സാധാരണയായി പുകവലിക്കാരില്‍ കാണുന്ന അസുഖമാണ് സിഒപിഡി. എന്നാല്‍ ചെറിയ തോതില്‍ മറ്റുള്ളവരിലും ഈ രോഗം കണ്ടു വരുന്നു. പുകയും പൊടിയുമായി നിത്യബന്ധമുള്ളവര്‍, വീട്ടമ്മമാര്‍, പാചകക്കാര്‍ ചെറുപ്പത്തില്‍ ദീര്‍ഘകാലം ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നവര്‍ എന്നിവര്‍ക്കും ഈ രോഗം പിടിപെട്ടേക്കാം.
ലക്ഷണങ്ങള്‍
1. കിതപ്പാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. നിത്യജീവിതത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്ക് പോലും കിതപ്പ് അനുഭവപ്പെടുന്നു. കോണി കയറുമ്പോഴും നടക്കുമ്പോഴും ഉച്ചത്തില്‍ സംസാരിക്കുമ്പോഴുമെല്ലാം കിതപ്പുണ്ടാകും.
2. ചുമയാണ് മറ്റൊരു ലക്ഷണം. ചുമയില്‍ ധാരാളമായി കഫം കാണപ്പെടും.
3. വലിവ്
ഇവ പ്രാഥമിക ലക്ഷണങ്ങളാണ്. രോഗം മൂര്‍ഛിക്കുന്ന അവസ്ഥയില്‍ ചിലപ്പോള്‍ ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തെയും മറ്റുള്ള അവയവങ്ങളെയും ബാധിക്കാം. കാലില്‍ നീര്, ചുണ്ടിനും വിരലിനും കറുപ്പ് നിറം, എപ്പോഴും ശ്വാസം മുട്ടായതിനാല്‍ രോഗിക്ക് തീരെ അനങ്ങാന്‍ കഴിയാതെ വരുന്ന അവസ്ഥ എന്നിവയും രോഗം മൂര്‍ഛിക്കുന്നതിനനുസരിച്ച് ഉണ്ടാകാം. രോഗം വര്‍ധിച്ച് അവസാനം സിഒപിഡി എന്ന അവസ്ഥയിലെത്തിച്ചേരുമ്പോള്‍ നീര്‍ക്കെട്ട്, തീരെ അനങ്ങാന്‍ വയ്യാതാകുക, അനങ്ങിയാലുടന്‍ ശ്വാസം മുട്ടുക, ശരീരം നീല നിറമാകുക, ഹൃദയത്തെ ബാധിക്കുക, ശ്വാസകോശത്തില്‍ പഴുപ്പ്, ന്യുമോണിയ എന്നീ പ്രയാസങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
രോഗനിര്‍ണ്ണയം
ഇത്തരം ലക്ഷണങ്ങളുള്ള രോഗിയോട് മുന്‍പ് ആസ്ത്മ ഉണ്ടായിരുന്നോ എന്നാണ് ഒരു ഡോക്ടര്‍ ആദ്യം ചോദിക്കേണ്ടത്. ആസ്ത്മ മൂര്‍ഛിക്കുന്ന അവസ്ഥയിലും ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാം എന്നതാണ് ഇതിനു കാരണം. എപ്പോഴും പഴുപ്പും ചോരയും തുപ്പുന്ന അസുഖമായ ബ്രോങ്കിറ്റാസിസിന്റെ ഭാഗമായും ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാമെന്നതിനാല്‍ അതും കണ്ടെത്തണം. മുന്‍പ് ടിബി ഉണ്ടായിരുന്നതിന്റെ ഫലമായി ശ്വാസകോശത്തിന് പ്രശ്നമുണ്ടായിരുന്നവര്‍ക്കും ഇങ്ങനെ വരാം.
മുന്‍പ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ, പുകവലിയുണ്ടോ, ഉണ്ടെങ്കില്‍ എത്ര കാലമായി തുടങ്ങിയ വിവരങ്ങളും കണ്ടെത്തണം. സിഒപിഡി ഉള്ളവരുടെ ശ്വാസകോശം വികസിക്കുകയാണ് ചെയ്യുന്നത്. ശ്വാസകോശം ക്രമാതീതമായി വികസിക്കുന്നത് ശ്വസനത്തിന് പ്രയാസമുണ്ടാക്കുന്നു. ശ്വാസകോശത്തിന്റെ വികാസം അറിയാന്‍ എക്സ്-റേ എടുത്ത് നോക്കുകയാണ് പതിവ്. ശ്വാസകോശത്തില്‍ ശ്വാസം കടന്നുപോകുന്നതിന്റെ അളവ് കണ്ടെത്തി ശ്വസനത്തിനു പ്രയാസം ഉണ്ടോ എന്നു മനസ്സിലാക്കുന്നതിന് പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് എന്ന പരിശോധനയും നടത്തി വരുന്നു.
