ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്ന അവസ്ഥ മരണത്തെ മുഖാമുഖം കാണുന്നതു പോലെയാണ്. ഈ അവസ്ഥയില്‍ ശ്വാസം കിട്ടാതെ മരണത്തിലേക്ക് തള്ളപ്പെട്ട നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയവരെ രക്ഷിക്കാന്‍ ഡോക്ടര്‍ക്കോ നഴ്‌സിനോ എത്താന്‍ സാധിക്കാറില്ല. എന്നാല്‍ കണ്ടു നില്‍ക്കുന്നവരുടെ സമയോചിതമായ ഇടപെടലിലൂടെ ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്ന് വരാം.
ഭക്ഷണം അശ്രദ്ധമായി കഴിയ്ക്കുമ്പോഴാണ് പലപ്പോഴും ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങുന്നത്. ഭക്ഷണത്തിനിടെ സംസാരിക്കുന്നതും, ശരിയായ രീതിയില്‍ ഇരുന്ന് കഴിക്കാത്തതും, മദ്യപിച്ച് ഭക്ഷണം കഴിയ്ക്കുന്നതുമെല്ലാം ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങാന്‍ കാരണമാകുന്നു. ഇത്തരം അവസ്ഥയിലെത്തിയവരുടെ ബോധം മിനിട്ടുകള്‍ക്കുള്ളില്‍ നശിക്കുകയും പെട്ടെന്ന് തന്നെ മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ സാഹചര്യങ്ങളിലാണ് കണ്ടുനില്‍ക്കുന്നവര്‍ രക്ഷകരാകുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് മുതിരുമ്പോള്‍ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി കിടക്കുന്നുണ്ടെന്ന് ആദ്യം ഉറപ്പു വരുത്തണം. മറ്റ് കാരണങ്ങള്‍ കൊണ്ടും ശ്വാസതടസം അനുഭവപ്പെടാം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് അവരോട് തന്നെ ചോദിക്കാം. ശ്വാസതടസം ഉള്ളതിനാല്‍ സംസാരിക്കാന്‍ കഴിയില്ലെങ്കിലും തലയാട്ടിയോ ചെറിയ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചോ അതു തന്നെയെന്ന് നിങ്ങളെ അറിയിക്കും. നിങ്ങള്‍ അയാളെ സഹായിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച ശേഷം, അയാളുടെ പിന്നില്‍ പോയി നില്‍ക്കുക. അദ്ദേഹത്തിന്റെ രണ്ട് കാലും വിടര്‍ത്തി വെപ്പിക്കുക. അതിന് ശേഷം നിങ്ങളുടെ ഒരു കാല്‍ മുന്നോട്ടാക്കി നില്‍ക്കുക. ഉറച്ച് നില്‍ക്കാനായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഈ പൊസിഷനില്‍ നിന്നു കൊണ്ട് നിങ്ങളുടെ കൈ അയാളുടെ വയറില്‍ ക്യത്യമായി പറഞ്ഞാല്‍ പുക്കിളിന് മുകളില്‍ വെച്ച് അടുത്ത കൈ അതിന് മുകളില്‍ വെച്ച് ശക്തിയായി മര്‍ദം ഏല്‍പ്പിക്കുക. ഇങ്ങനെ മര്‍ദം നല്‍കുന്നതിനെ ഹെമലിഷ്മാനുവര്‍ എന്ന് പറയുന്നു. വയറിലുണ്ടാകുന്ന മര്‍ദം നെഞ്ചിലേക്ക് എത്തി ഈ മര്‍ദം ശ്വാസനാളത്തില്‍ കുടുങ്ങി കിടക്കുന്ന ഭക്ഷണത്തെ പുറത്തു കളയാന്‍ സഹായിക്കുന്നു.
രക്ഷാപ്രവര്‍ത്തനം ഇങ്ങനെ മാത്രമാണ് ചെയ്യേണ്ടത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള സംഘടനകള്‍ അംഗീകരിച്ച രീതിയാണിത്. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയാല്‍ തലയ്ക്ക് അടിയ്ക്കുക, പുറത്തടിയ്ക്കുക എന്ന തരത്തില്‍, സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന കാലമാണ്. ഇവ കൊണ്ടൊന്നും യാതൊരു ഗുണവുമില്ല. ഇവയൊന്നും ശാസ്ത്രീയമായ രീതികളുമല്ല. അതിനാല്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നിങ്ങളുടെ സമയോചിത സമീപനത്തിലൂടെ സാധിക്കും.