spot_img

ഗര്‍ഭാശയ കാന്‍സര്‍: കാരണങ്ങളും പ്രതിവിധിയും

ഓരോ വര്‍ഷവും ലോകത്താകമാനം മൂന്നു ലക്ഷം സ്ത്രീകള്‍ സെര്‍വിക്കല്‍ കാന്‍സറിനെ (ഗര്‍ഭാശയ കാന്‍സര്‍) തുടര്‍ന്ന്  മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഞ്ചു ലക്ഷം പുതിയ സെര്‍വിക്കല്‍ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന അര്‍ബുദമാണിത്. 

സ്തനാര്‍ബുദം പോലെ ഗര്‍ഭാശയഗള കാന്‍സറിനെക്കുറിച്ച് അധികം പേര്‍ക്കും അവബോധമില്ലാത്തത് അതിന്റെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പലരെയും തടയുന്നു. ഹ്യൂമന്‍ പാപിലോമ വൈറസാണ് (എച്ച്പിവി) 77 ശതമാനം സെര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്. 70 ശതമാനം സെര്‍വിക്കല്‍ കാന്‍സറും എച്ച്പിവി 16, എച്ച്പിവി 18 എന്നീ വൈറസുകള്‍ മൂലമാണ് ഉണ്ടാകുന്നത്.

80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാലിലോമ വൈറസ് അണുബാധ ഉണ്ടാകാം. എന്നാല്‍ അണുബാധമൂലം സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാവുന്നത് 15 മുതല്‍ 20 വര്‍ഷം വരെ സമയമെടുത്താണ്. പ്രതിരോധശേഷി കുറഞ്ഞവരില്‍ അഞ്ചു മുതല്‍ പത്തു വര്‍ഷംകൊണ്ടും ഇതുവരാം.

ഈ വൈറസുകള്‍ സെര്‍വിക്കല്‍ കാന്‍സറിനു മാത്രമല്ല, മലദ്വാരത്തിലും വായിലും തൊണ്ടയിലുമുള്ള കാന്‍സറിനും കാരണമായേക്കാം. 

നേരത്തേ കണ്ടെത്തി പ്രതിരോധിക്കാവുന്ന കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് കാന്‍സറിനു കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിന് 10-15 വര്‍ഷം മുമ്പു തന്നെ കാന്‍സറിനു കാരണമാകുന്ന കോശമാറ്റങ്ങള്‍ ഗര്‍ഭാശയഗളത്തില്‍ നടക്കും. അതുകൊണ്ട് സ്‌ക്രീനിങ്ങിലൂടെ കോശമാറ്റങ്ങള്‍ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും. ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുക, രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുള്ള ദിവസങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക എന്നിവ ഗര്‍ഭാശയഗള കാന്‍സറിന്റെ ലക്ഷണങ്ങളാവാം. കൂടാതെ പുകവലി, വൃത്തിക്കുറവ്, പ്രതിരോധശേഷിക്കുറവ്, പോഷകാഹാരക്കുറവ് എന്നിവയും ചിലപ്പോള്‍ സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകാറുണ്ട്. ക്രമാതീതമായി ഭാരം കുറയുക, കാല്‍പ്പാദത്തിലെ വേദന, വയറ്റില്‍ തുടരെയുള്ള വേദന, പുറംവേദന എന്നിവയെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളാവാം. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ സ്‌ക്രീനിങ്ങ് നടത്തണം. പാപ്സ്മിയര്‍ എന്നറിയപ്പെടുന്ന പരിശോധനയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള പ്രധാന സ്‌ക്രീനിങ്ങ്. വേദനയോ പാര്‍ശ്വഫലങ്ങളോ ഇല്ലാതെ വളരെ പെട്ടെന്ന് ചെയ്യാവുന്ന പരിശോധനയാണിത്.

നേത്രങ്ങള്‍ കൊണ്ട് ഗര്‍ഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യപടി. പിന്നീട് ഗര്‍ഭാശയമുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങള്‍ സ്പാറ്റുല എന്ന ഉപകരണം കൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളില്‍ മാറ്റങ്ങളുണ്ടോ എന്ന് കണ്ടെത്തും. പാപ്സ്മിയറില്‍ എന്തെങ്കിലും പ്രകടമായ മാറ്റങ്ങള്‍ കണ്ടാല്‍ കോള്‍പ്പോസ്‌കോപ്പി പരിശോധന നടത്തണം. എച്ച്പിവി ടെസ്റ്റും സ്‌ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്ന എച്ച്പിവി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടു വര്‍ഷം മുതല്‍ പാപ്സ്മിയര്‍ നടത്താം. ആദ്യ മൂന്നു വര്‍ഷത്തില്‍ ഓരോ തവണയും, പിന്നീട് 65 വയസ്സു വരെ മൂന്നു വര്‍ഷത്തിലൊരിക്കലും പരിശോധന നടത്തുന്നത് നല്ലതാണ്. 

പാപ്സ്മിയര്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പരിശോധനയാണ്. ഗര്‍ഭാശയമുഖത്തെ കോശങ്ങള്‍ക്ക് എന്തെങ്കിലും മാറ്റമുണ്ടോ, കാന്‍സര്‍ ഉണ്ടോ, കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയാന്‍ കഴിയും. 

ഗര്‍ഭാശയ കാന്‍സര്‍ വരാതിരിക്കാനുള്ള പ്രധാന മാര്‍ഗം പ്രതിരോധ കുത്തിവെയ്പ് ആണ്. ലോകാരോഗ്യ സംഘടന ഈ കുത്തിവെയ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഒന്‍പതിനും പതിമ്മൂന്ന് വയസ്സിനുമിടയില്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. ആറു മാസത്തിനുള്ളില്‍ മൂന്നെണ്ണമായിട്ടാണ് ഇവ എടുക്കുന്നത്. 

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം പോലെയുള്ള സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും പുകയില ഉപയോഗം കുറക്കുകയും കൃത്യമായ ഇടവേളകളില്‍ രോഗനിര്‍ണ്ണയം നടത്തുകയുമാണ് മറ്റു പ്രതിരോധ മാര്‍ഗങ്ങള്‍.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.