ചികിത്സ
രോഗിയും കുടുംബത്തിലുള്ളവരും പുകവലി നിര്‍ത്തുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. വിറകടുപ്പുകളും മറ്റും ഉപയോഗിക്കുന്നതും പുകയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കുക. ഭക്ഷണ കാര്യത്തിലും പ്രത്യേകശ്രദ്ധ നല്‍കേണ്ടതുണ്ട്. അന്നജം കൂടുതലങ്ങിയ ഭക്ഷണവും മധുരവും കൂടുതലായി കഴിക്കരുത്. രോഗിക്ക് ശ്വാസമെടുക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായതിനാല്‍ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ ആവശ്യത്തിന് ലഭിക്കണം.
ഇന്‍ഹെയ്ലര്‍ അഥവാ റോട്ടാകാപ്സ് ആണ് ഈ രോഗികള്‍ക്ക് പൊതുവായി നല്‍കുന്ന ചികിത്സ. ഇന്‍ഹെയ്ലര്‍ കൂടുതല്‍ കാലം ഉപയോഗിക്കേണ്ടി വരും. ഇന്‍ഹെയ്ലര്‍ കൂടുതല്‍ കാലം ഉപയോഗിച്ചാല്‍ ആസക്തിയുണ്ടാകുമെന്നത് തെറ്റായ ധാരണയാണ്. ഇന്‍ഹെയ്ലര്‍ ആസക്തിയോ അവയവങ്ങള്‍ക്ക് കേടുപാടുകളോ ഉണ്ടാക്കുന്നില്ല. രോഗിക്ക് വലിക്കാന്‍ പാകത്തിലുള്ള യന്ത്രസംവിധാനങ്ങള്‍ കൂടി ചേര്‍ത്തു വേണം ഇന്‍ഹെയ്ലര്‍ ഉപയോഗിക്കാന്‍.
തിയോഫൈലിന്‍, അസിബ്രോഫൈലിന്‍ പോലുള്ള മരുന്നുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. അണുബാധയുണ്ടെങ്കില്‍ ആന്റിബയോട്ടിക് ഉപയോഗിക്കണം. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കാണെങ്കില്‍ ഡോസ് കുറഞ്ഞ സ്റ്റിറോയിഡ് ഉപയോഗിക്കുന്നതിലും കുഴപ്പമില്ല. രോഗിക്ക് ഓക്സിജന്റെ കുറവുണ്ടെങ്കില്‍ വീടുകളില്‍ ഉപയോഗിക്കുന്ന ഓക്സിജന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടി വരും. വളരെ അത്യാവശ്യമാണെങ്കില്‍ വീടുകളില്‍ ഉപയോഗിക്കുന്ന വെന്റിലേറ്റര്‍ സംവിധാനങ്ങളും വേണ്ടി വരും.
മൂര്‍ധന്യാവസ്ഥ കുറഞ്ഞു കഴിഞ്ഞ് ഇന്‍ഹെയ്ലര്‍ മരുന്നുകള്‍ മാത്രം സ്ഥിരമായി ഉപയോഗിക്കണം. ഡയറ്റ് ശ്രദ്ധിക്കുകയും, ചെറുതായി നടക്കുന്നതു പോലെയുള്ള വ്യായാമങ്ങള്‍ ചെയ്യുകയും വേണം. മസിലുകളുടെ ശക്തി കൂട്ടുന്നത് രോഗിയെ ശ്വസനത്തിന് സഹായിക്കും. ഫിസിയോതെറാപ്പിയും ഒരു നല്ല മാര്‍ഗമാണ്. അസിസ്റ്റഡ് ബ്രീത്തിങ് ടെക്നിക് രോഗിയെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്ന അവസ്ഥയിലെത്തിക്കും.
സിഒപിഡി രോഗികള്‍ക്ക് മറ്റു രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഹൃദയസംബന്ധിയായ രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇടയ്ക്കിടെ കൊഴുപ്പുണ്ടോ എന്നു പരിശോധിക്കുന്നതും ന്യുമോണിയ സാധ്യത ഇല്ലാതാക്കാന്‍ കൃത്യമായി വാക്സിന്‍ എടുക്കുന്നതും നല്ല പ്രതിരോധ മാര്‍ഗങ്ങളാണ്. ഇവര്‍ക്ക് വൈറല്‍ രോഗങ്ങള്‍ വരാനും സാധ്യതയുണ്ട്. ഫ്ളൂ പിടിപെട്ടാല്‍ മരണം വരെ ഉണ്ടായേക്കാം. അതിനാല്‍ എല്ലാ വര്‍ഷവും വാക്സിന്‍ എടുക്കാന്‍ പ്രത്യേക ജാഗ്രത കാണിക്കണം.
പുകവലി ഉപേക്ഷിച്ചും ആരോഗ്യകരമായ തൊഴിലിടങ്ങള്‍ സൃഷ്ടിച്ചും പുകയും പൊടിയുമായുള്ള ബന്ധം പരമാവധി ഒഴിവാക്കിയും സിഒപിഡി എന്ന അസുഖത്തെ പരമാവധി ചെറുത്തുനില്‍ക്കാം. അസുഖം വന്നാലുടന്‍ ചികിത്സ തേടേണ്ടതും ആവശ്യമാണ്.