ഇനിയും യോഗ ചെയ്ത് തുടങ്ങാത്തവര്‍ ശരീര കാര്യങ്ങളില്‍ അത്രമേല്‍ അശ്രദ്ധരാണെന്ന് അറിയപ്പെട്ട് തുടങ്ങും. കാരണം യോഗ അത്രമേല്‍ മനുഷ്യന് ഗുണം ചെയ്യുന്ന വ്യായാമ മുറകളാണ്. മനസ്സിനെ ഏകാഗ്രമാക്കി വെയ്ക്കാനുള്ള കഴിവുണ്ടെങ്കില്‍ എവിടെ വെച്ചും ചെയ്യാവുന്ന ഒന്നാണ് യോഗ എന്നതാണ് നേര്. ഓഫീസിലിരുന്ന് പോലും പത്ത് മിനിറ്റു കൊണ്ട് മനസിനെ ശാന്തമാക്കാവുന്ന തരത്തിലുള്ള യോഗാസനങ്ങള്‍ പോലും ഇപ്പോള്‍ പോപ്പുലറാണ്.
പഠനത്തിലും ജോലിയിലും കൂടുതല്‍ ശ്രദ്ധിക്കാനും ഏകാഗ്രതോടെ ചെയ്യുന്ന ജോലികളില്‍ വ്യാപൃതരാകാനും യോഗ സഹായിക്കും. ഇങ്ങനെ പല തരത്തിലാണ് യോഗയുടെ ഗുണഗണങ്ങള്‍ വിവരിക്കപ്പെടുന്നത്. വളരെ ലളിതമായി ചെയ്യാവുന്നതും എളുപ്പത്തില്‍ ഫലം കിട്ടുന്നതുമായ ചില യോഗാസനങ്ങള്‍ താഴെ കൊടുക്കുന്നു.
വൃക്ഷാസനം
ഈ യോഗാസനം ചെയ്യുന്ന ഒരാള്‍ കാഴ്ചയില്‍ വൃക്ഷത്തെപ്പോലെ ഉണ്ടാകും. അതുകൊണ്ടാണ് ഈ പേരില്‍ അറിയപ്പെടുന്നത്. നിവര്‍ന്ന് നില്ക്കുക. കൈകളുടെ സഹായത്തോടെ വലതുകാല്‍ ഇടത് തുടയില്‍ വിരലുകള്‍ താഴോട്ടായി ചേര്‍ത്തു വെയ്ക്കുക. ബാലന്‍സ് ചെയ്ത ശേഷം ഇരുകൈകളും തലയ്ക്ക് മുകളില്‍ ചേര്‍ത്ത് കൂപ്പിവെയ്ക്കുക. നെഞ്ചില്‍ കൂപ്പി വെച്ചാലും കുഴപ്പമില്ല. ആദ്യഘട്ടങ്ങളില്‍ വളരെ കുറച്ച് നേരമാകും തുടര്‍ച്ചയായി ചെയ്യാനാകുക. സമയം പതുക്കെ കൂട്ടാന്‍ നോക്കുക.
സൂര്യനമസ്കാരങ്ങള്‍
നിവര്‍ന്ന് നിന്ന് കൈകള്‍ നെഞ്ചില്‍ കൂപ്പി വെയ്ക്കുക. സാധാരണ നിലയില്‍ ശ്വാസമെടുക്കുക. ഇത് സ്ഥിതിയെന്നാണ് വിളിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഹസ്ത ഉത്ഥാനാസനം. നിവര്‍ന്ന് നിന്ന് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി തല പരമാവധി പുറകിലേക്ക് കൊണ്ടുപോകുന്നതാണ് ഈ ആസനം. അടുത്ത ഘട്ടം പാദ ഹസ്താസനമാണ്. നിവര്‍ന്ന് നിന്ന് കൈകളും തലയും താഴ്ത്തുക. കൈപ്പത്തി പാദങ്ങളുടെ ഇരു ഭാഗത്തും തറയില്‍ പതിക്കുക. കാല്‍മുട്ട് മടക്കാതെ വേണം ഇതൊക്കെ ചെയ്യാന്‍. കാല്‍മുട്ട് മടക്കാതെ തന്നെ നെറ്റി കാല്‍മുട്ടില്‍ തൊടുവിക്കുക.
