പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിന് ഒരു ചിലവുമില്ലാത്ത, നമ്മുടെ വീട്ടില്‍ നിന്നു തന്നെ ലഭിക്കുന്ന ഒരു ഐസ് ക്യൂബ് മതിയാകും. ഐസ് ക്യൂബ് ചര്‍മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ അതിശയിപ്പിക്കുന്നതാണ്.
മുഖക്കുരു, ചര്‍മ്മത്തിനേല്‍ക്കുന്ന സൂര്യാഘാതം, ചര്‍മത്തിലുണ്ടാകുന്ന വീക്കം എന്നിവയെല്ലാം കുറയ്ക്കാന്‍ ഐസ് ക്യൂബ് കൊണ്ട് സാധിക്കും. മാത്രമല്ല ചര്‍മത്തിലെ ചുവന്ന തടിപ്പ്, വേദന എന്നിവയകറ്റാനും ചര്‍മത്തില്‍ രക്തചംക്രമണം കൂട്ടി നിറം വര്‍ധിപ്പിക്കാനുമൊക്കെ ഐസ്ക്യൂബിനാകും. പാലോ, കുക്കുമ്പര്‍ നീരോ അടങ്ങിയ ഐസ് ക്യൂബ് ചര്‍മത്തിലടിഞ്ഞ അഴുക്ക് മാറ്റി ചര്‍മത്തിനു തിളക്കം നല്‍കും. സൗന്ദര്യ സംരക്ഷണത്തിന് ഐസ് ക്യൂബ് എങ്ങനെ പ്രയോജനപ്പെടുത്താമെന്നു നോക്കാം.
- മുഖക്കുരുവും ചുവന്ന പാടുകളും മാറ്റുന്നു
ഐസ് ക്യൂബുകളുടെഏറ്റവും ജനപ്രിയമായ ഉപയോഗങ്ങളിലൊന്നാണ് മുഖക്കുരു കുറക്കുകയെന്നത്. ആഴത്തിലുള്ള മുഖക്കുരുവാണെങ്കില്‍ അതിനു ചുറ്റും ചുവന്നു തടിക്കുകയും വേദനയുണ്ടാവുകയും ചെയ്യും. ഇതു കുറക്കാന്‍ ഐസ്ക്യൂബിനാകും. മുഖക്കുരുവില്‍ ബാക്ടീരിയ ഉള്ളതുകൊണ്ടു തന്നെ ഐസ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം.
എങ്ങനെ ഉപയോഗിക്കാം – മുഖം നന്നായി കഴുകിയതിനു ശേഷം ടവ്വല്‍ ഉപയോഗിച്ച് പതിയെ നനവ് നീക്കം ചെയ്യണം. ഒരു പല്‍സ്റ്റിക് ബാഗിലോ പേപ്പര്‍ ടവ്വലിലോ ഐസ് ക്യൂബ് വച്ച് മുഖക്കുരുവിന്റെ മീതെ ഒരു മിനിറ്റ് വയ്ക്കുക. വേണമെങ്കില്‍ 5 മിനിറ്റിനു ശേഷം വീണ്ടും ഇതേ രീതിയില്‍ ഉപയോഗിക്കാം. എസ്സന്‍ഷ്യല്‍ ഓയില്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഐസ് ക്യൂബ് പൊതിയുന്ന തുണിയില്‍ അല്പം ഓയില്‍ പുരട്ടാം. കറ്റാര്‍വാഴ, ഓറഞ്ചുനീര്, നാരാങ്ങാനീര് എന്നിവകൊണ്ടുണ്ടാക്കുന്ന ഐസ് ക്യൂബുകളും ഉപയോഗിക്കാം.
- മഞ്ഞളിപ്പ് മാറ്റി മുഖത്ത് രക്തചംക്രമണം ഉണ്ടാക്കുന്നു
ചര്‍മത്തിനുണ്ടാകുന്ന വിളര്‍ച്ചയും മഞ്ഞളിപ്പും മാറ്റാന്‍ ഐസ് ക്യൂബ് ഉപയോഗിക്കാം. ഐസ്ക്യൂബ് കൊണ്ട് തടവുമ്പോള്‍ മുഖത്തെ രക്തയോട്ടം വര്‍ധിക്കുകയും ചര്‍മത്തിന്റെ നിറം വര്‍ധിക്കുകയും ചെയ്യും. രാവിലെ എഴുന്നേറ്റയുടന്‍ ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് ചര്‍മത്തിന് ഉണര്‍വ് നല്‍കും.
