ഹജ്ജ് സീസണ്‍ തുടങ്ങിക്കഴിഞ്ഞു. നമ്മുടെ പല സുഹൃത്തുക്കളും ഹജ്ജിന് പോകാനുള്ള ഒരുക്കത്തിലാണ്. ഒരു വര്‍ഷം മുമ്പേ അവര്‍ മാനസികമായി അതിന് തയ്യാറെടുത്തിട്ടുണ്ടാവും. ആരോഗ്യപരമായി എന്തൊക്കെ കാര്യങ്ങള്‍ ഹജ്ജിന് പോകുന്നവര്‍ ശ്രദ്ധിക്കണം.
40 വയസ്സ് കഴിഞ്ഞവരാണ് പലപ്പോഴും നമ്മുടെ നാട്ടില്‍ നിന്ന് ഹജ്ജിന് പോകുന്നത്. ഇക്കൂട്ടത്തില്‍ തന്നെ 60 വയസ്സ് കഴിഞ്ഞവരാകും കൂടുതല്‍. അസുഖമുള്ള ആളുകള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അസുഖങ്ങളില്ലാത്തവരും ശ്രദ്ധിക്കണം. ഹജ്ജിന് പോകുന്നതിന് മുന്നോടിയായി ഗവണ്‍മെന്റ് തലത്തില്‍ വാക്സിനുകളുണ്ട്. അതെല്ലാവരും നിര്‍ബന്ധമായും എടുക്കണം. ഹജ്ജ് എന്നു പറയുന്നത് ലോകത്തെ നൂറോളം രാഷ്ട്രങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നതാണ്. അവിടങ്ങളിലെ പല അസുഖങ്ങളും ഇതു മൂലം നമ്മുടെ ആളുകള്‍ക്കും പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ അതിനെ പ്രതിരോധിക്കാന്‍ നിഷ്‌കര്‍ഷിക്കുന്ന ഇഞ്ചക്ഷനും വാക്സിനുകളും ഉപയോഗിക്കുകയും കൈയില്‍ കരുതുകയും വേണം.
പലരും പ്രമേഹവും പ്രഷറും മറ്റ് അസുഖങ്ങളുമൊക്കെയുള്ള ആളുകളായിരിക്കും. ഹജ്ജ് കമ്മറ്റി തന്നെ അത് സംബന്ധിച്ച് ഹെല്‍ത്ത് കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. അതില്‍ നിങ്ങള്‍ക്ക് എന്തൊക്കെ അസുഖമാണുള്ളതെന്ന് നിര്‍ബന്ധമായും, വ്യക്തമായും ആ കാര്‍ഡില്‍ എന്റര്‍ ചെയ്യുകയും ഡോക്ടറോട് പറയുകയും വേണം. കാരണം ഇത് ചെറിയ കാര്യമല്ല. അവിടെ ചെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ വൈദ്യ സഹായം ലഭിക്കണമെങ്കില്‍ അയാളുടെ ഹെല്‍ത്ത് റെക്കോര്‍ഡ് കറക്ടായിരിക്കണം.
സ്ഥിരമായി മരുന്നു കഴിക്കുന്നയാളുകള്‍ അവരെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുക്കല്‍ നിന്നും ഒന്നര മാസത്തേക്കുള്ള മരുന്നുകള്‍ വാങ്ങി കൈയില്‍ കരുതണം. പനി, തലവേദന, തൊണ്ട വേദന, ജലദോഷം, ചുമ തുടങ്ങിയ ചെറിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകള്‍ കൈയില്‍ കരുതുക. ഇതിനും പുറമെ അസുഖങ്ങള്‍ ഉണ്ടായാല്‍ നിങ്ങളെ ചികിത്സിക്കാന്‍ മെഡിക്കല്‍ സംഘമുണ്ട്. പക്ഷേ നിങ്ങള്‍ തീര്‍ച്ചായും ശ്രദ്ധിക്കേണ്ടത്, തീര്‍ത്ഥ യാത്രയ്ക്കാണ് പോകുന്നതെന്ന് കരുതി മരുന്നുകള്‍ ഒന്നും എടുക്കാതിരിക്കരുത്. രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കൈയില്‍ കരുതുക തന്നെ വേണം.
അതോടൊപ്പം എല്ലാവരും മാസ്‌ക് കൈയില്‍ കരുതുക. കാരണം അനേകം ആളുകള്‍ വന്നെത്തുന്ന വളരെ തിരക്കുള്ള ഇടമാണ് ഹജ്ജ്. അവിടെ നിന്ന് വൈറസ് അസുഖങ്ങളും മറ്റും പകരാതിരിക്കാന്‍ ഒരു പരിധി വരെ മാസ്‌ക് സഹായിക്കുന്നു. അവിടെ പുറത്തേക്ക് ഇറങ്ങുന്ന് വേളയിലും മാസ്‌ക് ധരിക്കുക.
ഹജ്ജ് വോളണ്ടിയര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. ധാരാളം വെള്ളം കുടിക്കുക. ഭക്ഷണ ക്രമത്തിലും ശ്രദ്ധിക്കുക.