അശ്വസഞ്ചലനാസനമാണ് നാലാത്തെ ഘട്ടം. മൂന്നാമത്തെ അവസ്ഥയുടെ തുടര്‍ച്ചയാണ് ഈ ആസനം. കുനിഞ്ഞ് നിന്ന് കൈപ്പത്തി പാദങ്ങളുടെ ഇരുഭാഗത്തും തറയില്‍ പതിപ്പിച്ച അവസ്ഥയില്‍ നിന്ന് വലതുകാല്‍ പിന്നിലേക്ക് നീട്ടി കാല്‍വിരലുകള്‍ കുത്തിവെച്ച് കാല്‍മുട്ട് മടക്കി തറയില്‍ പതിക്കുക. അപ്പോള്‍ ഇടതു കാല്‍മുട്ട് നെഞ്ചില്‍ തൊട്ടിരിക്കണം.
യോഗമുദ്ര
പേശികള്‍ക്ക് ദൃഢത ലഭിക്കാന്‍ ചെയ്യുന്ന ആസനങ്ങളിലൊന്ന്. പത്മാസനത്തിലിരുന്നാണ് ഇത് ചെയ്യേണ്ടത്. മറ്റ് യോഗാസനങ്ങള്‍ ചെയ്ത ശേഷമാണ് സാധാരണ ഗതിയില്‍ ഇത് ചെയ്യുന്നത്. ഇത് ചെയ്യാന്‍ ആദ്യം ചെയ്യേണ്ടത് പത്മാസനത്തില്‍ ഇരിക്കുകയാണ്. കാല് നീട്ടിയിരുന്ന്, വലതുകാല്‍ മടക്കി ഇടതുതുടയില്‍ മലര്‍ത്തി വെയ്ക്കുക. ഇടതുകാല് വലതു തുടയിലും. പത്മാസനത്തില്‍ ഇരുന്ന ശേഷം ഇരുകൈകളും പിന്നിലേക്ക് എടുക്കുക. ചുരുട്ടി പിടിച്ച വലതു കൈയുടെ മണിബന്ധത്തില്‍ ഇടതുകൈ കൊണ്ട് പിടിക്കുക. ഇതിനുശേഷം തല മുന്നോട്ടാഞ്ഞ് നിലത്ത് മുട്ടിക്കുക. ശ്വാസമെടുത്ത് വേണം ഇത് ചെയ്യാന്‍. വയറ് നിങ്ങളുടെ കാലില്‍ അമര്‍ന്നിരിക്കും. പിന്നീട് കഴുത്ത് നിലത്ത് മുട്ടിക്കാന്‍ നോക്കുക. ഇങ്ങനെ 10-20 സെക്കന്റ് ചെയ്താല്‍ മതിയാകും. മൂന്നാല് മിനിറ്റു നേരം ഇത് ആവര്‍ത്തിക്കുക.
പുരുഷന്മാര്ക്കുള്ള യോഗ
നിത്യേന യോഗ ചെയ്താല്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ ഗുണം ലഭിക്കും. എന്നാല്‍ സ്ത്രീ, പുരുഷന് എന്നിങ്ങനെ ലഭിക്കുന്ന ഗുണങ്ങളില്‍ നേരിയ വ്യത്യാസം വരുമെന്ന് മാത്രം. പുരുഷന് ബീജങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ വരെ യോഗ കാരണമാകും. ബീജങ്ങളുടെ ആരോഗ്യമില്ലായ്മ പരിഹരിക്കാന്‍ സഹായിക്കും എന്നതാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
മരുന്ന് സഞ്ചിയോട് ബൈ പറയാം
യോഗ ശീലിച്ചാല്‍ നിത്യവും കൊണ്ട് നടക്കുന്ന മരുന്ന് സഞ്ചിയോട് ബൈ പറയാം എന്നതാണ് പ്രത്യേകത. ഇന്ന് കാണുന്ന പല ജീവിതശൈലി രോഗങ്ങള്‍ക്കും യോഗ ചിട്ടയായി പരിശീലിച്ചാല്‍ മരുന്നിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കാനാകും.
വീട്ടുവളപ്പിലെ പച്ചക്കറി കഴിച്ച കാലമൊക്കെ ഇല്ലാതായ നമ്മള് ഇന്ന് ജീവിതശൈലി രോഗങ്ങളുടെ പിടിയിലാണ്. നഗരങ്ങളിലെ മനുഷ്യരുടെ അവസ്ഥ പരിതാപകരമാണ്. രോഗാതുരമായ അന്തരീക്ഷത്തിലാണ് ജോലിയും ജീവിതവുമൊക്കെ. ഇതില്‍ നിന്നുള്ള പരിഹാരമായി യോഗയെ കാണാവുന്നതാണ്. യോഗ പ്രാക്ടീസ് ചെയ്താല്‍ നിരന്തരം അലട്ടുന്ന പ്രശ്നങ്ങളില്‍നിന്ന് മുക്തി നേടാം.