എങ്ങനെ ഉപയോഗിക്കാം – മുഖം നന്നായി കഴുകിയതിനു ശേഷം ടവ്വല്‍ ഉപയോഗിച്ച് പതിയെ നനവ് നീക്കം ചെയ്യണം. ഒരു പല്‍സ്റ്റിക് ബാഗിലോ പേപ്പര്‍ ടവ്വലിലോ ഐസ് ക്യൂബ് വച്ച് മുഖത്തും കഴുത്തിലും പതിയെ മസാജ് ചെയുക. കണ്ണിനു ചുറ്റുമുള്ള ഭാഗം ഒഴിവാക്കുക. ഈര്‍പ്പം ഒപ്പിയെടുക്കാതെ തന്നെ ഉണങ്ങാന്‍ അനുവദിക്കുക.
- ചര്മത്തിനേറ്റ സൂര്യതാപം ശമിപ്പിക്കുന്നു
വെയിലേറ്റ് ചര്‍മം കരുവാളിക്കുന്നതിന് ഐസ്ക്യൂബ് മികച്ച പ്രതിവിധിയാണ്. സൂര്യതാപം ഏല്ക്കുന്ന ഭാഗത്തെ ചര്‍മം ചുവന്ന് തടിക്കുകയും വേദന തോന്നുകയും ചെയ്യും. കറ്റാര്‍വാഴ നീരിന്റെ ഐസ് ക്യൂബ് മുഖത്ത് പുരട്ടുന്നത് സൂര്യതാപവും കരുവാളിപ്പും മാറ്റാന്‍ നല്ലതാണ്. കറ്റാര്‍വാഴ ഇല്ലെങ്കില്‍ കുക്കുമ്പര്‍ ഉപയോഗിക്കാം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മത്തിനു വളരെ നല്ലതാണ്.
എങ്ങനെ ഉപയോഗിക്കാം – കറ്റാര്‍വാഴയോ കുക്കുമ്പറോ ഉപയോഗിച്ച് ഐസ്ക്യൂബ് ഉണ്ടാക്കുക. മുഖം നന്നായി കഴുകിയതിനു ശേഷം ടവ്വല്‍ ഉപയോഗിച്ച് പതിയെ നനവ് നീക്കം ചെയ്യുക. ഒരു പല്‍സ്റ്റിക് ബാഗിലോ പേപ്പര്‍ ടവ്വലിലോ ഐസ് ക്യൂബ് വച്ച് സൂര്യതാപം ഉളള ചര്‍മത്തില്‍ വയ്ക്കുക. ഐസ് ഉരുകി തീരുന്നതു വരെ ഇത് തുടരണം.
- വീങ്ങിയ കണ്ണുകള്‍ സുഖപ്പെടുത്തുന്നു
വീങ്ങിയതും ക്ഷീണമുള്ളതുമായ കണ്ണുകള്‍ സുഖപ്പെടുത്താന്‍ ഐസ് ക്യൂബുകള്‍ക്ക് കഴിയും. സാധാരണ ഐസ് ക്യൂബോ, ഗ്രീന്‍ ടീ, പാല് എന്നിവ കൊണ്ടുള്ള ഐസ് ക്യൂബോ കണ്ണുകള്‍ക്ക് നല്ലതാണ്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മം നേര്‍ത്തതായതു കൊണ്ട് അധിക സമയം ഐസ് ക്യൂബുകള്‍ കണ്ണിനു മുകളില്‍ വെക്കുന്നത് നല്ലതല്ല.
