്തിന് ഡയപ്പറുകളും തയ്യാറാക്കി വെക്കുക. കോട്ടണ്‍ തുണി ഉപയോഗിക്കുന്നതാണ് കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലതെങ്കിലും ആശുപത്രിയിലെ സൗകര്യത്തിന് ഡയപ്പര്‍ ഉപയോഗിക്കാം. മറ്റൊരു പ്രധാന കാര്യം കുഞ്ഞിന്റെ നഖം വെട്ടി വൃത്തിയാക്കുക എന്നതാണ്. പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് ജനന സമയത്തു തന്നേ നീളമുള്ള നഖങ്ങളുണ്ടാകാം. ചെറിയ നെയില്‍ കട്ടര്‍ ഉപയോഗിച്ച് കുഞ്ഞിന്റെ നഖങ്ങള്‍ വൃത്തിയാക്കാം. അമ്മയ്ക്ക് ചെയ്യാന്‍ പേടിയുണ്ടെങ്കില്‍ ആശുപത്രിയില്‍ നഴ്സിന്റെ സഹായം തേടാം.
കുഞ്ഞ് ജനിച്ചു കഴിഞ്ഞാലുടന്‍ മുലയൂട്ടല്‍ ആരംഭിക്കണം. എത്ര നേരത്തേ ആരംഭിക്കുന്നുവോ അത്രയും നല്ലതാണ്. പാലല്ലാത്ത മറ്റൊന്നും കുഞ്ഞിനു നല്‍കരുത്. അമ്മയില്‍ നിന്നുണ്ടാകുന്ന ആദ്യത്തെ പാല്‍, കൊളോസ്ട്രം അഥവാ മഞ്ഞപ്പാല്‍ ആണ് കുഞ്ഞിന് ഏറ്റവും ആരോഗ്യകരം. ഇത് കുഞ്ഞിനു നല്‍കരുത് എന്ന് പൊതുവേ തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ കുഞ്ഞിനു നല്‍കാവുന്ന ഏറ്റവും പോഷകസമൃദ്ധമായ പാല്‍ ഇതാണ്.
അമ്മ കിടക്കുന്ന അതേ ബെഡില്‍ കുഞ്ഞിനെയും കിടത്തുന്നതാണ് നല്ലത്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നതിന് അതാവശ്യമാണ്. മറ്റൊന്ന്, സന്ദര്‍ശകരുടെ എണ്ണം പരമാവധി കുറക്കുക എന്നതാണ്. സന്ദര്‍ശകരില്‍ എന്തെങ്കിലും വിധത്തിലുള്ള അസുഖങ്ങളുള്ളവരുണ്ടെങ്കില്‍ അത് കുഞ്ഞിനെ ബാധിക്കാം. നനഞ്ഞ തുണികള്‍ കഴിവതും മുറിയില്‍ ഉണങ്ങാനിടാതിരിക്കുക. ഒന്നര മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന് പാല്‍ കൊടുക്കുന്നതാണ് ഉത്തമം. പാല്‍ കൊടുത്തു കഴിഞ്ഞാലുടന്‍ കുഞ്ഞിനെ തോളിലിട്ട് മുതുകില്‍ തട്ടി ഗ്യാസ് കളയുക. കുഞ്ഞിനെ മലര്‍ത്തിക്കിടത്തി വേണം ഉറക്കാന്‍. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ പൊക്കിള്‍ക്കൊടിയുടെ ഭാഗം നന്നായി കഴുകി വൃത്തിയാക്കുക. കുളി കഴിഞ്ഞാലുടന്‍ അവിടം തുടച്ചുണക്കുകയും വേണം. പാല്‍ കൊടുത്തു കഴിഞ്ഞയുടന്‍ തന്നെ കുളിപ്പിക്കാതിരിക്കുക. എന്നാല്‍ കുളി കഴിഞ്ഞയുടനെ പാല്‍ കൊടുക്കാം. കുളി കഴിഞ്ഞ് ലോഷനോ പൗഡറുകളോ കെമിക്കലുകളടങ്ങിയ മറ്റു ക്രീമുകളോ കുഞ്ഞിന്റെ ശരീരത്തില്‍ പുരട്ടാതിരിക്കുന്നതാണ് നല്ലത്. എണ്ണയും സോപ്പും മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മൂന്നു മാസത്തിനു ശേഷം മാത്രം തൊട്ടില്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. കുഞ്ഞിനെ വെയില്‍ കൊള്ളിക്കണം എന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ അത് കുഞ്ഞിന് ഒട്ടും തന്നെ നല്ലതല്ല. കുഞ്ഞിനുണ്ടാകുന്ന മഞ്ഞനിറം പോലെയുള്ള പ്രശ്നങ്ങള്‍ സുഖപ്പെട്ട ശേഷമാണ് ആശുപത്രിയില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും വിടുന്നത്. അതിനാല്‍ അത്തരം സ്വയം ചികിത്സകള്‍ ഒഴിവാക്കുക.