വയറുവേദനയുമായി എത്തിയ സ്ത്രീയുടെ വയറ്റില്‍ നിന്നു കണ്ടെത്തിയത് ആറ് സെന്റിമീറ്റര്‍ നീളമുള്ള മീന്‍മുള്ള്. കോട്ടയം തൃക്കൊടിത്താനം സ്വദേശി വല്‍സമ്മ ബാബുവിന്റെ വയറ്റിലാണ് മീന്‍മുള്ള് കുടുങ്ങിയത്. ഇതാകട്ടെ, ആമാശയം തുരന്ന് കരളില്‍ തറച്ച നിലയിലായിരുന്നു.
ഏകദേശം ഒരു മാസം മുന്‍പാണ് ഇവര്‍ വയറുവേദനയുമായി കോട്ടയം ഭാരത് ആശുപത്രിയിലെത്തിയത്. ക്ലിനിക്കല്‍ പരിശോധനയ്ക്കു ശേഷം നടത്തിയ എന്‍ഡോസ്‌കോപ്പിയില്‍ ഗ്യാസ്‌ട്രൈറ്റിസ് ആയിക്കണ്ടു. ഗ്യാസ്‌ട്രൈറ്റിസിനുള്ള ചികിത്സ നടത്തിയിട്ടും രോഗിക്ക് വയറുവേദനയില്‍ കുറവുണ്ടായില്ല. അതിനാല്‍ത്തന്നെ സിടി സ്‌കാന്‍ നിര്‍ദ്ദേശിച്ചു. സ്‌കാനിങ്ങില്‍ എന്തോ തടഞ്ഞതായി മനസ്സിലായി. തുടര്‍ന്ന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ മീന്‍മുള്ള് പുറത്തെടുക്കുകയായിരുന്നെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍മാരിലൊരാളായ ഡോ.ബിബിന്‍ പി. മാത്യു പറഞ്ഞു.
നാലരമാസം മുന്‍പ് ബൈപാസ് ശസ്ത്രക്രിയ ഇവര്‍ക്കു നടത്തിയിരുന്നു. ഹൈപ്പര്‍ തൈറോയ്ഡിസവുമുണ്ട്. അതിനാല്‍ത്തന്നെ വിശപ്പ് കൂടുതലാണ്. ആഹാരം ചവച്ചു കഴിക്കാതെ ഒറ്റയടിക്ക് വിഴുങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്. വറ്റ മീന്‍ കഴിച്ചതായി ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ മീന്‍മുള്ള് അകത്തുപോയത് രോഗി അറിഞ്ഞിരുന്നില്ല. വിഴുങ്ങിയതിനിടയില്‍ വെര്‍ട്ടിക്കലി ഇറങ്ങിപ്പോയതാകാനാണ് സാധ്യത. ശസ്ത്രക്രിയയ്ക്കു ഡോ.ബിബിന്‍ പി. മാത്യു, ഡോ. കെ. കിരണ്‍, ഡോ. മുരളീകൃഷ്ണന്‍, ഡോ. അനൂപ് സി.ഹരിദാസ്, ഡോ.ജ്യോതിഷ് ജോര്‍ജ്, ഡോ.രാജി കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കിയെന്നു ഭാരത് ആശുപത്രി ഡയറക്ടര്‍ ഡോ.വിനോദ് വിശ്വനാഥന്‍ പറഞ്ഞു.