എങ്ങനെ ഉപയോഗിക്കാം -ഗ്രീന്‍ ടീ, പാല് അല്ലെങ്കില്‍ സാധാരണ വെള്ളം ഉപയോഗിച്ച് ഐസ് ക്യൂബ് ഉണ്ടാക്കുക. മുഖം നന്നായി കഴുകിയതിനു ശേഷം ടവ്വല്‍ ഉപയോഗിച്ച് പതിയെ നനവ് നീക്കം ചെയ്യണം. ഒരു പല്‍സ്റ്റിക് ബാഗിലോ പേപ്പര്‍ ടവ്വലിലോ ഐസ് ക്യൂബ് വച്ച് കണ്ണുകള്‍ക്ക് മീതെ പതിയെ അമര്‍ത്തുക. എന്നാല്‍ ഒരുപാട് നേരം ഇത് തുടരുത്. ശേഷം ടവ്വല്‍ ഉപയോഗിച്ച് ഈര്‍പ്പം ഒപ്പിയെടുക്കണം.
- ചര്‍മത്തിനുണ്ടാകുന്ന ചുളിവുകള്‍ നീക്കം ചെയ്യുന്നു
ചര്‍മ്മത്തിനുണ്ടാകുന്ന ചുളിവുകള്‍ നമുക്ക് കൂടുതല്‍ പ്രായം തോന്നിക്കും. എന്നാല്‍ ഐസ് ക്യൂബ് കൊണ്ടുള്ള മസാജ് ചുളിവുകള്‍ മാറ്റി ചര്‍മ്മം മുറുക്കമുള്ളതാക്കും. ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും ഇതുവഴി കഴിയും.
എങ്ങനെ ഉപയോഗിക്കാം – ഇളം ചൂടു വെള്ളത്തില്‍ മുഖം കഴുകുക. ശേഷം ടവ്വല്‍ ഉപയോഗിച്ച് പതിയെ നനവ് നീക്കം ചെയ്യണം. ഒരു പല്‍സ്റ്റിക് ബാഗിലോ പേപ്പര്‍ ടവ്വലിലോ ഐസ് ക്യൂബ് വച്ച് അത് ഉരുകി തീരുന്നതു വരെ മുഖത്ത് ഉരസുക
- പ്രകൃതിദത്ത പ്രൈമര്‍
മുഖത്ത് ഫൗണ്ടേഷന് ഇടുന്നതിനു മുന്‍പായി ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്താല്‍ മേക്കപ്പ് പ്രൈമറിന്റെ പ്രയേജനം ലഭിക്കും. ചര്‍മം മുറുക്കമുള്ളതാകുകയും ഫൗണ്ടേഷന് ഇട്ടാല്‍ നല്ല തിളക്കം തോന്നുകയും ചെയ്യും
- ചര്‍മത്തിലെ അധിക എണ്ണമയം നീക്കുന്നു
ചര്‍മ സംരക്ഷണത്തിന്റെ പ്രധാന വില്ലന്‍ എല്ലായ്പ്പോഴും എണ്ണമെഴുക്കുള്ള ചര്‍മമാണ്. എണ്ണമയം കൂടുതലുള്ളവര്‍ക്ക് ഇടയ്ക്കിടെ മുഖം തുടക്കാനുള്ള തോന്നലുണ്ടാകും. എന്നാല്‍ ഐസ് ക്യൂബിന് ഈ എണ്ണമയം നീക്കി ചര്‍മ്മം ഫ്രഷ് ആക്കാന്‍ സാധിക്കും.
എങ്ങനെ ഉപയോഗിക്കാം – മുഖം നന്നായി കഴുകിയതിനു ശേഷം ടവ്വല്‍ ഉപയോഗിച്ച് പതിയെ നനവ് നീക്കം ചെയ്യണം. ഒരു പല്‍സ്റ്റിക് ബാഗിലോ പേപ്പര്‍ ടവ്വലിലോ ഐസ് ക്യൂബ് വച്ച് മുഖത്ത് മസാജ് ചെയ്യുക. ഉണങ്ങിയതിനു ശേഷം മോയിസ്ചറൈസര്‍ പുരട്ടുക. പുതിനയില നീര് കൊണ്ടുണ്ടാക്കിയ ഐസ്ക്യൂബും നല്ലതാണ്.